പരിചിതമല്ലാത്ത കാലാവസ്ഥയുമുണ്ടാക്കിയ അലര്‍ജി പ്രശ്‌നങ്ങളാണ് ശാരീരിക പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.
മഹാ കുംഭമേള കാണാനെത്തിയ ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പങ്കാളി ലോറീന്‍ പവല്‍ ജോബ്സ് തലചുറ്റി വീണു. നിയന്ത്രണാതീതമായ ജനക്കൂട്ടവും പരിചിതമല്ലാത്ത കാലാവസ്ഥയുമുണ്ടാക്കിയ അലര്‍ജി പ്രശ്‌നങ്ങളാണ് ശാരീരിക പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. സ്വാമി കൈലാസാനന്ദ ഗിരിക്കൊപ്പമാണ് ലോറീന്‍ പവല്‍ ജോബ്സിന്റെ താമസം.
'അവര്‍ക്ക് ചില അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ട്. അവര്‍ ഇതുവരെ ഇത്രയും വലിയ ആള്‍ക്കൂട്ടത്തില്‍ പങ്കെടുത്തിട്ടില്ല. ലോറീന്‍ വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ്. പൂജ സമയത്ത് അവര്‍ ഞങ്ങള്‍ക്കൊപ്പമാണ് താമസിച്ചത്,' കൈലാസാനന്ദ ഗിരി പറഞ്ഞു.
ALSO READ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് പരുക്ക്
മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ചയാണ് ലോറീന്‍ ഇന്ത്യയില്‍ എത്തിയത്. കൈലാസാനന്ദ ഗിരി ലോറീന് കമലയെന്ന് പേര് നല്‍കുകയും ചെയ്തിരുന്നു. ജനുവരി 15 വരെ ലോറീന്‍ ഇന്ത്യയില്‍ തന്നെയുണ്ടാകും. തുടര്‍ന്ന് ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ലോറീന്‍ അമേരിക്കയിലേക്ക് തിരിക്കും.
ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമമായി വിശേഷിപ്പിക്കപ്പെടുന്ന കുംഭമേള ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ് രാജില്‍ നടക്കുന്ന പൂര്‍ണ കുംഭമേളയായതിനാല്‍ കോടിക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.