മണ്ണാർക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയുടേതാണ് നടപടി
പാലക്കാട് നബീസ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. നബീസയുടെ മകളുടെ മകൻ ബഷീർ, ഭാര്യ ഫസീല എന്നിവർക്കാണ് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. മണ്ണാർക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയുടേതാണ് നടപടി. എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്.
12 വയസുള്ള മകനുള്ളതിനാൽ ശിക്ഷയിൽ ഇളവുവേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല. ഫസീല മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് വർഷം കഠിന തടവ് ശിക്ഷ ലഭിച്ചിരുന്നു. 2018ൽ പാലക്കാട് കല്ലേക്കാടിന് സമീപത്ത് ഫ്ലാറ്റിൽ നിന്നും സ്വർണ കവർന്ന കേസിൽ പ്രതിയുമാണ്. തൃപ്പൂണിത്തുറയിലും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കും; ഷാരോണ്‍ വധക്കേസിൽ ഇന്ന് ശിക്ഷാവിധി ഇല്ല?
2016 ലാണ് തോട്ടര സ്വദേശിയായ നബീസയെ പ്രതികൾ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെങ്കിലും നബീസയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. വ്യാജ ആത്മഹത്യാക്കുറിപ്പും ഇവർ തയ്യാറാക്കിയിരുന്നു. എന്നാൽ, അക്ഷരാഭ്യാസമില്ലാത്ത നബീസയുടെ ആത്മഹത്യാക്കുറിപ്പ് സംശയങ്ങൾക്ക് കാരണമായി. ഫസീല വീട്ടിലേക്ക് വരുന്നതിന് നബീസ തടസമായതാണ് കൊലപാതകത്തിന് പ്രേരകമായത്.