fbwpx
സത്യജിത് റേ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം
logo

ശ്രീജിത്ത് എസ്

Posted : 01 Mar, 2025 11:23 PM

സിനിമയെ എല്ലാ കോണിൽ നിന്നും തന്നിലേക്ക് അടുപ്പിച്ച വ്യക്തിയാണ് സത്യജിത് റേ

MOVIE


1952 ഓക്ടോബർ 27, അമച്വർ സിനിമാക്കാരുടെ ഒരു സംഘം അവരുടെ ആദ്യ സിനിമയുടെ ആദ്യ സീൻ ചിത്രീകരിക്കുകയാണ്. ബം​ഗാളിലെ കാഷ് പൂക്കൾ പൂത്ത് നിൽക്കുന്ന വിശാലമായ പാടമാണ് ലൊക്കേഷൻ. വയലിൽ കളിച്ചുകൊണ്ടിരിക്കുന്ന പതിമൂന്നുകാരിയും സഹോദരനും ദൂരെനിന്ന് പുക ഉയരുന്നതായി കാണുന്നു. പശ്ചാത്തലത്തിൽ പരിചിതമല്ലാത്ത മുരൾച്ചയും ഹോണടിയും. പതിയെ അവരുടെ കാഴ്ചയിലേക്ക് ഒരു ട്രെയിൻ കടന്നുവരുന്നു. ഇതാണ് സീൻ. ആ സിനിമാ സംഘത്തിലെ ആറടിയിലേറെ പൊക്കമുള്ള ഒരാളാണ് സംവിധായകൻ. അയാൾ തന്റെ സിനിമാട്ടോഗ്രാഫറിന് നിർദേശം നൽകിക്കൊണ്ടിരുന്നു. കുട്ടികളുടെ അടുത്ത് ചെന്ന് രഹസ്യം പറയുംപോലെ കാര്യങ്ങൾ വിശദീകരിച്ചു. ഒരു തുടക്കക്കാരന്റെ പരിഭ്രമം അയാളുടെ ചലനങ്ങളിലില്ല.

ലൈറ്റിന്റെ കുറവ് കാരണം ആ സീൻ എടുത്ത് തീർക്കാൻ അവർക്ക് സാധിച്ചില്ല. പിറ്റേന്ന് ചെന്നപ്പോഴോ കാഷ് പൂക്കളൊക്കെയും പശുക്കൾ മേഞ്ഞ് നശിപ്പിച്ചിരുന്നു. അയാൾ തളർന്നില്ല. ആ ഷോട്ടിനായി അടുത്ത സീസൺ വരെ കാത്തിരുന്നു. പക്ഷേ ഒറ്റ ദിവസത്തെ ആ ഷൂട്ടിങ്ങിലൂടെ ആയിരം പുസ്തകങ്ങൾ വായിച്ച അറിവ് അയാൾ നേടിയിരുന്നു. ആ അറിവിന്റെ തെളിച്ചത്തിൽ അയാൾ 29 ഫീച്ചർ ഫിലിമുകളും, 5 ഡോക്യുമെന്ററികളും രണ്ട് ഷോർട്ട് ഫിലിമുകളും എടുത്തു. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയായി അദ്ദേഹത്തിന്റെ സിനിമകൾ. ഇലസ്ട്രേറ്റർ, പ്രസാധകൻ, സം​ഗീത‍ജ്ഞൻ, ഛായാ​ഗ്രഹകൻ, ബാലസാഹിത്യകാരൻ, ചെറുകഥാകൃത്ത്, സർവോപരി ഒരു മാസ്റ്റർ ഫിലിം മേക്കറുമായ അദ്ദേഹം പലർക്കും ഇന്ത്യൻ സിനിമയിലേക്കുള്ള വഴികാട്ടിയായി, പ്രകാശമായി. ആ ബഹുരൂപി മനോഹരമായ കൈപ്പടയിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിന് ഒരു ടൈറ്റിൽ കാർഡ് നിർമിച്ചു. സംവിധാനം, സത്യജിത് റേ.




