ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ നിന്ന് എഴുതികൊടുത്തത് വാർത്തയാക്കിയാൽ മറുപടി പറയാനില്ലെന്നായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന.
സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയുടെ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത അസത്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിഎംആർഎൽ കമ്പനിക്ക് സേവനം നൽകാതെയാണ് എക്സാലോജിക്ക് പണം വാങ്ങിയതെന്ന് എസ്എഫ്ഐഒയ്ക്ക് വീണ മൊഴി നൽകിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമെന്നും റിയാസ് കൂട്ടിച്ചേർത്തു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ നിന്ന് എഴുതികൊടുത്തത് വാർത്തയാക്കിയാൽ മറുപടി പറയാനില്ലെന്നായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന. ഇങ്ങനെ ഒരു മൊഴി കൊടുത്തു എന്നത് അസത്യമാണെന്നും റിയാസ് പറഞ്ഞു. സിഎംആര്‍എൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് വീണ തൈക്കണ്ടിയിൽ സമ്മതിച്ചതായാണ് എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നത്. വീണ തൈക്കണ്ടിയിൽ ഇത് സംബന്ധിച്ച് മൊഴി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.
ALSO READ: സേവനം നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി; വീണ മൊഴി നൽകിയതായി എസ്എഫ്ഐഒ കുറ്റപത്രം
അതേസമയം, മാസപ്പടികേസ് കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് എസ്എഫ്ഐഒ കൈമാറി. കേന്ദ്ര ഏജൻസികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് എസ്എഫ്ഐഒ കൈമാറി. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്.
വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടിയെന്ന കുറ്റപത്രത്തിലെ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടു തവണയായാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. വീണയും ശശിധരൻ കർത്തയും ചേർന്ന് 2.78 കോടിയുടെ തിരിമറി നടത്തി എന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.
എസ്എഫ്ഐഒ റിപ്പോർട്ട് അനുസരിച്ച് സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നും രണ്ട് തവണയായി 50 ലക്ഷം രൂപയാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം 8 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാലുലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.