ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്.
ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവ് പി.സി. ജോർജ് തിങ്കളാഴ്ച ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുമെന്ന വിവരം മകൻ ഷോൺ ജോർജാണ് അറിയിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്.
അറസ്റ്റ് ചെയ്യാൻ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തിയെങ്കിലും പി.സി. ജോർജ് സ്ഥലത്തില്ലായിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന തീരുമാനത്തെ തുടർന്ന് പി.സി. ജോർജ് ഒളിവിൽ പോയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് ഹാജരാകാമെന്ന് പൊലീസിനെ അറിയിച്ചതായി ഷോൺ ജോർജ് അറിയിച്ചു. സംഭവത്തിൽ മകൻ ഷോൺ ജോർജ് വിശദീകരണവും നൽകി.
തീവ്രവാദികൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നായിരുന്നു ഷോൺ ജോർജിൻ്റെ പ്രസ്താവന. പി.സി. ജോർജിന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ അതിന് പിറ്റേദിവസം തന്നെ മാപ്പ് ചോദിച്ചതാണ്. എന്നും ഈരാറ്റുപേട്ടയ്ക്ക് ഒപ്പം നിന്ന ആളാണ് പിസി. ഇന്ന് ഈരാറ്റുപേട്ടയിൽ കാണുന്നതെല്ലാം പി.സി. ജോർജ് ഉണ്ടാക്കിയതാണ്. അദ്ദേഹം ഏറെ സ്നേഹിച്ച നാട് തെറ്റായ രീതിയിൽ പോകുമ്പോഴും വിമർശിച്ചിട്ടുണ്ടെന്നും പി.സി. ജോർജിൻ്റെ തോൽവി പോലും ഇത്തരം വിമർശനങ്ങളുടെ അനന്തര ഫലം ആണെന്നും ഷോൺ ജോർജ് പറഞ്ഞു.
ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ല. നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീങ്ങളും ഇവിടെയുണ്ട് എന്നാൽ അത്തരക്കാർക്കെതിരെയായിരുന്നില്ല പിസിയുടെ പ്രസ്താവന. തീവ്രവാദ ആശയം പിന്തുടരുന്നവരെ വേറെന്താണ് വിളിക്കേണ്ടതെന്നും തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ കെസിവൈഎം പ്രവർത്തകർ എന്ന് വിളിക്കാൻ പറ്റുമോയെന്നും ഷോൺ ജോർജ് ചോദിച്ചു. പാർട്ടിയുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നും ഷോൺ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി പി.സി. ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കമമെന്ന് കേസിൽ വാദം നടക്കുന്ന വേളയിൽ കോടതി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ ഇതിനനുസരിച്ച് നിയമനിർമാണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞികൃഷ്ണനാണ് ജാമ്യാപേക്ഷ തള്ളിയത്.
പി.സി. ജോർജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. പി.സി. ജോര്‍ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ല. മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ കഴുകിക്കളയാനാവില്ല. അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. 30 വര്‍ഷം എംഎല്‍എയായിരുന്നയാളുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കാണുന്നുണ്ട്.
സമൂഹത്തിലെ റോള്‍ മോഡലുകളാണ് രാഷ്ട്രീയ നേതാക്കള്‍. ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ മുളയിലേ നുള്ളണം. കുറ്റക്കാർക്ക് പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുത്. ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കണം. പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തി. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി നിരീക്ഷിച്ചു.