Also Read: ക്രിസ്റ്റഫർ നോളൻ: ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ്


കുടുംബം - ശാന്തിനികേതൻ

ജീവിതമായിരുന്നു സത്യജിത് റേയുടെ കഥാപരിസരം. അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആധാരവും അതേ ജീവിതം തന്നെ. കൽക്കട്ടയിലെ ഇന്റലെക്ച്വലും സമ്പന്നവുമായി ഒരു കുടുംബത്തിലാണ് റേയുടെ ജനനം. മുത്തച്ഛൻ ഉപേന്ദ്രകിഷോർ റേ എഴുത്തുകാരൻ, ചിത്രകാരൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സന്ദേശ് എന്നൊരു ബാലമാസികയും അദ്ദേഹം നടത്തിയിരുന്നു. അച്ഛൻ സുകുമാർ റേ ആകട്ടെ ലൂയിസ് കരോളിന്റെയും എഡ്വേർഡ് ലിയറിന്റെയും മാതൃകയിലുള്ള അസംബന്ധ സാഹിത്യകാരനും. ഇവരുടെ സ്വാധീനം റേ സിനിമകളിൽ പ്രകടമാണ്.


ഇതിനു പുറമേ വിദ്യാഭ്യാസത്തിനും റേയുടെ ലോക വീക്ഷണം വളർത്തിയതിൽ പങ്കുണ്ട്. പ്രസിഡൻസി കോളേജിൽ ശാസ്ത്രവും എക്കണോമിക്സുമായിരുന്നു അദ്ദേഹത്തിന്റെ പഠനവിഷയം. സയൻസ് ഫിക്ഷൻ എഴുത്തിന്റെ സാധ്യതകൾ അദ്ദേഹം തിരിച്ചറിഞ്ഞത് ഇവിടെനിന്നാകാം. പിന്നീട് ടാ​ഗോറിന്റെ ശാന്തിനികേതനിൽ നിന്ന് ഇന്ത്യൻ ശിൽപ്പകല, ചിത്രകല, പാശ്ചാത്യ കലാരീതികൾ എന്നിവയിൽ കിട്ടിയ പരിശീലനം റേയെ ആധുനിക മനുഷ്യനാക്കി. അതിലുപരി പടിഞ്ഞാറിന്റെയും കിഴക്കിന്റെയും മൂല്യങ്ങൾ മനസിലാക്കിയ അദ്ദേഹം ലോകം ഒരു ചെറിയ കിളിക്കൂടാണെന്ന് തിരിച്ചറിഞ്ഞു.

ശാന്തിനികേതനിലെ പഠന ശേഷം റേ എത്തുന്നത് ഡി.ജെ.കെയ്മർ എന്ന ബ്രിട്ടീഷ് അഡ്വെർട്ടൈസിങ് ഏജൻസിയിലാണ്. പിന്നീടങ്ങോട്ട് 13 വർഷക്കാലം അദ്ദേഹം അവിടെ ജൂനിയർ വിഷ്വലൈസറായിരുന്നു. അവിടെ നിന്നാണ് റേയുടെ സിനിമ പ്രവേശനം.



ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി , റേയുടെയും


1950ൽ റേ ഒരു ബിസിനസ് ട്രിപ്പിന് ലണ്ടനിലേക്ക് തിരിച്ചു. 16 ദിവസം നീണ്ട കപ്പൽ യാത്രയിലുടനീളം അദ്ദേഹത്തിന്റെ ചിന്ത ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ 'പഥേർ പാഞ്ചാലി' എന്ന നോവൽ സിനിമയാക്കുന്നതിനെപ്പറ്റിയായിരുന്നു. സ്റ്റുഡിയോയ്ക്ക് പുറത്ത്, മേക്കപ്പുകളില്ലാതെ ചിത്രീകരിക്കുന്ന ഒരു സിനിമ. ചിന്തിക്കുന്ന കാര്യങ്ങൾ തന്റെ നോട്ട്ബുക്കിൽ അദ്ദേഹം കുറിച്ചുവച്ചു.



ആറ് മാസം നീണ്ട ആ യാത്രയിൽ 100ൽ അധികം സിനിമകൾ അദ്ദേഹം കണ്ടു. കൂട്ടത്തിൽ വിട്ടോറിയോ ഡി സീക്കയുടെ ബൈസിക്കിൾ തീവ്സാണ് റേയെ പ്രചോദിപ്പിച്ചത്. തന്റെ സിനിമയുടെ ട്രീറ്റ്‌മെന്റ് എന്താണെന്ന് റേ ഉറപ്പിച്ചു. പഥേർ പാഞ്ചാലി ഒരു റിയലിസ്റ്റിക് സിനിമ ആയിരിക്കും.



50കളുടെ അവസാനത്തിൽ 'റിവർ' എന്ന ചിത്രത്തിന്റെ റെക്കെയ്ക്കായി കൽക്കട്ടയിലെത്തിയ ഴോൺ റിനോയറുമായുള്ള സംഭാഷണങ്ങൾ റേയുടെ വീക്ഷണങ്ങൾക്ക് തെളിച്ചം നൽകി. എത്രയും പെട്ടെന്ന് സിനിമ ചിത്രീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. സിനിമാട്ടോ​ഗ്രാഫറായി സുഭ്രതാ മിത്ര ഒപ്പം കൂടുന്നത് ഈ ഘട്ടത്തിലാണ്. ഇനി വേണ്ടത് നിർമാതാവാണ്. അതിനായി റേ ഒരുപാട് അലഞ്ഞു. എല്ലാവർക്കും റേയുടെ കഥപറച്ചിലും സിനിമയ്ക്കായി വരച്ച സ്കെച്ചുകളും ഇഷ്ടപ്പെട്ടു. എന്നാൽ റേയുടെ റിയലിസ്റ്റിക് സമീപനം അവരെ പിന്തിരിപ്പിച്ചു.

യഥാർഥ മഴയിലുള്ള ഔട്ട്ഡോർ ഷൂട്ട് കേട്ടുകേൾവിയില്ലാതിരുന്ന കാലത്ത് റേ തന്റെ സിനിമയുടെ രൂപത്തിനായി വാശിപിടിച്ചു. നല്ല മണ്ണാണ് ഒരു ശിൽപിയുടെ ഭാവനയ്ക്ക് രൂപം നൽകുന്നതെന്ന് റേയ്ക്ക് അറിയാമായിരുന്നു. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഒരു 16 എംഎം ക്യാമറയുമായി ​​ഗ്രാമത്തിൽ പോയി മൺസൂൺ മഴ ടെസ്റ്റ് ഷൂട്ട് ചെയ്തു. അങ്ങനെ രണ്ട് വർഷം കടന്നുപോയി. കാസ്റ്റും ലൊക്കേഷനുമൊക്കെ റെഡി. ഇനിയെന്തിന് കാത്തിരിക്കണം? കൂട്ടുകാരിൽ നിന്നും ഇൻഷുറൻസ് പോളിസിയിൽ നിന്നും കടം വാങ്ങി സിനിമ സ്വയം നിർമിക്കാൻ റേ തീരുമാനിച്ചു. അഡ് ഏജൻസിയിലെ ജോലിക്കിടയിൽ ഞായറാഴ്ച ദിവസങ്ങളിൽ റേ ഇന്ത്യൻ സിനിമയുടെ ​ഗതി മാറ്റിയ സിനിമ ചിത്രീകരിച്ചു.


Also Read: ഡേവിഡ് ഫിഞ്ചർ: ഹോളിവുഡിലെ പെർഫെക്ഷനിസ്റ്റ്


ആ​ഗ്നസ് വാർദ, ​ഗോദാർദ്, ത്രൂഫോ എന്നിവരുടെ നേതൃത്വത്തിൽ ഫ്രെഞ്ച് നവതരം​ഗം കത്തിനിൽക്കുന്ന സമയത്താണ് കാൻസിൽ പഥേർ പാഞ്ചാലി പ്രദർശിപ്പിക്കുന്നത്. സിനിമ കണ്ടിറങ്ങിവന്ന ത്രൂഫോ പറഞ്ഞത് കർഷകർ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു സിനിമ കാണാൻ താൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ്. ഇഴഞ്ഞു നീങ്ങുന്ന അർഥമില്ലാത്ത വിരസമായ ചിത്രമെന്നായിരുന്നു ത്രൂഫോയുടെ നിരീക്ഷണം. പക്ഷേ പാം ഡി'ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട റേ, 'മികച്ച ഹ്യൂമൻ ഡോക്യുമെന്റ്' എന്ന പുരസ്കാരവും വാങ്ങിയാണ് കാൻസിൽ നിന്ന് മടങ്ങിയത്. പഥേർ പാഞ്ചാലിയിലെ ആ വിരസതയ്ക്ക് പല അർഥങ്ങളുമുണ്ടെന്ന് വൈകിയാണ് ത്രൂഫോ മനസിലാക്കിയത്. അത് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം റേ എന്ന ഇതിഹാസത്തിനോട് ക്ഷമ പറഞ്ഞു.



നിരീക്ഷണത്തിൽ വികസിക്കുന്ന ലോകമാണ് റേ സിനിമകൾക്കുള്ളത്. പഥേർ പാഞ്ചാലിയിലെ അപുവും ദുർ​ഗയും ആദ്യമായി ട്രെയിൻ കാണുന്ന സീൻ തന്നെയെടുക്കാം. ഒരു സർറിയലിസ്റ്റിക് പെയിന്റിങ് പോലെയാണ് സീൻ എടുത്തിരിക്കുന്നത്. കടലാസ് കിരീടം വച്ച അപുവും വെളുത്ത കാഷ് പുല്ലുകളും, മേഘാവൃതമായ ആകാശവും സീനിന് ഫാന്റസിയുടെ തലം നൽകുമ്പോൾ വയലിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും കറുത്ത പുക തുപ്പി കടന്നു വരുന്ന കരിവണ്ടിയും ആധുനികതയുടെ പ്രതീകമാകുന്നു. ഇത്തരത്തിലുള്ള ഇന്ദ്രീയാനുഭൂതി നൽകുന്നതുകൊണ്ടാണ് പഥേർ പാഞ്ചാലിയെ സെല്ലുലോയിഡിൽ രചിച്ച കവിത എന്ന് വിശേഷിപ്പിക്കുന്നത്.

പിന്നീടങ്ങോട്ട് അപുവിന്റെ ജീവിതത്തെ പിന്തുടർന്ന് അപരാജിതോ, അപു സൻസാർ എന്നീ ചിത്രങ്ങൾ റേ എടുക്കുന്നുണ്ട്. ഈ അപു ട്രിലോജിയാണ് പൊതുവേ റേയുടെ മാസ്റ്റർപീസായി കാണുന്നത്. എന്നാൽ റേയെ സംബന്ധിച്ച് ഏറ്റവും സംതൃപ്തി നൽകിയ സിനിമ ചാരുലതയാണ്. ഇനി എത്ര അവസരങ്ങൾ ലഭിച്ചാലും തനിക്ക് ഈ സിനിമ ഇങ്ങനെയേ എടുക്കാൻ സാധിക്കൂ എന്ന് റേ പറയുന്നതിടത്ത് അത് സ്പഷ്ടമാണ്. റേയുടെ സിനിമാറ്റിക് നറേറ്റീവ് സ്റ്റൈലുകൾ മനസിലാക്കുന്നതിന് ഒരു ടെക്സ്റ്റ് ബുക്ക് തന്നെയാണ് ഈ ചിത്രം.


പ്രണയവും പ്രചോദനവും തേടിയ റേയുടെ ചാരു


ചാരുലതയുടെ ജീവിതം വിരസമാണെന്ന് ആദ്യ സീനിൽ തന്നെ പ്രേക്ഷകന് മനസിലാകുന്നു. ഓപ്പണിങ് സീനിൽ തന്റെ മാളികയിലെ മുറികളിലൂടെ നടക്കുന്ന ചാരുവിനെയാണ് കാണിക്കുന്നത്. പിന്നീട് അവൾ ഒരു ഓപ്പറ ​ഗ്ലാസിലൂടെ തെരുവിലൂടെ പോകുന്ന ഒരു കാൽനടക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങുന്നു. അയാളെ പിന്തുടർന്ന് അവൾ മുറികളിൽ നിന്ന് മുറികളിലേക്ക് പോകുന്നു. ഒടുവിൽ, ഹാളിലെ മൂന്ന് ജനാലയിലൂടെ അയാളെ പിന്തുടർന്ന്, ചാരു മൂന്ന് തവണ പുറത്തേക്ക് നോക്കുന്നു. ഇവിടെ നിങ്ങൾക്ക് ചിലപ്പോൾ തുടർച്ച നഷ്ടപ്പെട്ടേക്കാം. ഒരോ തവണയും ആ വ്യക്തി ഫ്രെയിമിന്റെ വലതു വശത്തെ പല ഭാ​ഗങ്ങളിലൂടെയാണ് ചാരുവിന്റെ കാഴ്ചയിലേക്ക് പ്രവേശിക്കുന്നത്. ഇത്രയും ശ്രദ്ധാപൂർവം നിർമ്മിച്ച ഒരു സിനിമയിൽ ഇത്തരമൊരു കണ്ടിന്യുവിറ്റി മിസ്റ്റേക് ആശ്ചര്യകരമായിരിക്കും. എന്നാൽ ഇത് ഒരു പിഴവല്ല, ചാരുവിന്റെ കാഴ്ചപ്പാടിലെ വൈരുദ്ധ്യങ്ങളാണ് ഈ കാൽനടക്കാരൻ പ്രതിനിധീകരിക്കുന്നത്.


സിനിമയിൽ പല ഘട്ടത്തിൽ ഇത്തരത്തിൽ ഓപ്പറ ​ഗ്ലാസിലൂടെ നോക്കുന്ന ചാരുവിനെ കാണാം. അവൾ ലോകത്തെ അടുപ്പിക്കുന്നത് അകലത്തു നിർത്തിയാണ്. അവളിൽ മാറ്റങ്ങൾ വരുന്നത് ഭർത്താവിന്റെ കസിൻ അമൽ ആ വീട്ടിലേക്ക് എത്തുന്നിടത്താണ്. ചാരുലതയ്ക്ക് അയാളോട് എന്തോ ഒരു ഇഷ്ടം തോന്നുന്നു. ആ ഇഷ്ടത്തെ പ്രണയം എന്ന് വിളിക്കാമോ എന്ന് അറിയില്ല. ചാരുവിന് അയാൾ തന്റെ സഹൃദയത്വം പങ്കിടുന്ന ആളാണ്.


Also Read: മാർട്ടിൻ സ്കോസെസി: മോഡേൺ ​ഗ്യാങ്സ്റ്റർ സിനിമയുടെ അപ്പോസ്തലന്‍

സിനിമയിലെ ഊഞ്ഞാൽ ആടുന്ന സീൻ ചാരുവിന്റെ ഈ വികാരങ്ങളെ പ്രതിഫലിപ്പിക്കാനാണ് ഉപയോ​ഗിച്ചിരിക്കുന്നത്. പ്രശസ്തമായ ഈ രംഗത്തിൽ, ക്യാമറ കാണികൾക്ക് അന്നുവരെ പരിചിതമല്ലാത്ത രീതിയിലാണ് നീങ്ങുന്നത്. അദൃശ്യമായ ഒരു നൂല് കൊണ്ട് നമ്മൾ ചാരുവിന് മുന്നിൽ ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെ. കാണിയുടെ പിഒവിയിലാണ് ചാരു ഊഞ്ഞാൽ ആടുന്നത്. അവളുടെ പ്രണയത്തിന്റെയും പ്രചോദനത്തിന്റെയും കേന്ദ്രമാണ് ഈ ഊഞ്ഞാൽ. കയ്യിലുള്ള ഓപ്പറ ​ഗ്ലാസിലൂടെ ഇടയ്ക്ക് അവൾ അടുത്ത വീട്ടിലെ അമ്മയെയും കുഞ്ഞിനേയും നോക്കുന്നുണ്ട്. അതിനു ശേഷം അമലിനെയും. ഒരു കുഞ്ഞിനെ നൽകാൻ കഴിയുന്ന ഒരു പുരുഷനായി അവൾ അമലിനെ കാണുന്നു എന്നതിന്റെ സൂചന കൂടിയാണ് ആ നോട്ടം. ആദ്യമായി ഊഞ്ഞാലിൽ ഇരുക്കുമ്പോൾ അവൾ അമലിനോട് ഒന്ന് ആട്ടിത്തരാൻ ആവശ്യപ്പെട്ടുന്നുണ്ട്. അക്ഷരാർത്ഥത്തിൽ എഴുത്തിലും ജീവിതത്തിലും ഒരു പ്രചോദനം ആവശ്യപ്പെടുകയായിരുന്നു ആ സ്ത്രീ.


