വലതു വിങില്‍ നിന്ന് ജംഷഡ്പൂര്‍ താരത്തിന്റെ ബോക്‌സിലേക്കുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനുളള മിലോസ് ഡ്രിന്‍സിച്ചിന്റെ ശ്രമമാണ് സെൽഫ് ഗോളില്‍ കലാശിച്ചത്.
'സെൽഫ് ഗോൾ ട്രാജഡിയിൽ ജംഷഡ്‌പൂരിനോട് സമനില വഴങ്ങി പ്ലേ ഓഫ് കാണാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തായി. നിർണായക മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്‌സി 1-1ന് കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 86ാം മിനിറ്റില്‍ വഴങ്ങിയ സെൽഫ് ഗോള്‍ വിജയം തടയുകയായിരുന്നു. 35ാം മിനിറ്റില്‍ കോറു സിങ്ങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. വലതു വിങില്‍ നിന്ന് ജംഷഡ്പൂര്‍ താരത്തിന്റെ ബോക്‌സിലേക്കുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനുളള മിലോസ് ഡ്രിന്‍സിച്ചിന്റെ ശ്രമമാണ് ഈ ഗോളില്‍ കലാശിച്ചത്.
22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് 9ാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് യോഗ്യത ലഭിക്കില്ല. നിര്‍ണായക സമനിലയോടെ 22 കളിയില്‍ 38 പോയിന്റുമായി ബെംഗളൂരിനെ മറികടന്ന് ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ടീം നേരത്തേ പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു. മാര്‍ച്ച് 7ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
35ാം മിനിറ്റില്‍ കോറുസിങിന്റെ ഒറ്റയാന്‍ മുന്നേറ്റത്തില്‍ ജംഷഡ്പൂര്‍ വിറച്ചു. ആല്‍ബിനോ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നീട്ടിനല്‍കിയ പന്ത് ദുസാന്‍ ലഗാറ്റോര്‍ ഹെഡറിലൂടെ ജംഷഡ്പൂര്‍ പകുതിയിലേക്ക് തിരിച്ചുവിട്ടു. വലതുവിങില്‍ പന്ത് നേടിയ കോറുസിങ്, ഉയരക്കാരനായ എസെയുടെ തലക്ക് മുകളിലൂടെ പന്തുയര്‍ത്തി, ബോക്‌സിലേക്ക് ഒറ്റയാനായി കുതിച്ചു. ജംഷഡ്പൂര്‍ പ്രതിരോധം തടയാന്‍ ഓടിയെത്തിയെങ്കിലും ബോക്‌സിനകത്ത് നിന്നുള്ള 18കാരന്റെ മനോഹരമായ വലങ്കാലന്‍ ഷോട്ട് അപ്പോഴേക്കും വല തുളച്ചുകയറിയിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിനായി സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കോറു സിങിന്റെ രണ്ടാം ഗോള്‍ ടീമും ഗ്യാലറിയും ആഘോഷിച്ചു. തൊട്ടുപിന്നാലെ ഇടതു വിങിലെ മുന്നേറ്റത്തില്‍ പെപ്ര ലീഡുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ബോക്‌സിനരികെ താരത്തെ എതിരാളികള്‍ വീഴ്ത്തി, പക്ഷേ റഫറി ഫൗള്‍ അനുവദിച്ചില്ല. മറുഭാഗത്ത് ജംഷഡ്പൂര്‍ കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ചു, ജോര്‍ദാന്‍ മറെയുടെ ബോക്‌സിനകത്തെ ശ്രമം ലഗാറ്റോര്‍ വിഫലമാക്കി.
ALSO READ: ഇംഗ്ലണ്ട് ചതിച്ചാശാനേ, അഫ്ഗാൻ പുറത്ത്; ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ ലൈനപ്പായി
ഇടവേളക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് യോയ്‌ഹെന്‍ബയ്ക്ക് പകരം ഡാനിഷ് ഫാറൂഖിനെ ഇറക്കി. 48ാം മിനിറ്റില്‍ ജംഷഡ്പൂര്‍ കളിയിലെ രണ്ടാം കോര്‍ണര്‍ കിക്ക് നേടി. ഗോള്‍വലക്ക് തൊട്ടുമുന്നില്‍ എസെയുടെ ഹെഡര്‍ നോറ കൈപ്പിടിയിലാക്കി. ലൂണയും വിബിനും ലീഡുയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി. മനോഹരമായ രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പുറത്തായി. ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മാറ്റേം വരുത്തി, ഐമെന് പകരം അമാവിയ എത്തി. സമനില നേടാനുള്ള സന്ദര്‍ശകരുടെ ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൊളിച്ചു. 82ാം മിനിറ്റില്‍ ജംഷഡ്പൂര്‍ വല വീണ്ടും കുലുങ്ങിയെങ്കിലും ഓഫ്‌സൈഡ് കുരുക്കായി.
അവസാന മിനിറ്റുകളില്‍ ഒപ്പമെത്താന്‍ ജംഷഡ്പൂര്‍ നടത്തിയ നിതാന്ത പരിശ്രമങ്ങള്‍ ഗോളില്‍ കലാശിച്ചു. വലതുവിങില്‍ നിന്ന് ജംഷഡ്പൂര്‍ താരത്തിന്റെ ബോക്‌സിലേക്കുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനുളള മിലോസ് ഡ്രിന്‍സിച്ചിന്റെ ശ്രമമാണ് ദാനഗോളില്‍ കലാശിച്ചത്. ഒപ്പമെത്തിയ ജംഷഡ്പൂര്‍ തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും നോറ രക്ഷകനായി. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല.