fbwpx
'മദ്രസകള്‍ അടച്ചുപൂട്ടാന്‍ പറഞ്ഞിട്ടില്ല, ധനസഹായം നിർത്താനാണ് ശുപാർശ നല്‍കിയത്'; നിലപാട് വ്യക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Oct, 2024 06:05 PM

എല്ലാ കുട്ടികൾക്കും തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾക്കായാണ് വാദിക്കുന്നതെന്നും പ്രിയങ്ക് കനൂംഗോ കൂട്ടിച്ചേർത്തു

NATIONAL


മദ്രസകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ. എന്നാൽ പാവപ്പെട്ട മുസ്‌ളീം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാൽ മദ്രസകൾക്കുള്ള സംസ്ഥാന ധനസഹായം നിർത്താനാണ് ശുപാർശ ചെയ്തതെന്നും കനൂംഗോ വ്യക്തമാക്കി.  

വിദ്യാഭ്യാസത്തിൽ എല്ലാ കുട്ടികൾക്കും തുല്യമായ അവസരം ലഭിക്കണം. മതേതര വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനു പകരം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള മുസ്ലീം കുട്ടികളെ സമ്മർദ്ദപൂർവം മതപഠനത്തിന് പ്രേരിപ്പിക്കുന്നു എന്നും കനൂംഗോ പറഞ്ഞു. എല്ലാ കുട്ടികൾക്കും തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾക്കായാണ് വാദിക്കുന്നതെന്നും പ്രിയങ്ക് കനൂംഗോ കൂട്ടിച്ചേർത്തു. 

മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ച കനൂംഗോ, ദരിദ്രരായ മുസ്ലീം സമുദായത്തിൻ്റെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം രാജ്യത്തുണ്ടെന്ന് വിമർശിച്ചു.

"നമ്മുടെ രാജ്യത്ത് മുസ്ലീങ്ങളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗമുണ്ട്. ശാക്തീകരിക്കപ്പെട്ട സമൂഹങ്ങൾ ഉത്തരവാദിത്തവും തുല്യാവകാശങ്ങളും ആവശ്യപ്പെടുമെന്ന വിചാരമാണ് അവരുടെ ഭയം," കനൂംഗോ പറഞ്ഞു. എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ തടസം നേരിടുന്നതിന്‍റെ പ്രാഥമിക കാരണവും ഇതാണെന്ന് കനൂംഗോ അഭിപ്രായപ്പെട്ടു.

Also Read: മദ്രസകൾ പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ നിർദേശം ഭരണഘടനാ വിരുദ്ധം, കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും: ഹുസൈൻ മടവൂർ


ദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള മുസ്ലീം കുട്ടികള്‍ക്ക് മതപഠനം നടത്താന്‍ സമ്മർദമുണ്ടെന്നും കനൂംഗോ വിമർശിച്ചു.

"എന്തിനാണ് നമ്മുടെ ദരിദ്രരായ മുസ്‌ളീം കുട്ടികളെ സ്‌കൂളുകൾക്ക് പകരം മദ്രസകളിലേക്ക് പോകാൻ നിർബന്ധിക്കുന്നത് ? ഈ നയവ്യതിയാനം അവരുടെ മേലുള്ള അന്യായമായ ഭാരം എടുത്തുമാറ്റുന്നു," കനൂംഗോ അഭിപ്രായപ്പെട്ടു.

പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് സമുദായങ്ങളുടെ പങ്കാളിത്ത നിരക്ക് എടുത്തുകാട്ടിയ കനൂംഗോ. പങ്കാളിത്തമില്ലായ്മ മുസ്‌ളീം വിദ്യാർഥികളുടെ അക്കാദമിക നേട്ടങ്ങളെ തടസപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

