ജീവനൊടുക്കുന്നതിന് മുൻപ് വിജയൻ കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ വിശദാംശങ്ങൾ പൊലീസ് കെ. സുധാകരനോട് തേടി
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. സുൽത്താൻ ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫാണ് കണ്ണൂർ നടാലിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വിജയൻ കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ വിശദാംശങ്ങൾ പൊലീസ് കെ. സുധാകരനോട് തേടി.
ALSO READ: "ശോഭാ സുരേന്ദ്രന്‍റെ വീടിന് സമീപം പൊട്ടിയത് പടക്കം"; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
കത്തിലെ ഉള്ളടക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരിച്ചെന്ന് കെ. സുധാകരൻ പ്രതികരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ കെപിസിസി നേതൃത്വത്തിനെ നിയോഗിച്ചിരുന്നു. അവർ ചർച്ച നടത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയിട്ടുണ്ട്. അതിൽ കുറ്റം ചെയ്തവരെ കുറിച്ചും ചെയ്യാത്തവരെ കുറിച്ചും ഉണ്ട്. അതിനെ കുറിച്ച് പാർട്ടി ആലോചിച്ച് ചർച്ച നടത്തി യുക്തമായ തീരുമാനമെടുക്കുമെന്നും കെ. സുധാകരൻ പ്രതികരിച്ചു.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മൂന്നാം പ്രതി മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മൂവരും ജാമ്യത്തിലാണ്.
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)