കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ നടിയെ ബന്ധപ്പെട്ടിരുന്നു
നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മിനു മുനീര്‍ പരാതി നൽകി. നടന്മാര്‍ക്കു പുറമേ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, നിർമാതാവ് അഡ്വ. ചന്ദ്രശേഖരന്‍ വി.എസ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ആരോപണം ഉന്നയിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മിനുവിനെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മിനു അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതി മെയിൽ അയക്കുകയായിരുന്നു.
ആരോപണ വിധേയരുടെ ചിത്രങ്ങള്‍ സഹിതമാണ് മിനു മുനീര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. അനുഭവിച്ച പ്രയാസങ്ങള്‍ക്ക് നീതി വേണം. ഇവരുടെ മോശം പ്രവര്‍ത്തികള്‍ക്കെതിരെ തക്കതായ നടപടി എടുക്കണമെന്നും മിനു മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
Also Read: അടിമുടിയുലഞ്ഞ് മലയാള സിനിമ; ഇതുവരെ വീണത് രണ്ട് വിക്കറ്റ്, ആരോപണവിധേയരുടെ പട്ടിക നീളുന്നു
അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും.
മുതിര്‍ന്ന നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെയടക്കം ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ AMMA യുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് യോഗം ചേരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റിവെച്ചു. യോഗം ഉടന്‍ ചേരണമെന്നാണ് എക്‌സിക്യൂട്ടിവിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ആരോപണം നേരിട്ടതോടെ, എക്‌സിക്യൂട്ടീവില്‍ നിന്ന് ബാബുരാജ് മാറി നില്‍ക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ രാജിവെച്ചിരുന്നു. പിന്നാലെയാണ് താത്കാലിക ചുമതലയുണ്ടായിരുന്ന ബാബുരാജിനെതിരേയും ലൈംഗികാരോപണം ഉയർന്നത്.