ഹൈവേ റോഡിൽ വീണ ഇരുമ്പ് ബോർഡിന് മുകളിലൂടെ വണ്ടികൾ കയറി ഇറങ്ങിയതോടെയാണ് വാഹനങ്ങൾ പഞ്ചറായത്
മുംബൈ- നാഗ്‌പൂർ സമൃദ്ധി പാതയിൽ ഒരേസമയം 50 ലധികം കാറുകൾ പഞ്ചറായത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹൈവേ റോഡിൽ വീണ ഇരുമ്പ് ബോർഡിന് മുകളിലൂടെ വണ്ടികൾ കയറി ഇറങ്ങിയതോടെയാണ് വാഹനങ്ങൾ പഞ്ചറായത്. ഡിസംബർ 29 ന് രാത്രി 10 മണിയോടെ വാഷിം ജില്ലയിലെ മലേഗാവിനും വനോജ ടോൾ പ്ലാസയ്ക്കും ഇടയിലാണ് സംഭവം നടന്നത്.
ചരക്കു ട്രക്കുകളെ ഉൾപ്പെടെ ഈ പ്രശ്നം ബാധിച്ചതോടെ ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ബ്ലോക്ക് മാറ്റാനോ, കാര്യങ്ങൾ നിയന്ത്രിക്കാനോ കൃത്യസമയത്ത് ആരും എത്താത്തത് യാത്രക്കാരെ വലച്ചു. ദേശീയപാതയിൽ കിടന്നിരുന്ന ഇരുമ്പ് ബോർഡ് അബദ്ധത്തിൽ വീണതാണോ, അതോ മനപൂർവം ആരെങ്കിലും കൊണ്ടു വന്നിട്ടതാണോ, തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.
ALSO READ: ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം രാജ്യത്തിന് സമർപ്പിച്ച് എം.കെ. സ്റ്റാലിൻ
ഹൈവേയിൽ ഗതാഗത നിയന്ത്രണത്തെയും സുരക്ഷയേയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത്. മുംബൈയെയും സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമായ നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിൽ ഒന്നാണിത്. 55,000 കോടി രൂപ ചെലവിഴിച്ചാണ് ഈ ഹൈവേ നിർമിച്ചത്.