പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്ന സ്പാനിഷ് പ്രധാനമന്ത്രിയാണ് പെദ്രോ സാഞ്ചസ്
ത്രിദിന സന്ദർശനത്തിനായി സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ഇന്ത്യയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം സാഞ്ചസ് സ്വകാര്യ മേഖലയിലെ ആദ്യ സൈനിക വിമാന നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 18 വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്ന സ്പാനിഷ് പ്രധാനമന്ത്രിയാണ് പെദ്രോ സാഞ്ചസ്.
വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിലെ (ടിഎഎസ്എൽ) സി-295 സൈനിക വിമാനം നിർമാണത്തിന്‍റെ അവസാന ഘട്ടമാണ് ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യുക. ടാറ്റയ്‌ക്കൊപ്പം പ്രമുഖ യൂറോപ്യന്‍ കമ്പനിയായ എയർബസും ചേർന്നാണ് സൈനിക വിമാന നിർമാണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 21,935 കോടി രൂപ ചെലവിൽ മൊത്തം 56 വിമാനങ്ങള്‍ ഇവിടെ നിർമിക്കാനാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. ഇതില്‍ 16 വിമാനങ്ങൾ സ്പെയിനിൽ നിന്ന് എയർബസ് വിതരണം ചെയ്യും. 40 എണ്ണമാണ് ഇന്ത്യയില്‍ നിർമിക്കുക.
Also Read: "രബീന്ദ്രസംഗീതത്തിന് പകരം കേൾക്കുന്നത് ബോംബുകളുടെ ശബ്ദം"; 2026ല്‍ ബംഗാളില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ
2023 സെപ്റ്റംബറിലാണ് പദ്ധതി പ്രകാരമുള്ള ആദ്യ വിമാനം എയർബസ് എത്തിച്ചത്. 2025 ഓഗസ്റ്റിൽ ബാക്കി വിമാനങ്ങളുടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്.
Also Read: 'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്, അനാ ഡീപ്പായിറുക്കും'; വിക്രവാണ്ടിയില്‍ വിജയാരവം
വഡോദരയിലെ നിർമാണശാലയില്‍ നിന്നുള്ള ആദ്യ വിമാനം 2026 സെപ്റ്റംബറിൽ ആയിരിക്കും നിർമാണം പൂർത്തിയാക്കി പുറത്തിറങ്ങുക. 2031 ഓഗസ്റ്റോടെ വിമാനങ്ങളുടെ നിർമാണം പൂർത്തിയാക്കും. ടിഎഎസ്എല്‍ ആയിരിക്കും ഇന്ത്യയില്‍ വിമാനങ്ങള്‍ നിർമിക്കുക. സി-295 വിമാനങ്ങളുടെ ബഹുഭൂരിപക്ഷം ഘടകങ്ങളും ഇന്ത്യയില്‍ തന്നെയായിരിക്കും നിർമിക്കുക. എയർബസ് നൽകുന്ന എയ്‌റോ എഞ്ചിനും ഏവിയോണിക്‌സും കൂടാതെ സി-295-ന് ആവശ്യമായ 13,000 ചെറുതും വലുതുമായ ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും. എല്ലാത്തരം കാലാവസ്ഥയിലും വ്യോമ യാത്ര സാധ്യമാക്കുന്നതിന് വൈദഗ്ധ്യം നേടിയ വിമാനങ്ങളാണ് സി-295.