വിഷയത്തിൽ യുഡിഎഫിൽ പ്രശ്ന പരിഹാരത്തിന് ശ്രമമില്ലെന്നാണ് ലീഗിൻ്റെ പരാതി
ഇടതു സർക്കാരിനെ പുകഴ്ത്തിയുള്ള ശശി തരൂർ എംപിയുടെ ലേഖന വിവാദത്തിന്മേലുള്ള കോൺഗ്രസിലെ തമ്മിലടിയിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. വിഷയത്തിൽ യുഡിഎഫിൽ പ്രശ്ന പരിഹാരത്തിന് ശ്രമമില്ലെന്നാണ് ലീഗിൻ്റെ പരാതി. കോൺഗ്രസിലെ പ്രധാന നേതാക്കൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കഴിയുന്നില്ലെന്ന പരാതിയും ലീഗിനുണ്ട്. ഇന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ചയായത്.
പരസ്പരമിള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ നീണ്ടു പോകട്ടെ എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. ശശി തരൂർ വിഷയം പരിഹരിക്കുന്നതിന് പകരം പരമാവധി മോശമാക്കാനാണ് പല കോൺഗ്രസ് നേതാക്കളും ശ്രമിച്ചത്. കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദവും മുന്നണിക്ക് ക്ഷീണമുണ്ടാക്കിയെന്നും മുസ്ലിം ലീഗിന് അഭിപ്രായമുണ്ട്.
യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും കേരളത്തിലെ ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ നേതാക്കൾ ലക്ഷ്യ ബോധമില്ലാതെ പെരുമാറുന്നത് യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പുക്കുമെന്ന വികാരവും മുസ്ലിം ലീഗിനുണ്ട്.