" ഉന്നതവിദ്യാഭ്യാസത്തിൽ 13 മുതൽ 14 ശതമാനം വരെ വിദ്യാർഥികൾ പട്ടികജാതി വിഭാഗത്തില്‍ (എസ്‌സി) നിന്നും , അഞ്ച് ശതമാനത്തിലധികം പട്ടികവർഗ (എസ്‌ടി) വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. എസ്‌സി, എസ്ടി വിദ്യാർഥികൾ മൊത്തത്തില്‍ 20 ശതമാനം വരും. ഉന്നതവിദ്യാഭ്യാസം നേടുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) 37 ശതമാനമാണ്. അപ്പോഴും മുസ്ലീങ്ങൾ ഉന്നതവിദ്യാഭ്യാസത്തിൽ അഞ്ച് ശതമാനം മാത്രമായി തുടരുന്നു," അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ അസമത്വങ്ങൾ നിലനിർത്തിയതില്‍ മുസ്ലീം സമുദായത്തിൽ നിന്നുള്ള മുൻ വിദ്യാഭ്യാസ മന്ത്രിമാർ പങ്കുവഹിച്ചെന്നും കനൂംഗോ വിമർശിച്ചു. ഇവരെ 'വെള്ളാനകള്‍' എന്നാണ് കനൂംഗോ പരാമർശിച്ചത്.

Also Read: മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം: പ്രതിഷേധം ഉയരുന്നു; കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശനം

"ഈ മന്ത്രിമാർ മദ്രസകള്‍ക്കായി നിലകൊള്ളുകയും മുസ്‌ളീം കുട്ടികളെ സ്ഥിര വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും അങ്ങനെ അവരുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ഫലപ്രദമായി ഇല്ലാതാക്കുകയും ചെയ്തു," കനൂംഗോ പറഞ്ഞു.

മദ്രസ വിദ്യാർഥികളെ മുഖ്യധാരാ സ്കൂളുകളുമായി സമന്വയിപ്പിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും പ്രിയങ്ക് കനൂംഗോ സംസാരിച്ചു.

"രേഖപ്പെടുത്താത്ത മദ്രസകൾ രേഖപ്പെടുത്തി, കുട്ടികളെ സ്കൂളുകളിൽ ചേർക്കാനും ഞങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ചെറുത്തു നിൽക്കുമ്പോൾ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചു. ഗുജറാത്തിൽ മാത്രം 50,000ത്തിലധികം കുട്ടികളെ എതിർപ്പുകൾ മറികടന്ന് സ്കൂളില്‍ ചേർത്തിട്ടുണ്ട്," കനൂംഗോ വിശദീകരിച്ചു.

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ശൂപാർശ ചെയ്തുകൊണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ  കത്തയച്ചിരുന്നു.  ഈ ശുപാർശ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു. 'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ vs മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരുന്നത്. മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല, ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.

Also Read: EXCLUSIVE: കേരളം മദ്രസകൾക്ക് ഫണ്ട് നൽകുന്നില്ലെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് പച്ചക്കള്ളം, സർക്കാർ ഫണ്ട് ഉപയോഗിച്ച് മതം പഠിപ്പിക്കേണ്ട: പ്രിയങ്ക് കനുംഗോ

സർക്കാർ ഫണ്ട് ഉപയോഗിച്ച് ഹിന്ദു വിഭാഗങ്ങളിലെ കുട്ടികളെയും ക്രൈസ്‌തവരെയും ഇസ്ലാം മതം പഠിപ്പിക്കേണ്ടെന്ന പ്രസ്താവനയും പ്രിയങ്ക് കനൂംഗോ നടത്തിയിരുന്നു. കേരള സർക്കാർ പണം നൽകുന്നില്ലെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് പച്ചക്കള്ളമാണെന്നും പ്രിയങ്ക് കനൂംഗോ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. രൂക്ഷമായ ഭാഷയിലാണ് സംസ്ഥാനത്തെ കനൂംഗോ  വിമർശിച്ചത്. 

ഒക്‌ടോബർ 16നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയർപേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ കാലാവധി പൂർത്തിയാക്കുന്നത്. രണ്ടാം വട്ടമാണ് കനൂംഗോ ചെയർപേഴ്സണായത്.

Also Read
user
Share This

Popular

NATIONAL
WORLD
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്