fbwpx
ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാന്‍ ഭീകര സംഘടന
logo

ന്യൂസ് ഡെസ്ക്

Posted : 26 Oct, 2024 11:08 AM

ജമ്മു കശ്മീരിലുണ്ടായ വെടിവെപ്പില്‍ ഒരു തൊഴിലാളിക്ക് പരുക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആക്രമണം

NATIONAL


ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാന്‍ ഭീകര സംഘടന.  പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ടാണ് (പിഎഎഫ്എഫ്) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പാക് ഭീകരസംഘടനയായ ജയ്ഷെ-ഇ -മുഹമ്മദിൻ്റെ ഭാഗമാണ് പിഎഎഫ്എഫ്. ആക്രമണത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗ് പ്രവിശ്യയിലെ ബുട്ടപത്രിയിലാണ് വ്യാഴാഴ്ച വൈകുന്നേരം സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സൈനികർക്ക് പുറമേ രണ്ട് ചുമട്ടുതൊഴിലാളികള്‍ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലുണ്ടായ വെടിവെപ്പില്‍ ഒരു തൊഴിലാളിക്ക് പരുക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആക്രമണം. തീവ്രവാദികളെ കണ്ടെത്താൻ ഗുൽമാർഗിലെയും ബുട്ടപത്രിയിലെയും വനങ്ങളിൽ തെരച്ചിൽ തുടരുകയാണ്.

Also Read: പാകിസ്ഥാനിൽ ഭീകരാക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

മൂന്ന് ദിവസം മുന്‍പ്, തുരങ്ക നിർമാണത്തില്‍ ഏർപ്പെട്ടിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന ഹൗസിങ് ക്യാംപിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ആറ് നിർമാണ തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ നയിദ്ഗാമില്‍ നിന്നുള്ള ഡോക്ടർ ഷാനവാസ്, പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള ഗുർമീത് സിംഗ് എന്നിവരും ബിഹാർ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഫഹീം നസീർ, കലീം എന്നിവരാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശ് സ്വദേശികളായ അനില്‍ ശുക്ല, ശശി അബ്രോള്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ.

ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. "പ്രാദേശികരല്ലാത്ത തൊഴിലാളികൾക്ക് നേരെ നടന്ന ആക്രമണം ക്രൂരവും ഭീരുത്വവുമാണ്. അവർ ഒരു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പ്രവർത്തിക്കുകയായിരുന്നു. നിരായുധരായ നിരപരാധികൾക്ക് നേരെയുള്ള ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുകയും അവരുടെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു", ഒമർ അബ്ദുള്ള പറഞ്ഞു.

Also Read: ദളിത് ഗ്രാമം ചുട്ടെരിച്ച കേസിൽ 98 പേർക്ക് ജീവപര്യന്തം; വിധി ഒരു ദശാബ്ദത്തിനു ശേഷം

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് നടന്ന ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു ഹൗസിങ് ക്യാംപുകള്‍ക്കു നേരെ നടന്നത്. ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഹൗസിങ് ക്യാംപ് ആക്രമണം.



Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം