പാലക്കാട് മണ്ഡലത്തിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു
പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നിച്ചു നിൽക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. കെപിസിസി ജനറൽ സെക്രട്ടറി എം. ലിജുവിൻ്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. പാലക്കാട് മണ്ഡലത്തിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഐ ഗ്രൂപ്പിൽ പെട്ടവരാണ് രാജിക്കൊരുങ്ങുന്നതെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് പാർട്ടിയുടെ അനുനയിപ്പിക്കൽ ശ്രമം.
ALSO READ: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്ക്
നേരത്തെ പാർട്ടി നടപടിയിൽ കടുത്ത അസംതൃപ്തി പ്രകടിപ്പ് പി. സരിൻ പുറത്തുപോയതിനു പിന്നാലെ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും പാർട്ടി വിട്ടിരുന്നു. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ നിർത്തിയതിനു പിന്നാലെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമായത്. ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി രാഹുലിനെതിരെ മത്സരരംഗത്തുള്ളത് പി. സരിനാണ്. പാലക്കാട് സ്വതന്ത്യ സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് എ.കെ. ഷാനിബും സൂചന നൽകിയിരുന്നു. എന്നാൽ സ്ഥാനാർഥിത്വം ആരെ ബാധിക്കും എന്ന് ആലോചിച്ചാവും അന്തിമ തീരുമാനമെന്നും ഷാനിബ് പറഞ്ഞിരുന്നു.
ALSO READ: ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം, വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
ഷാനിബിന് പിന്നാലെ യൂത്ത് കോൺഗ്രസ് കപ്പുർ മുൻ മണ്ഡലം പ്രസിഡണ്ട് വിമൽ പി.ജിയും പാർട്ടി വിടുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അമർഷം കടിച്ചമർത്തി നിരവധിപേരാണ് കോൺഗ്രിസിനുള്ളിലുള്ളതെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തിയേക്കാമെന്ന സരിൻ്റെ പ്രസ്താവനയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് കോൺഗ്രസിൽ നിന്ന് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്.