കൊല്‍ക്കത്തയില്‍ വനിതാ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിതാവ്.
പശ്ചിമ ബംഗാള്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ബാലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ആദ്യഘട്ടത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താതെ പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു.
'പൊലീസ് ആദ്യഘട്ടത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ശ്രമിച്ചു. ഞങ്ങളെ മകളുടെ ശരീരം കാണാന്‍ പൊലീസ് വിസമ്മതിച്ചു. മാത്രമല്ല, മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടു പോകുന്ന സമയത്തും ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. മൃതശരീരം വിട്ടു നല്‍കിയ സമയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു,' പിതാവ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ വനിതാ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിതാവ്. തന്റെ മകള്‍ക്ക് നീതി ലഭിക്കുന്നതിനായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേരുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ALSO READ: സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ; ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഡോക്ടറുടെ കൊലപാതകത്തില്‍ കൊല്‍ക്കത്ത പൊലീസ് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നേരത്തെ തന്നെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടത്.
പിന്നാലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഓഗസ്റ്റ് ഒന്‍പതിനാണ് മെഡിക്കല്‍ കോളേജിലെ സെമിനാര്‍ കോംപ്ലക്‌സില്‍ ക്രൂരമായി അര്‍ധ നഗ്നയായി മരിച്ച നിലയില്‍ ജൂനിയര്‍ ഡോക്ടറുടെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരിയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.