നെതന്യാഹുവിൻ്റെ വക്താവായ ഒമർ ദോസ്ത്രിയാണ് നെതന്യാഹു അറിയിച്ചതെന്ന രൂപേണ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്
ലെബനനിലുണ്ടായ പേജർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലുണ്ടായ പേജർ ആക്രമണങ്ങൾക്ക് താൻ സമ്മതം നൽകിയിരുന്നുവെന്നാണ് നെതന്യാഹു അറിയിച്ചത്. നെതന്യാഹുവിൻ്റെ വക്താവായ ഒമർ ദോസ്ത്രിയാണ് നെതന്യാഹു അറിയിച്ചതെന്ന രൂപേണ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സെപ്റ്റംബർ 17, 18 തീയതികളിൽ ഉണ്ടായ പേജർ സ്ഫോടനങ്ങളെ തുടർന്ന്, 40ഓളം പേർ മരണപ്പെടുകയും, 3000ത്തോളം ഹിസ്ബുള്ള അംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി ഹിസ്ബുള്ള അംഗങ്ങൾക്ക് കൈകാലുകളിലെ വിരലുകളും, കാഴ്ചാശക്തിയും നഷ്ടപ്പെട്ടതായും റിപ്പോർട്ട് ചെയ്തിരുന്നു.
ALSO READ: ലബനനിലെ പേജർ സ്ഫോടനം: പ്രാദേശിക കമ്പനിയുടെ പങ്ക് പരിശോധിക്കും, അന്വേഷണം പ്രഖ്യാപിച്ച് നോർവെ
സ്ഫോടനങ്ങളെ "ഇസ്രായേൽ ലംഘനം" എന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തെ തുടർന്ന്, യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾ വിപുലീകരിക്കുന്നതായി ഇസ്രായേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്‌ഫോടനങ്ങൾ നടന്നത്.ഇത് മനുഷ്യരാശിക്കെതിരായ ക്രൂരമായ യുദ്ധമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ മാരകമായ ആക്രമണത്തെക്കുറിച്ച് ലെബനൻ യുഎൻ ലേബർ ഏജൻസിക്ക് ഈ ആഴ്ച പരാതി നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേൽ നഗരങ്ങൾ ആക്രമിച്ചതിനെ തുടർന്ന് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ലെബനീസ് അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും യുദ്ധം ചെയ്തുവരികയാണ്. അതിനുശേഷം, ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിൻ്റെ മുൻ മേധാവി ഹസൻ നസ്‌റല്ല ഉൾപ്പെടെ നിരവധി ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ALSO READ: എന്താണ് പേജറുകൾ? ഹിസ്ബുള്ള ഇപ്പോഴും പേജറുകളുപയോഗിക്കുന്നതിന് പിന്നിലെ കാരണമെന്ത്?