രാസപരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ്ഭാസിക്കും, പ്രയാഗമാർട്ടിനും നോട്ടീസ് നൽകും. ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ച സംഭവത്തിലാണ് താരങ്ങളെ ചോദ്യം ചെയ്യുക. താരങ്ങൾ അടക്കം 20 പേരെയാണ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുക.
അതേസമയം ഓം പ്രകാശ് താമസിച്ചിരുന്ന മുറിയിൽ നിന്നും രാസലഹരിയുടെ അംശം കണ്ടെത്തി. രാസപരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. പൊലീസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഓം പ്രകാശിൻ്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീൽ നൽകും. ഓം പ്രകാശിനെ പിടികൂടിയ ആഡംബര ഹോട്ടലിൽ യുവസിനിമാതാരങ്ങളും ഉണ്ടായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യുവതാരം പിടിയിലാവാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഓം പ്രകാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. 13,63. 21 NDPS ആക്ട് പ്രകാരമാണ് കേസ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കെയ്ൻ പിടികൂടിയിരുന്നു.