പ്രതികൾ ഗോ സംരക്ഷരാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഫരീദാബാദ് പൊലീസ് നൽകുന്ന വിവരം. അതേസമയം, കേസിലെ പ്രതികളിൽ ഒരാളായ അനിൽ കൗശിക്കിൻ്റെ അമ്മ ഈ വാദങ്ങളെയെല്ലാം തള്ളിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു
ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർഥി ആര്യൻ മിശ്രയെ ഗോ സംരക്ഷകർ വെടിവച്ചു കൊന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ പിടിയിലായെങ്കിലും ഇവരെ രക്ഷിക്കാൻ പൊലീസിൻ്റെ ഭാഗത്തുനിന്നും ശ്രമം നടക്കുകയാണ്. പ്രതികൾ ഗോ സംരക്ഷരാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഫരീദാബാദ് പൊലീസ് നൽകുന്ന വിവരം. അതേസമയം, കേസിലെ പ്രതികളിൽ ഒരാളായ അനിൽ കൗശിക്കിൻ്റെ അമ്മ ഈ വാദങ്ങളെയെല്ലാം തള്ളിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തൻ്റെ മകൻ അനിൽ കൗശിക്ക് ഗോ സംരക്ഷകനായിരുന്നു എന്നും, കൊല്ലപ്പെട്ട പന്ത്രണ്ടാം ക്ലാസുകാരൻ്റെ വാഹനം പിന്തുടർന്നവരിൽ തൻ്റെ മകനും ഉണ്ടായിരുന്നുവെന്നാണ് പ്രതിയുടെ അമ്മ തന്നെ എൻഡിടിവിയോട് സമ്മതിച്ചിരിക്കുന്നത്. പശു സംരക്ഷകനായിരിക്കുന്നത് മകൻ്റെ നല്ല സ്വഭാവമാണെന്നാണ് അനിലിൻ്റെ അമ്മയുടെ വാദം. ആര്യനെ വെടിവച്ചത് തൻ്റെ മകനല്ലെന്നും വീട്ടമ്മ വെളിപ്പെടുത്തി.
READ MORE: ബീഫ് കൈവശം വെച്ചെന്ന് ആരോപണം; മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കിടെ മധ്യവയസ്ക്കന് ക്രൂരമർദനം
അതേസമയം, എൻഡിടിവി നടത്തിയ അന്വേഷണത്തിൽ പ്രതികളെല്ലാം പശു സംരക്ഷകരാണെന്ന് കണ്ടെത്തി. എൻഡിടിവി റിപ്പോർട്ടർ മുഖ്യപ്രതിയുടെ ഓഫീസിലേക്ക് പോയി വിവരങ്ങൾ തിരക്കിയപ്പോൾ പ്രതി പശു സംരക്ഷകനാണെന്ന് അയൽവാസികളും പറഞ്ഞു. കൂടാതെ പ്രതി ഉൾപ്പെട്ട സംഘടനയായ 'ലൈവ് ഫോർ നേഷൻ' പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോകളും എൻഡിടിവി പരിശോധിച്ചു. ഈ പേജിലുള്ള വീഡിയോകളിൽ അംഗങ്ങൾ പശു സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാണാം. പശു സംരക്ഷകർ കാറുകളിൽ ആളുകളെ പിന്തുടരുന്ന ചില വീഡിയോകളും യൂട്യൂബ് പേജിൽ കാണാം.
READ MORE: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നു
കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വവാദികൾ 12ാം ക്ലാസ് വിദ്യാർഥിയെ വെടിവെച്ചു കൊന്നത്. ഹരിയാനയിലെ ഗദ്‌പുരിയിൽ വെച്ചായിരുന്നു സംഭവം. സെപ്റ്റംബർ 3ന് അഞ്ച് ഗോ സംരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്.
റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കൊണ്ടുപോകാനായി ഗോ സംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് കൊലപാതകം നടന്നത്. പശുക്കടത്തുകാരെ തിരയുന്നതിനിടെ പട്ടേൽ ചൗക്കിൽ ഒരു ഡസ്റ്റർ കാർ കാണുകയും ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. കാർ നിർത്താതെ പോയതിനെ തുടർന്ന് പ്രതികൾ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പാസഞ്ചർ സീറ്റിലിരുന്ന ആര്യൻ്റെ കഴുത്തിന് സമീപമാണ് വെടിയേറ്റത്.