fbwpx
ശരണമുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ മകരജ്യോതി കണ്ട് ദർശനസായൂജ്യമടഞ്ഞ് ഭക്തസഹസ്രങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 07:55 PM

വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണം ശ്രീകോവിലിൽ എത്തിച്ചത്. രണ്ട് ലക്ഷത്തോളം തീർഥാടകരാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരുന്നത്

KERALA


മണ്ഡലകാലത്തെ വ്രതശുദ്ധിയുടെ നിറവിൽ ശബരിമലയിൽ ഭക്തസഹസ്രങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. സന്നിധാനവും പരിസരവും ശരണമന്ത്രങ്ങളാൽ മുഖരിതമായിരുന്നു. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണം ശ്രീകോവിലിൽ എത്തിച്ചത്. ധർമ്മശാസ്താവിനെ തിരുവാഭരണം അണിയിച്ച് മഹാ ദീപാരാധന നടത്തിയതിന് പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി മൂന്ന് വട്ടം തെളിഞ്ഞണഞ്ഞു.



പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ നിന്ന് 12ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര മൂന്ന് പകലുകളും രണ്ട് രാത്രികളും കടന്ന് വൈകിട്ടോടെയാണ് ശരംകുത്തിയിൽ എത്തിയത്. കുളത്തിനാൽ ഗംഗാധര പിള്ളയാണ് തിരുവാഭരണ ഘോഷയാത്ര നയിച്ചത്. പന്തളം രാജപ്രതിനിധിയായി തൃക്കേട്ട തിരുനാൾ രാജരാജ വർമ്മയും ഘോഷയാത്രയെ അനുഗമിച്ചു. തുടർന്ന് ആചാരപൂർവ്വം സ്വീകരിച്ചു, സന്നിധാനത്തേക്ക് ആനയിച്ച തിരുവാഭരണ പേടകങ്ങൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. മഹാദീപാരാധനയ്ക്ക് ശേഷം തിരുവാഭരണങ്ങൾ അണിഞ്ഞ് ഭഗവാൻ അയ്യപ്പൻ ഭക്തർക്ക് ദർശനം നൽകി.



രണ്ട് ലക്ഷത്തോളം തീർത്ഥാടകരാണ് സന്നിധാനത്ത് മകരവിളക്ക് ദർശനപുണ്യം നുകർന്നത്. 17 വരെ തിരുവാഭരണം ചാർത്തി അയ്യപ്പനെ ഭക്തർക്ക് ദർശിക്കാം. 19ന് മാളികപ്പുറത്ത് ഗുരുതിക്ക് ശേഷം 20ന് രാവിലെ പന്തളം രാജപ്രതിനിധി തൊഴുതിറങ്ങുന്നതോടെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമാവും. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വലിയ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിരുന്നത്. രണ്ട് ലക്ഷത്തോളം തീർഥാടകരാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരുന്നത്. സർവാഭരണ വിഭൂഷിതനായ അയ്യനെ കണ്ട് ദർശനപുണ്യം നുകരാനുള്ള തിരക്കിലാണ് ഭക്തർ. ഇതിന് ശേഷം ഭക്തർ മലയിറങ്ങി തുടങ്ങും.



മകരവിളക്ക് ദർശനത്തിനായി ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ കനത്ത സന്നാഹങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. അതേസമയം, മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി അധിക ബസ് സർവീസുകൾ ഇന്നും നാളെയുമായി നടത്തുന്നുണ്ട്.



മകരവിളക്ക് കഴിഞ്ഞുള്ള തിരിച്ചിറക്ക സമയത്ത് ഭക്തർക്ക് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും അല്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ALSO READ: ശബരിമലയിൽ ഇന്ന് മകരവിളക്ക്; ദർശനത്തിനെത്തുന്നത് രണ്ട് ലക്ഷത്തോളം തീർഥാടകർ


അതേസമയം, ശബരിമല സന്നിധാനത്ത് നടന്ന ഹരിവരാസന പുരസ്കാര വേദിയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കിടയിലാണ് തളർച്ച അനുഭവപ്പെട്ടത്. സമ്മേളനത്തിൽ സ്വാഗതം പറഞ്ഞ് തുടങ്ങിയ പ്രസിഡന്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രസംഗം നിർത്തി. തുടർന്ന് കുഴഞ്ഞുവീഴാൻ ഒരുങ്ങിയ അദ്ദേഹത്തെ ബോർഡ് ഉദ്യോഗസ്ഥർ കസേരയിലിരുത്തി. ശേഷം ബോർഡ് അംഗം അജികുമാർ സ്വാഗത പ്രസംഗം പൂർത്തിയാക്കി.


ഏതാനും മിനിറ്റ് നേരത്തേക്ക് വേദി വിട്ട ശേഷം, മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും മുമ്പായി പ്രശാന്ത് തിരികെയെത്തി. തുടർച്ചയായി ഉറക്കമില്ലായ്മ മൂലം സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് വിവരം.


KERALA
പാണക്കാട്ടെത്തി മാപ്പ് പറഞ്ഞെന്ന് സാദിഖലി തങ്ങള്‍, ഇല്ലെന്ന് ഉമർ ഫൈസി മുക്കം; ഫലം കാണാതെ ലീഗ്-സമസ്ത സമവായ ശ്രമം
Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി