വിജയിക്കും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കമല ഹാരിസിൻ്റെ അമ്മയുടെ ജന്മനാട്
ഏറെ പ്രതീക്ഷയോടെയാണ് തമിഴ്നാട്ടിലെ തഞ്ചാവൂർ തുളസേന്ദ്രപുര നിവാസികൾ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. അമേരിക്കയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകാംക്ഷയും പ്രാർത്ഥനയും ഇങ്ങ് തഞ്ചാവൂരിലായിരുന്നു. തങ്ങളുടെ അഭിമാനമായ കമലാ ഹാരിസ് വിജയിക്കും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കമലയുടെ അമ്മയുടെ ജന്മനാട്. കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയതും ഇതിൻ്റെ ഭാഗമായാണ്.
തിരാവൂർ ജില്ലയിലെ തുളസേന്ദ്രപുരമാണ് പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിൻ്റെ അമ്മയുടെ ജന്മസ്ഥലം. കമലയുടെ മുത്തച്ഛൻ പി.വി.ഗോപാലൻ ഇവിടെയാണ് ജനിച്ചു വളർന്നത്. പിന്നീടാണ് അമേരിക്കയിലേക്ക് കുടിയേറിയത്. പി.വി. ഗോപാലൻ്റെ ബന്ധുക്കൾ ഇന്നും ആ ഗ്രാമത്തിലുണ്ട്. ശ്വാസമടക്കിപ്പിടിച്ചാണ് അവർ അമേരിക്കൻ തെരഞ്ഞെടുപ്പ് കണ്ടത്.
"ഞങ്ങൾ കമലയുടെ വിജയം പ്രതീക്ഷിച്ചിരുന്നു, ദീപാവലിയേക്കാൾ വലിയ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരുന്നു. പടക്കം പൊട്ടിക്കാനും, മധുരപലഹാരങ്ങൾ വിതരണം ചെയ്യാനും, ക്ഷേത്ര പൂജകൾ നടത്താനും, സമൂഹസദ്യക്കുമെല്ലാം ക്രമീകരണങ്ങൾ നടത്തിയിരുന്നു," തുളസേന്ദ്രപുരത്തെ കൗൺസിലർ ജെ. സുധാകർ പിടിഐയോട് സംസാരിക്കവെ വ്യക്തമാക്കി.
കനത്ത പോരാട്ടമായിരുന്നു അമേരിക്കയിൽ നടന്നത്. വിജയവും പരാജയവും ജീവിതത്തിൻ്റെ ഭാഗമാണ്. കമലയുടെ പോരാട്ടവീര്യത്തെ തീർച്ചയായും അഭിനന്ദിക്കണം. കമല ഒരു പോരാളിയാണ്, അടുത്ത തെരഞ്ഞെടുപ്പിൽ അവർ തീർച്ചയായും തിരിച്ചുവരവ് നടത്തുമെന്നും ജെ. സുധാകർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
രാവിലെ മുതൽക്കെ തുളസേന്ദ്രപുരത്തെ ക്ഷേത്രവും പരിസരവും ആളുകളാൽ നിറഞ്ഞിരുന്നു. അവസാന നിമിഷമെങ്കിലും കമല ഹാരിസ് ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ പ്രാർത്ഥന ഫലം കണ്ടില്ല. അടുത്ത തവണ ഭൂരിപക്ഷം ഇരട്ടിയാക്കി കമല ജയിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും മടങ്ങിയത്.