ബസ് കാത്തു നിന്ന യുവതിയെ മറ്റൊരിടത്താണ് ബസ് എത്തുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് ബസിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
പൂനെയിൽ യുവതിയെ സർക്കാർ ബസിൽ പീഡിപ്പിച്ച കേസിലെ പ്രതി ദത്താത്രേയ രാംദാസ് ഗഡെ പിടിയിൽ. സംഭവം നടന്ന് 75 മണിക്കൂർ പിന്നിട്ട ശേഷമാണ് പ്രതിയെ ഷിരൂർ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് തിരക്കേറിയ പൂനെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ വച്ച് 26കാരി പീഡനത്തിനിരായത്. ബസ് കാത്തു നിന്ന യുവതിയെ മറ്റൊരിടത്താണ് ബസ് എത്തുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് ബസിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുമായി യുവതി ബസിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിരുന്നു. കണ്ടക്ടർ ആണെന്ന് അവകാശപ്പെട്ടാണ് പ്രതി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ പറയുന്നു. ബസ് കാലിയാണല്ലോ എന്ന് ചോദിച്ചപ്പോൾ, യാത്രക്കാർ ഉറങ്ങുകയാണെന്ന് പ്രതി പറഞ്ഞുവെന്നും പീഡനത്തിനിരയായ യുവതി വ്യക്തമാക്കി.
ആക്രമണത്തിനിരയായ ശേഷം യുവതി സ്വന്തം നാട്ടിലേക്ക് ബസിൽ പോകുകയും വഴിയിൽ വച്ച് സുഹൃത്തിനോട് ഫോണിൽ കാര്യങ്ങൾ പറയുകയും ചെയ്തു. സുഹൃത്തിൻ്റെ നിർദേശപ്രകാരം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. എട്ട് പൊലീസ് ടീമുകളെയും,സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് അന്വേഷണസംഘം തെരച്ചിൽ നടത്തി. ഇതേത്തുടർന്നാണ് പ്രതി പൊലീസിൻ്റെ പിടിയിലാകുന്നത്. ഇയാൾക്കെതിരെ പൂനെയിലും തൊട്ടടുത്തുള്ള അഹല്യാനഗർ ജില്ലയിലുമായി മുമ്പും ആറ് മോഷണക്കേസ്, മാല പിടിച്ചുപറിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.