തിരക്ക് നിയന്ത്രിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മാൻഹട്ടിലേക്ക് പ്രവേശിക്കുന്നതിനായി അധികാരികൾ ടോൾ ഏർപ്പെടുത്തിയത്
അമേരിക്കയിലെ ന്യൂയോർക്കിൽ ടോൾ പിരിവ് പ്രാബല്യത്തിൽ വന്നതോടെ ട്രാഫിക്കിൽ വലിയ കുറവ് സംഭവിച്ചുവെന്ന് റിപ്പോർട്ട്. തിരക്കേറിയ മണിക്കൂറുകളിൽ മാൻഹട്ടനിലേക്ക് സഞ്ചരിക്കാൻ ചെലവാകുന്നത് 9 ഡോളറായതോടെയാണ് നഗരത്തിലെ വലിയ ട്രാഫിക്കിന് കുറവ് സംഭവിച്ചത്. ജനുവരി അഞ്ചിനാണ് ന്യൂയോർക്കിൽ ഈ നിയമം പ്രാബല്യത്തിൽ വന്നത്.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക്. ഈ തിരക്ക് നിയന്ത്രിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് മാൻഹട്ടിലേക്ക് പ്രവേശിക്കുന്നതിനായി അധികാരികൾ ടോൾ ഏർപ്പെടുത്തിയത്. ഇതോടെ ന്യൂയോർക്കിലെ ട്രാഫിക് ക്രമാതീതമായി കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തിങ്കൾ മുതൽ വെള്ളി വരെ നഗരത്തിലെത്തിയ കാറുകളിൽ മുൻ കാലയളവിനെ അപേക്ഷിച്ച് 2,73,000 കാറുകളുടെ കുറവ് രേഖപ്പെടുത്തിയെന്ന് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു. മുൻ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കണക്കിൽ 7.5 ശതമാനത്തിൻ്റെ കുറവാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ട്രാഫിക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അമേരിക്കയിൽ ആദ്യമായാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത്. നഗരത്തിലെ ട്രാഫിക് കുറഞ്ഞെന്നും റോഡുകൾ സുരക്ഷിതമായെന്നും പൊതുഗതാഗത സംവിധാനം ശക്തിപ്പെട്ടുവെന്നും ന്യൂയോർക്കേഴ്സ് പറയുന്നു. ട്രാഫിക് നിയന്ത്രിക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയെന്നതും ഈ നിയമത്തിൻ്റെ ലക്ഷ്യമായിരുന്നു. എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ടൈംസ് സ്‌ക്വയർ, വാൾസ്ട്രീറ്റിന് പുറത്തെ ഫിസാൻഷ്യൽ ജില്ലാ പ്രദേശം എന്നിവിടങ്ങളിലാണ് കൺജഷൻ മേഖലയായി തിരിച്ചിരിക്കുന്നത്.
തിരക്കേറിയ മണിക്കൂറുകളിലും തിരക്ക് കുറഞ്ഞ മണിക്കൂറുകളിലും വാഹനത്തിൻ്റെ വലിപ്പത്തിന് അനുസരിച്ച് അടക്കേണ്ട തുകയിലും വ്യത്യാസം വരും. തിരക്കേറിയ മണിക്കൂറുകളിൽ മാൻഹാട്ടനിലേക്ക് പ്രവേശിക്കാൻ കാർ ഡ്രൈവർമാർ 9 ഡോളറും ചെറിയ ബസുകൾക്ക് 14.10 ഡോളറും ടൂറിസ്റ്റ് ബസുകൾക്കും വലിയ ട്രക്കുകൾക്കും 21.60 ഡോളറും ചെലവ് വരും. തിരക്ക് കുറയുന്ന സമയത്ത് ഈ തുകയേക്കാൾ കുറവ് തുകയാകും ഓരോ ഡ്രൈവർമാരും ടോളായി നൽകേണ്ടിവരിക.
അതേ സമയം നിയമത്തിനെതിരെ വിമർശനവുമായി പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഓഫീസിലേക്ക് തിരികെയെത്തിയാൽ നിയമം എടുത്തുകളയുമെന്നാണ് നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.