രണ്ട് പേമാരിക്കിടയിൽ വന്നു പോകുന്ന അമലിലൂടെ സ്ത്രീ-പുരുഷ ബന്ധത്തെപ്പറ്റി ഒരു മനോഹര കാവ്യം തന്നെ റേ രചിച്ചു. അദ്ദേഹം പറഞ്ഞത് ശരിയാണ്, ഇനി എത്ര അവസരം കിട്ടിയാലും ഇതിലും മനോഹരമായി ഈ സിനിമ ചിത്രീകരിക്കാൻ സാധിക്കില്ല. കാരണം അത് ആ സംവിധായകന്റെ അടയാളപ്പെടുത്തലാണ്.

ഇത്തരത്തിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്ന, ചിലപ്പോഴൊക്കെ പുറത്തുകടക്കുന്ന പല സ്ത്രീ കഥാപാത്രങ്ങളെയും റേയുടെ സിനിമകളിൽ കാണാം. ഘരേ ബൈരേയിലെ ബിമലാ, മഹാന​ഗറിലെ ആരതി, പ്രതിദ്വന്ദിയിലെ സുതാപ എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്. തൊഴിൽ എങ്ങനെ സ്ത്രീയെ സ്വതന്ത്രയാക്കുന്നു എന്ന് വ്യക്തമായി കാണിക്കുന്നുണ്ട് ഈ സിനിമകൾ.



സ്പില്‍ബർഗ് റേയെ കോപ്പി അടിച്ചോ?



ഇത്തരം സിനിമകൾ ചെയ്യുന്നതിനൊപ്പം തന്നെ രണ്ട് ഡിറ്റെക്ടീവ് സിനിമകളും റേ ചെയ്തിട്ടുണ്ട്. സോനാർ കെല്ലയും ജോയി ബാബ ഫെലുനാഥും. റേ തന്നെ സൃഷ്ടിച്ച ഫെലൂദാ എന്ന പ്രൈവറ്റ് ഡിറ്റക്ടീവാണ് കേന്ദ്ര കഥാപാത്രം. 21 രജനി സെൻ റോഡിലാണ് ഫെലുദായുടെ താമസം. ഫെലൂദയുടെ സന്തതസഹചാരിയായ ടോപ്‌ഷെയാണ് കഥകളിലെ നറേറ്റർ. സംശയിക്കേണ്ട. ഷേർലക്ക് ഹോംസിന് ഒരു ബം​ഗാളി ബദൽ.


Also Read: കെ.ജി. ജോർജ്: മലയാളിയിലെ കാണിയെ വെല്ലുവിളിച്ച തന്‍റേടി


സയൻസ് ഫിക്ഷനും നല്ല രീതിയിൽ വഴങ്ങിയിരുന്ന എഴുത്തുകാരനായിരുന്നു റേ. അന്യ​ഗ്രഹ ജീവികളും, മനുഷ്യനെ തിന്നുന്ന വൃക്ഷങ്ങളും ഒക്കെ അദ്ദേഹത്തിന്റെ കഥകൾക്ക് പ്രമേയമായിട്ടുണ്ട്. ബൻകുബാബർ ബന്ധു എന്ന അത്തരത്തിലുള്ള ഒരു കഥയിൽ നിന്ന് 1960കളിൽ ഒരു സ്ക്രിപ്റ്റും കൊളമ്പിയ പിക്ച്ചേഴ്സിന് വേണ്ടി അദ്ദേഹം എഴുതിയിരുന്നു. ബം​ഗാളിലെ ഒരു ​ഗ്രാമത്തിലേക്ക് എത്തുന്ന അന്യ​ഗ്രഹ ജീവി ഒരു ബാലനുമായി സൗഹൃദത്തിലാകുന്നതാണ് കഥ. ഏലിയൻ എന്ന ആ സിനിമ യാഥാർഥ്യമായില്ല. എന്നാൽ സമാനമായ ഒരു സിനിമ നിങ്ങൾ കണ്ടിരിക്കും. അതേ, 1982ൽ ഇറങ്ങിയ സ്പിൽബർ​ഗിന്റെ ET. സ്പിൽബർ​ഗ് റേയെ കോപ്പിയടിച്ചതിന് തെളിവില്ല. എന്നാൽ ഒരു കാര്യമുറപ്പാണ്. റേ ഹോളിവുഡിനും കാലത്തിനും മുൻപേ സഞ്ചരിച്ച മനുഷ്യനാണ്. അതുകൊണ്ടുകൂടിയാണ് സിനിമയുടെ സിനിമാറ്റോ​ഗ്രഫി, മ്യൂസിക് എന്നിവയിലേക്കും റേ കടന്നത്.

റേ എന്ന ടെക്നീഷ്യന്‍

ചാരുലത വരെ സുഭ്രതാ മിത്രയാണ് റേ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചിരുന്നത്. അവിടെ നിന്നങ്ങോട്ട് ക്യാമറ റേ കൈകാര്യം ചെയ്യാൻ തുടങ്ങി. ക്യാമറമാന്റെ പോസിഷനാണ് ഒരു നല്ല പെർഫോമൻസ് ജഡ്ജ് ചെയ്യാൻ പറ്റിയ ഇടം എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. ഫൂട്ടേജുകൾ വാരി വലിച്ച് എടുക്കലായിരുന്നല്ല റേയുടെ രീതി. സുഭ്രതാ ക്യാമറാമാൻ ആയിരുന്ന കാലത്തും അതങ്ങനെ തന്നെയായിരുന്നു. ആദ്യ എഡിറ്റിങ് നടക്കുക ഷൂട്ട് ചെയ്യുമ്പോഴാണ്. അധികപ്പറ്റായി ഒരു ഷോട്ട് പോലും റേ എടുത്തിരുന്നില്ല. പിന്നീട് എഡിറ്റിങ് ടേബിളിൽ എത്തുമ്പോൾ റേ കൂടുതൽ കണിശക്കാരനാകും. സ്ഥിരം എഡിറ്ററായ ദുലാൽ ദത്ത എഡിറ്റ് ചെയ്യുമ്പോൾ റേ പുറകിൽ വന്നിരിക്കും. എന്നിട്ട് ഒരു സൈന്യാധിപനെപ്പോലെ കട്ട് എന്ന് ഉറക്കെ പറയും. ദത്ത നിഷ്കരുണം ആ ഭാ​ഗം അറുത്ത് മാറ്റും. ഇതിലും വലിയ പരീക്ഷണങ്ങളാണ് സിനിമാറ്റോഗ്രഫിയിൽ മിത്രയും റേയും നടത്തിക്കൊണ്ടിരുന്നത്.



ബൗൺസിങ് ലൈറ്റിന്റെ സൃഷ്ടാക്കൾ തന്നെ ഇവരാണ്. അപരാജിതോയിലെ ഒരു ഇൻഡോർ സീനിൽ ഇവർ ഇത് വിദഗ്ധമായി ഉപയോ​ഗിച്ചിരിക്കുന്നത് കാണാം. വെളിച്ചത്തെ വശങ്ങളിൽ നിന്ന് മുകളിൽ വിരിച്ച വെള്ള തുണിയിലേക്ക് ബൗൺസ് ചെയ്യിച്ചാണ് മിത്ര വെളിച്ചം കണ്ടെത്തിയത്. അന്ന് ഹോളിവുഡ് ഇതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല.

