തൊഴില്‍ തട്ടിപ്പിനിരയായി റഷ്യൻ ആർമിക്കൊപ്പം യുക്രെയ്നിലാണ് ഇവരെ യുദ്ധച്ചുമതലയിൽ നിയോഗിച്ചത്
യുദ്ധമുഖത്ത് നിന്നും രക്ഷപ്പെടുന്നതിൻ്റെ ആവേശത്തിലാണ് റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളായ സന്തോഷ് ഷൺമുഖനും റെനിൽ തോമസും. ജന്മനാട്ടിലേക്ക് പുറപ്പെടാൻ ഇന്ത്യൻ എംബസിയുടെ വാഹനം കാത്തിരിക്കുകയാണ് ഇവർ. ഇതിനായുള്ള നടപടികളെല്ലാം പൂർത്തീകരിച്ചെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഉദ്യോഗസ്ഥൻ്റെ സന്ദേശവും ന്യൂസ് മലയാളത്തിന് ലഭിച്ചു.
ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ റഷ്യയിൽ കുടുങ്ങിയ ഇവരെ പോലുള്ള മലയാളികളുടെ മോചനത്തിനായുള്ള നടപടികൾ ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും സംയുക്തമായി ആരംഭിച്ചിരുന്നു. യുക്രെയ്നിലെ ബഹ്മത്തിലുള്ള പട്ടാളക്യാമ്പിൽ നിന്നും മലയാളികളെയെല്ലാം മെറിനോസ്കിയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. തൊഴില്‍ തട്ടിപ്പിനിരയായി റഷ്യൻ ആർമിക്കൊപ്പം യുക്രെയ്നിലാണ് ഇവരെ യുദ്ധച്ചുമതലയിൽ നിയോഗിച്ചത്.
യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികളെയെല്ലാം യുക്രെയ്ൻ അതിർത്തിയിൽ നിന്നും മോസ്കോയിലേക്ക് മാറ്റുകയാണ്. തൃശൂർ സ്വദേശികളായ ബിനിൽ ബാബുവിനെയും ജെയ്ൻ കുര്യനെയും ഇന്ന് ക്യാമ്പിൽ നിന്ന് മാറ്റും. ഇതിനായുള്ള നടപടികളെല്ലാം പൂർത്തീകരിച്ചെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഉദ്യോഗസ്ഥൻ്റെ സന്ദേശവും ന്യൂസ് മലയാളത്തിന് ലഭിച്ചു.