രതീഷിന്‍റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം
ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ അമ്മയെയും ആൺ സുഹൃത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ അമ്മ ആശ മനോജ് കേസില്‍ ഒന്നാം പ്രതിയും സുഹൃത്ത് രതീഷ് രണ്ടാം പ്രതിയുമാണ്. ആശയുടെ ഭർത്താവിനെയും പ്രതികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, കൊല്ലപ്പെട്ട നവജാത ശിശുവിൻ്റെ പോസ്റ്റ് മോർട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് നടക്കും. മരണകാരണം സ്ഥിരീകരിക്കുക പോസ്റ്റുമോർട്ടത്തിന് ശേഷമായിരിക്കും. കുഞ്ഞിൻ്റെ ശരീരത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
ഓഗസ്റ്റ് 26നാണ് പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഓഗസ്റ്റ് 31ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും യുവതി മറച്ചുവെച്ചിരുന്നു. വയറ്റിൽ മുഴ ആണെന്നായിരുന്നു യുവതി വീട്ടുകാരോട് പറഞ്ഞത്. വാടകയ്ക്ക് നിർത്തിയ സ്ത്രീയായിരുന്നു ആശുപത്രിയിൽ യുവതിയുടെ ബൈസ്റ്റാൻഡറായി നിന്നത്.
പ്രസവത്തിന് പിന്നാലെ യുവതി കുഞ്ഞിനെ സഞ്ചിയിലാക്കി രതീഷിന് കൈമാറുകയായിരുന്നു. രതീഷാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് മൊഴി. എന്നാല്‍ രതീഷ് ഒറ്റയ്ക്കാണോ കൃത്യം ചെയ്തത് അതോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. രതീഷിന്‍റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം.