പതിനേഴാം വയസിൽ കമ്യൂണിസ്റ്റായ ലോറൻസിന് പാർട്ടി പറയുന്നതായിരുന്നു നയവും ആശയവും
എം.എം. ലോറൻസ് എന്ന നേതാവിനെ വിശേഷിപ്പിക്കാൻ ഒരേ ഒരു പ്രയോഗമേയുള്ളു. 'അടിമുടി കമ്മ്യൂണിസ്റ്റ്' എന്ന ആ വിശേഷണം തൊണ്ണൂറ്റിയഞ്ചാം വയസില്‍ മരണം വരെ തുടർന്നു. . അനീതികൾക്കെതിരെ രോഗശയ്യയില്‍ നിന്നുപോലും പ്രസ്താവനകൾ പുറത്തിറക്കിയിരുന്നു ലോറൻസ്. എതിർപ്പു കണ്ടാൽ പാർട്ടിക്കുള്ളിലുള്ളവരോടും പുറത്തുള്ളവരോടും നിശിതമായി തന്നെ അവസാനകാലത്തും പ്രതികരിക്കുകയും ചെയ്തു.
പതിനേഴാം വയസിൽ കമ്യൂണിസ്റ്റായ ലോറൻസിന് പാർട്ടി പറയുന്നതായിരുന്നു നയവും ആശയവും. സായുധ വിപ്ലവമാണ് മാർഗം എന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചപ്പോളാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം. നടത്തിയതും നടപ്പാക്കിയതും ലോറൻസ് എന്ന ചെറുപ്പക്കാരൻ. പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധങ്ങൾ എടുത്ത് തലസ്ഥാനത്തെത്തി അധികാരം പിടിക്കുക എന്നായിരുന്നു ലക്ഷ്യം. ചൈനയിൽ മാവോയുടെ നേതൃത്വത്തിൽ മുന്നേറ്റം നടന്ന അതേ സമയത്തു തന്നെയാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ലോറൻസ് ആക്രമിച്ചത്. പരാജയപ്പെട്ട ആ ആക്രമണത്തിന്‍റെ ശിക്ഷ 22 മാസത്തെ ജയിൽവാസം. ഗരുഡൻ പറവ നടത്തിയും ഉലക്ക ഉരുട്ടിയും നഖം പിഴുതും ഉള്ള പൊലീസ് അതിക്രമങ്ങൾ. അതെല്ലാം ജയിൽമോചനം കിട്ടുന്ന കാലത്തോളം തുടർന്നു.
Also Read: ഓർമകളിലേക്ക് ഇരച്ചെത്തുന്ന ലോറൻസും ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണവും...
ജയിലിൽ നിന്നിറങ്ങിയ ലോറൻസ് പിന്നെ പാർട്ടിയുടെ ജനാധിപത്യ രീതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി. 1964ൽ സിപിഐഎം രൂപീകരിക്കുമ്പോൾ മുതൽ സംസ്ഥാന കമ്മിറ്റിയിൽ. 1986 മുതൽ കേന്ദ്ര കമ്മിറ്റിയിൽ. 1998ൽ ആണ് സിപിഐഎം ജീവിതത്തിന് ഇടവേള വരുന്നത്. കേന്ദ്ര കമ്മിറ്റിയിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും ലോറൻസ് പുറത്തായി. അച്യുതാനന്ദനും സിഐടിയു സംഘവുമായുള്ള ആ പാലക്കാട് ഏറ്റുമുട്ടലിൽ വീണതോടെ ഉദിച്ചുയർന്നത് സിഐടിയു സംസ്ഥാന സെക്രട്ടറിയായി. 1998 മുതൽ 2013 വരെ സിഐടിയുവിന്‍റെ സംസ്ഥാന സെക്രട്ടറി മാത്രമല്ല ദേശീയ വൈസ് പ്രസിഡന്‍റുമായി. 1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിൽ. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ഇടുക്കിയിൽ നിന്നുള്ള അപൂർവ ജയം.
Also Read: നേതാവ്, വിപ്ലവകാരി... എം.എം. ലോറന്‍സിനെ അനുസ്മരിച്ച് സിപിഎം നേതാക്കള്‍
അച്യുതാനന്ദനൊപ്പമോ അതിനു മുൻപോ സംസ്ഥാന മുഖ്യമന്ത്രി ആകും എന്നു കരുതിയ നേതാക്കളിൽ ഒരാളായിരുന്നു എം.എം. ലോറൻസ്. ടി.കെ. രാമകൃഷ്ണനു മുൻപ് മന്ത്രിയാകുമെന്നും ഒപ്പമുള്ളവർ കരുതിയിരുന്നു. സ്വന്തം നിലപാടുകളിലെ കടുപ്പവും തുറന്നടിച്ചുള്ള പ്രയോഗങ്ങളും ലോറൻസിനെ അപ്രിയനാക്കി. അപ്പോഴും തൊഴിലാളികൾക്ക് കേരളത്തിൽ ഒരു നേതാവേ ഉണ്ടായിരുന്നുള്ളു. അത് എം എം ലോറൻസ് ആയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ സിഐടിയുവിന്‍റെ സംഘടനാ ശേഷിയും ആത്മാഭിമാനവും വളർത്തിയെടുത്തത് എം എം ലോറൻസിന്‍റെ നേതൃപാടവമാണ്.