2022ൽ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍റെ പാർട്ടി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്
പാകിസ്താന്‍ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടി സ്ഥാപകനുമായ ഇമ്രാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ച് പാക് കോടതി. അൽ-ഖദീർ ട്രസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഏഴ് വർഷം തടവാണ് ബുഷ്‌റ ബീബിക്ക് വിധിച്ചിരിക്കുന്നത്. അഡിയാല ജയിലില്‍ താൽക്കാലികമായി ഒരുക്കിയ കോടതിമുറിയിൽ ജഡ്ജി നാസിർ ജാവേദ് റാണയാണ് വിധി പ്രഖ്യാപിച്ചത്. മുൻപ് മൂന്ന് തവണ വിധി പറയുന്നത് മാറ്റിവച്ചിരുന്നു.
ഇമ്രാൻ ഖാന് ഒരു മില്യൺ രൂപയും ബുഷ്‌റ ബീബിക്ക് 500,000 രൂപയും ചുമത്തിയിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. വിധി പറയുന്ന സമയത്ത് കനത്ത സുരക്ഷയാണ് അഡിയാല ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്. വിധി വന്നതിനു പിന്നാലെ ബുഷ്റ ബീബിയെ കോടതിയിൽവച്ച് തന്നെ അറസ്റ്റ് ചെയ്തു.
Also Read: ഇമ്രാൻ ഖാൻ: പട്ടാളം സൃഷ്‌ടിച്ച മിശിഹ
2024 ഫെബ്രുവരി 27-ന് പൊതുതെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ദമ്പതികൾക്കെതിരെ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഡിസംബർ 23ന് വിധി പ്രഖ്യാപിക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ശൈത്യകാല അവധി ചൂണ്ടിക്കാട്ടി ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി വിധി പറയുന്നത് ജനുവരി 6-ലേക്ക് മാറ്റുകയായിരുന്നു.
ജനുവരി 6-ന്, കേസ് പരിഗണിച്ച ജസ്റ്റിസ് നാസിർ ജാവേദ് റാണ അവധിയിലായിരുന്നതിനാൽ വിധി പ്രഖ്യാപിക്കുന്നത് വീണ്ടും നീണ്ടു. തുടർന്ന് ജനുവരി 13-ന് വാദം കേട്ട ജസ്റ്റിസ് ഇമ്രാനും ബുഷ്‌റയും അഡിയാല ജയിലിലെ അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരാകാത്തതാണ് കാലതാമസത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി.
2023-ലാണ് നിരവധി കേസുകളിൽ ഇമ്രാൻ തടവിലാക്കപ്പെട്ടത്. ഇതിൽ സൈഫർ, ഇദ്ദത്ത്, തോഷഖാന കേസുകളിൽ കഴിഞ്ഞ വർഷം, അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള കേസുകള്‍ "രാഷ്ട്രീയ പ്രേരിത"മാണെന്നായിരുന്നു ഇമ്രാന്റെ ആരോപണം.
Also Read: ബന്ദി മോചനത്തിനായുള്ള കരാർ അംഗീകരിച്ചു; സ്ഥിരീകരിച്ച് നെതന്യാഹുവിൻ്റെ ഓഫീസ്
2022ൽ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍റെ പിടിഐ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്. അതിനു ശേഷം നിരവധി ആരോപണങ്ങള്‍ ഇമ്രാന്‍ ഖാന്‍റെ പേരില്‍ വന്നു. ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയുമായി ചേർന്നു ഉയർന്നു വന്ന അൽ ഖദീർ ട്രസ്റ്റ് കേസാണ് ആദ്യം. പിന്നാലെ ഔദ്യോഗിക രഹസ്യം പരസ്യമാക്കിയതിന് സൈഫർ കേസ്, തോഷാഖാനാ കേസ്, നിയമ വിരുദ്ധ വിവാഹം എന്നിങ്ങനെയുള്ള പരാതികള്‍ മുന്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടിവന്നു. പാകിസ്താനിലെ പ്രമുഖ ഭൂവ്യവസായിയായ മാലിക്ക് റൈസിൽ നിന്നും ഇമ്രാൻ ഖാനും ഭാര്യയും ട്രസ്റ്റികളായ അൽ ഖദീർ ട്രസ്റ്റിലേക്ക് 100 ഏക്കറിലധികം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് വെളിയിൽ വന്ന വിവരങ്ങൾ. യുകെയിലെ നാഷണൽ ക്രൈം ഏജൻസി മാലിക്ക് റൈസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളിലാണ് ഇത് തെളിഞ്ഞത്. ഇതിനൊപ്പമാണ് തോഷാഖാനാ കേസ്. ക്യാബിനറ്റ് ഡിവിഷന് കീഴിൽ സർക്കാർ പ്രതിനിധികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സൂക്ഷിക്കുന്ന സംവിധാനമാണ് തോഷാഖാനാ. ഇമ്രാൻ ഖാൻ തനിക്ക് കിട്ടിയ സമ്മാനങ്ങൾ വെളിപ്പെടുത്തിയില്ല എന്നും അത് അനധികൃതമായി വിറ്റുവെന്നുമാണ് കേസ്.
2023 മെയ് മാസത്തിൽ, ഈ കേസുകളിൽ കോടതിക്കു മുന്നിൽ ഹാജരായ ഇമ്രാനെ കോടതി വളപ്പിൽ നിന്നുമാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. വലിയ തോതിലുള്ള കലാപങ്ങളാണ് ഇതിനെ തുടർന്ന് പാക്കിസ്ഥാനിൽ അരങ്ങേറിയത്. സൈഫർ, ഇദ്ദത്ത്, തോഷഖാന കേസുകളിൽ കഴിഞ്ഞ വർഷം, അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള കേസുകള്‍ 'രാഷ്ട്രീയ പ്രേരിതം' ആണെന്നായിരുന്നു ഇമ്രാന്റെ ആരോപണം.