പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് പാക് പ്രധാനമന്ത്രി അന്വേഷണത്തെ സ്വാഗതം ചെയ്തത്.
നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ അന്വേഷണത്തെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി അന്വേഷണത്തെ സ്വാഗതം ചെയ്തിരിക്കുന്നത്.
ALSO READ: കശ്മീരില്‍ മൂന്ന് ഭീകരവാദികളുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാസൈന്യം; ഭീകരർക്കായി തെരച്ചിൽ ഊർജിതം
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്‌പോണ്‍സര്‍ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പ്രസ്താവനയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി.
ഇതിനിടയില്‍ ആക്രമണത്തിനു മറുപടിയായി ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി പ്രാദേശിക ഭരണകൂടം തകര്‍ത്തു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ആസിഫ് അഹമദ് ഷെയ്ഖ്, ആദില്‍ അഹമദ് തോക്കര്‍, ഷാഹിദ് അഹമദ് കുട്ടെ എന്നിവരുടെ വീടുകളാണ് ഇന്ന് തകര്‍ത്തത്. പുല്‍വാമയിലെ കച്ചിപോരാ, മുറാന്‍ മേഖലയിലായിരുന്നു വീടുകള്‍.
ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ജമ്മുവിലെ ആറ് ജില്ലകളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രജൗരി, പൂഞ്ച്, റിയാസി, ഉധംപൂര്‍, കിഷ്ത്വാര്‍, കത്വ മേഖലകളില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കി. അതിര്‍ത്തികളിലുള്‍പ്പെടെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.