ഉയര്‍ന്ന പെന്‍ഷന്‍ കണക്കാക്കാന്‍ അവസാനം വാങ്ങിയ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുക്കണം എന്ന രീതി തന്നെയാണ് അട്ടിമറിക്കപ്പെട്ടത്
ഭേദപ്പെട്ട പെന്‍ഷന്‍ കിട്ടുമെന്നു കരുതി പ്രൊവിഡന്റ് ഫണ്ടില്‍ പണം നിക്ഷേപിക്കുന്ന ഏഴു കോടി 67 ലക്ഷം തൊഴിലാളികളുണ്ട് ഇന്ത്യയില്‍. പണിയെടുക്കാനുള്ള പ്രായം കഴിഞ്ഞാല്‍ പിഎഫില്‍ നിന്നു കിട്ടുന്നതല്ലാതെ മറ്റൊന്നും ലഭിക്കാത്തവരാണ്. അവരോട് കാണിച്ച ഏറ്റവും വലിയ ചതിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഉയര്‍ന്ന പെന്‍ഷന്‍ കണക്കാക്കാന്‍ അവസാനം വാങ്ങിയ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുക്കണം എന്ന രീതി തന്നെയാണ് അട്ടിമറിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് 2014 വരെയുള്ള സര്‍വീസ് കാലത്തിന് ഒരു പെന്‍ഷനും 2014 മുതലുള്ള സര്‍വീസ് കാലത്തിന് മറ്റൊരു പെന്‍ഷനും കണക്കാക്കും.
ഇതോടെ തൊഴിലാളികള്‍ക്കു കിട്ടേണ്ടിയിരുന്ന പെന്‍ഷനില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ളതിന്റെ എത്രയോ മടങ്ങ് ആളുകളാണ് പിഎഫ് പെന്‍ഷന്‍ അല്ലാതെ മറ്റൊരു വരുമാനവുമില്ലാതെ കഴിയുന്നത്. അവര്‍ക്ക് ഇനിയുള്ള കാലത്തും സാമൂഹിക ക്ഷേമ പെന്‍ഷന്റെ അത്രപോലുമില്ലാത്ത പിഎഫ് പെന്‍ഷന്‍ വാങ്ങേണ്ട സ്ഥിതിയാണ്. മാസാമാസത്തേക്കുള്ള മരുന്നു വാങ്ങാന്‍ തികയാത്ത ആ തുകകൊണ്ട് വേണം പല കുടുംബങ്ങളിലും ഉപ്പും പുളിയും മുളകും വാങ്ങാന്‍.
7,90,460 സ്ഥാപനങ്ങള്‍, ഏഴു കോടി അറുപത്തിയേഴു ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്‍പത്തിയൊന്‍പത് വരിക്കാര്‍. അതിനു പുറമെ പെന്‍ഷന്‍ കിട്ടുന്ന എണ്‍പതു ലക്ഷത്തി എഴുപത്തിമൂവായിരത്തി അറുനൂറ്റി നാല്‍പ്പത്തിനാലുപേര്‍. ഇത്രവിപുലമായ പെന്‍ഷന്‍ സംവിധാനം ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഈ തുക സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതല്ല. തൊഴിലാളിയും തൊഴിലുടമയും മാസാമാസം അക്കൗണ്ടില്‍ അടയ്ക്കുന്നതാണ്. അതു തൊഴിലുടമയുടെ സംഭാവനയും അല്ല. ഓരോ ജോലിക്കാരനും നിയമിതനാകുമ്പോള്‍ നല്‍കുന്ന കരാറില്‍ ഉള്‍പ്പെട്ടതാണ് തൊഴിലുടമയുടെ വിഹിതം. ഇതിനൊക്കെ പുറമെ ശമ്പളത്തിന്റെ അരശതമാനം തുക കൈകാര്യച്ചെലവിനായി മാസംതോറും പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പിരിക്കുകയും ചെയ്യുന്നു. തൊഴിലാളികളുടെ നിരന്തര പ്രക്ഷോഭവും നിയമനടപടികളുമാണ് പുതിയ പെന്‍ഷന്‍ സമ്പ്രദായത്തിന് കാരണമായത്. കേരളത്തില്‍ 1600 രൂപ സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുമ്പോള്‍ പിഎഫ് പെന്‍ഷന്‍ 1000 രൂപ മാത്രമായ ലക്ഷങ്ങളാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് ആശ്വാസമായാണ് സുപ്രീം കോടതി കേസില്‍ വിധി പറഞ്ഞത്. അതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്.
Also Read: ഷാരോണ്‍ രാജ് വധക്കേസ്: വധശിക്ഷയുടെ ശരിയും തെറ്റും
എങ്ങനെ പിഎഫ് പെന്‍ഷന്‍ കുറയും
ഒരു തൊഴിലാളി വിരമിക്കുമ്പോഴുള്ള ശമ്പളം എന്നത് അവസാനം വാങ്ങിയ ശമ്പളം എന്നാണ് ലോകമെങ്ങും വ്യവസ്ഥ. അവസാനത്തെ രണ്ടോ മൂന്നോ മാസം മാത്രം ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തവരും ഉണ്ട്. എന്നാല്‍ അതേ പ്രായമുള്ളവര്‍ക്ക് മൂന്നോ നാലോ മാസത്തെ സര്‍വീസ് കുറവാണ് എന്നതിനാല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കാതെ വരും. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പെന്‍ഷന് അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എന്ന ചട്ടം വന്നത്. ഒരു തൊഴിലാളി സര്‍വീസിലുള്ള കാലത്ത് അവസാന 60 മാസം വാങ്ങിയ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷനും എന്ന തത്വവും അങ്ങനെ രൂപപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഇപിഎഫിന് നല്‍കിയിരിക്കുന്ന നിര്‍ദേശം പ്രോ-റേറ്റ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കാനാണ്. 2014 വരെയുള്ള സര്‍വീസിന് അതനുസരിച്ചുള്ള പെന്‍ഷനും 2014ന് ശേഷമുള്ള സര്‍വീസിന് അതനുസരിച്ചുള്ള പെന്‍ഷനുമാണ് ഈ ചട്ടത്തില്‍ വരുന്നത്.
എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ദോഷകരം
വലിയ തോതിലുള്ള വിലപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം എന്നിവ പരിഗണിക്കുമ്പോള്‍ 2014ല്‍ നിന്ന് 2025 ല്‍ എത്തുമ്പോള്‍ സാമ്പത്തിക സ്ഥിതി ആകെ മാറി. 2014ല്‍ 10,000 രൂപയുടെ ശമ്പളംകൊണ്ട് വാങ്ങിയിരുന്ന ഉല്‍പ്പന്നങ്ങള്‍ 2025ല്‍ വാങ്ങാന്‍ ഇരുപതിനായിരം രൂപയെങ്കിലും മുടക്കേണ്ട സ്ഥിതി. പെട്രോള്‍, ഡീസല്‍ വിലയില്‍ പോലും 60 ശതമാനം വര്‍ധനയുണ്ടായി. ഇതിനു പുറമെ 2014നു ശേഷം പത്തുവര്‍ഷം കൊണ്ട് ശമ്പളത്തില്‍ ഉണ്ടായ മാറ്റവും ഉണ്ട്. ഇതെല്ലാം അപ്രസക്തമാവുകയാണ് പ്രോ റേറ്റ എന്ന തീരുമാനത്തിലൂടെ. ലോകത്ത് ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയിലാണ് ഇപ്പോള്‍ പെന്‍ഷന്‍ കണക്കാക്കാന്‍ തയ്യാറെടുക്കുന്നത്. സുപ്രീം കോടതി വിധിയെ വളച്ചൊടിച്ചാണ് പുതിയ സര്‍ക്കുലര്‍ എന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്.
സുപ്രീം കോടതി പറഞ്ഞത്?
യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പിഎഫില്‍ നിക്ഷേപിക്കാന്‍ തൊഴിലാളികള്‍ക്ക് അനുമതി നല്‍കിയത് സുപ്രീം കോടതിയാണ്. 2022 നവംബര്‍ നാലിന് ആയിരുന്നു ആ ഉത്തരവ്. അടിസ്ഥാന ശമ്പളം മാത്രം പിഎഫ് വിഹിതത്തിനു കണക്കാക്കിയിരുന്ന രീതിയാണ് അതോടെ തിരുത്തിയത്. ലഭിക്കുന്ന മുഴുവന്‍ തുകയുടേയും വിഹിതം അടയ്ക്കുന്ന തൊഴിലാളിക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് 1000 രൂപ വരെ മാത്രം പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക് ആറായിരം വരെ കിട്ടാന്‍ സാധ്യത തെളിഞ്ഞു. എന്നാല്‍ ഈ തീരുമാനത്തെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഖ്യാനിച്ച രീതിയാണ് വിവാദത്തിലായിരിക്കുന്നത്. പുതിയ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് സുപ്രീംകോടതി വിധി എന്ന് ആദ്യവ്യാഖ്യാനം. അതിനാല്‍ പുതിയ പിഎഫ് പെന്‍ഷന്‍ നിലവില്‍ വന്ന 2014 സെപ്റ്റംബര്‍ ഒന്നു മുതല്‍ മാത്രമാണ് പുതിയ പെന്‍ഷനും കണക്കാക്കേണ്ടത് എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പഴയ കാലത്തെ സര്‍വീസിന് അനുസരിച്ച് അന്നത്തെ പെന്‍ഷനും കണക്കാക്കാനാണ് നിര്‍ദേശം. ജീവിത ചെലവിന് അനുസരിച്ചാണ് ശമ്പള പരിഷ്‌കരണം വരുന്നത്. ആ നേട്ടങ്ങള്‍ ഒന്നുമില്ലാതെ പഴയ കാലത്തെ പെന്‍ഷനിലേക്കു കുനിഞ്ഞിറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ജീവനക്കാര്‍. പിഎഫ് പെന്‍ഷന്‍ വിഷയത്തില്‍ ഏറ്റവും ശക്തമായ ഇടപെടല്‍ ഉണ്ടായത് കേരളത്തില്‍ നിന്നാണ്. കേരള ഹൈക്കോടതിയാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചതും. ആ വിധികൂടിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്. കാറും വീടും വാങ്ങാനുള്ള തുകയൊന്നും പെന്‍ഷന്‍ എത്ര ഉയര്‍ത്തിയാലും കിട്ടാന്‍ പോകുന്നില്ല. വയസ്സുകാലത്ത് മുട്ടില്ലാതെ ഭക്ഷണവും മരുന്നും കഴിക്കാനുള്ള തുകമാത്രമാണ് ഉയര്‍ന്ന പെന്‍ഷന്‍ നിരക്കില്‍ പോലും ഉള്ളത്. അതിനുമുകളിലും കത്തിവയ്ക്കണോ എന്നതാണ് ചോദ്യം.