ജനങ്ങളെ ഭീതിപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരുമ്പോൾ ചർച്ച നടത്താൻ തയ്യാറാകണമെന്നും താമരശ്ശേരി രൂപത ബിഷപ് റമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു
വനനിയമ ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറിയതിൽ മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് താമരശ്ശേരി രൂപത ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയൽ. വനനിയമ ഭേതഗതിയിൽ നിന്നും പിന്മാറിയ സർക്കാർ തീരുമാനം ഏറെ സ്വാഗതാർഹമാണെന്ന് പറഞ്ഞ ബിഷപ്, ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുമ്പോൾ സർക്കാർ നന്നായി പഠിക്കണമെന്നും ഓർമിപ്പിച്ചു.
ജനങ്ങളെ ഭീതിപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരുമ്പോൾ ചർച്ച നടത്താൻ തയ്യാറാകണമെന്നായിരുന്നു റമിജിയോസ് ഇഞ്ചനാനിയലിൻ്റെ പ്രസ്താവന. ഇനിയെങ്കിലും ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുമ്പോൾ സർക്കാർ നന്നായി പഠിക്കണം. ജനങ്ങളോട് ചർച്ച നടത്താൻ തയ്യാറാകണമെന്നും ബിഷപ്പ് പറഞ്ഞു.
ബുധനാഴ്ചയാണ് ആശങ്കകൾ പരിഹരിക്കാതെ വനനിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കരടിന് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയാണെന്നാണ് സർക്കാർ നിലപാട്. വന്യജീവിആക്രമണത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇക്കാര്യത്തിൽ നിലവിൽ നിരവധി ആശങ്കകൾ നിലവിലുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ ഒരു ഭേദഗതിയും ഉണ്ടാകില്ല.വനനിയമ ഭേദഗതി തുടരാൻ ആഗ്രഹിക്കുന്നില്ല.വന നിയമഭേദഗതി റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടുവയും പുലിയും നാട്ടിലിറങ്ങിയാൽ ആറംഗസമിതി കാര്യങ്ങൾ പരിശോധിക്കണമെന്നാണ്. അതുവരെ പുലി അവിടെ നിൽക്കണം എന്നാണ് നിയമം പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ജനങ്ങൾക്ക് എതിരായ ഒന്നും ഉണ്ടാകില്ലെന്ന് വനം മന്ത്രി ആദ്യം മുതൽ പറയുന്നുണ്ടായിരുന്നു. എല്ലാക്കാലത്തും മലയോര ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.