സം​ഗീതത്തിലും വലിയ അവ​ഗാഹമുള്ള വ്യക്തിയായിരുന്നു റേ. ആദ്യ കാലങ്ങളിൽ പണ്ഡിറ്റ് രവിശങ്കറിനെപ്പോലുള്ള അതുല്യ പ്രതിഭകളുമായി ചേർന്നാണ് റേ പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അതിലെ ബുദ്ധിമുട്ട് റേ തിരിച്ചറിഞ്ഞു. സം​ഗീതജ്ഞർ ഒരു വലിയ മ്യൂസിക്കൽ പീസാകും വായിക്കുക. അതിൽ നിന്നും ഒരു പ്രത്യേക സന്ദർഭത്തിന് പറ്റിയ ഭാ​​ഗം നമ്മൾ മുറിച്ചെടുക്കണം. വെസ്റ്റേൺ- ക്ളാസിക്കൽ സം​ഗീതങ്ങളിൽ അറിവുണ്ടായിരുന്ന റേ ഓരോ സീനിനും വേണ്ടി സം​ഗീതം സ്വയം ചിട്ടപ്പെടുത്താൻ തുടങ്ങി. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ അദ്ദേഹം സിനിമയുടെ മ്യൂസിക്കിന്റെ അദ്യ രൂപം നിർമിക്കും. ഫൈനൽ എഡിറ്റിങ് പൂർത്തിയായാൽ പിന്നെ മുഴുവൻ സമയവും സം​ഗീതത്തിനായി മാത്രം മാറ്റിവയ്ക്കും. പ്രേക്ഷകർക്ക് കാര്യങ്ങൾ ലളിതമാക്കികൊടുക്കുക എന്നതാണ് സിനിമയിലെ സം​ഗീതത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്.

Also Read: ഫ്രാൻസിസ് ഫോ‍ർഡ് കൊപ്പോള: ഉന്മാദിയായ സിനിമാക്കാരന്‍


സിനിമയെ എല്ലാ കോണിൽ നിന്നും തന്നിലേക്ക് അടുപ്പിച്ച വ്യക്തിയാണ് സത്യജിത് റേ. മരണം, ദാരി​ദ്ര്യം, തൊഴിൽ, പ്രണയം, വിപ്ലവം എന്നിങ്ങനെ ജീവിതത്തിന്റെ സർവ തലങ്ങളും അദ്ദേഹം സിനിമയിലൂടെ സ്പർശിച്ചു. അതുകൊണ്ടാണ് പഥേർ പാഞ്ചാലി കണ്ട ശേഷം ന്യൂയോർക്ക് നഗരത്തിൽ നിന്നും മാർട്ടിൻ സ്കോർസെസി എന്ന യുവാവ് അദ്ദേഹത്തിനെ ഫോൺ ചെയ്തത്. 80ന്റെ യൗവനത്തിലും സിനിമയിൽ നിന്ന് ശ്രദ്ധ മാറുന്നുവെന്ന് തോന്നുമ്പോൾ സ്കൊർസേസി ഒരു റേ പടം കാണും. പ്രചോദിതനാകും. സ്കൊർസേസി മാത്രമല്ല. എലിയ കസാൻ, വെസ് ആൻഡേഴ്സൺ, പൗളീൻ കീൽ, ക്രിസ്റ്റഫർ നോളൻ എന്നിങ്ങനെ പലരെയും ഞെട്ടിക്കാനും ആരാധകരാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഐസക് ന്യൂട്ടൺ ശാസ്ത്രത്തിന് എങ്ങനെയാണോ അങ്ങനെയാണ് മോഡേണ്‍ ഫിലിം മേക്കിങ്ങിന് സത്യജിത് റേ എന്ന് പറഞ്ഞത് അക്കിരാ കുറോസാവയാണ്.


മനസിൽ റേയെ കൊണ്ട് നടക്കുന്ന ഓരോ സംവിധായകർക്കൊപ്പവും അദ്ദേഹമുണ്ട്. ഷോട്ടുകൾ എടുക്കുമ്പോൾ കൃത്യമായ സ്ഥലത്ത് ആരോ കട്ട് വിളിക്കുന്നത് അവർക്ക് കേൾക്കാം. പരുക്കൻ ശബ്ദത്തിൽ, ഉച്ചത്തിലങ്ങനെ, കട്ട് വിളിക്കുന്നത്, അവർതന്നെയോ അതോ അവരിലെ റോയോ?

CHAMPIONS TROPHY 2025
ഹെൻറിക്ക് മുന്നിൽ തകർന്ന് ഇന്ത്യൻ ബാറ്റിങ് നിര; കീവീസ് പടയ്ക്ക് 250 റൺസ് വിജയലക്ഷ്യം
Also Read
user
Share This

Popular

CHAMPIONS TROPHY 2025
KERALA
ICC Champions Trophy 2025| ന്യൂസിലന്‍ഡിനെതിരെ ജയം; ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാര്‍