ബ്രേസ്‌ലെറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം; കൊടുങ്ങല്ലൂരില്‍ കാന്‍സര്‍ രോഗിയായ മധ്യവയസ്‌കന് പൊലീസ് മര്‍ദനം
logo

ന്യൂസ് ഡെസ്ക്

Posted : 02 Feb, 2025 06:24 AM

ഒൻപത് വർഷത്തിലധികമായി തൈറോയിഡ് ക്യാൻസറിന് ചികിത്സ തേടുന്ന വ്യക്തിയാണ് പരാതിക്കാരനായ ഉണ്ണിക്കുട്ടൻ

KERALA


തൃശൂർ കൊടുങ്ങല്ലൂരിൽ ക്യാൻസർ രോഗിയായ മധ്യവയസ്കനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി ഉണ്ണിക്കുട്ടനാണ് കൊടുങ്ങല്ലൂർ എസ്ഐയും സംഘവും മർദിച്ചതായി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തന്റെ ജ്യൂസ് കടക്ക് സമീപം നടന്ന അപകടത്തിപ്പെട്ടയാളുടെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടത് ചോദ്യം ചെയ്തായിരുന്നു ക്രൂരമർദനമെന്നും പരാതിക്കാരൻ പറയുന്നു.

ഒൻപത് വർഷത്തിലധികമായി തൈറോയിഡ് ക്യാൻസറിന് ചികിത്സ തേടുന്ന വ്യക്തിയാണ് പരാതിക്കാരനായ ഉണ്ണിക്കുട്ടൻ. ജനുവരി ആദ്യവാരം കൊടുങ്ങല്ലൂർ ടികെഎസ് പുരത്തെ ഉണ്ണിക്കുട്ടന്‍റെ കരിമ്പിൻ ജ്യൂസ് കടയ്ക്ക് മുന്നിൽ ഒരു ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ടു. രണ്ടാഴ്ചക്ക് ശേഷം ഇയാളുടെ സ്വർണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി അറിയിച്ച് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്ന് പൊലീസെത്തി. ബ്രേസ്‌ലെറ്റിനെ കുറിച്ച് ചോദിച്ച പൊലീസുകാരോട് സമീപത്തെ സിസിടിവി പരിശോധിക്കാൻ ഉണ്ണിക്കുട്ടൻ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുക ആയിരുന്നുവെന്നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവത്തെ കുറിച്ച് ഉണ്ണിക്കുട്ടൻ പറയുന്നത്. മർദനത്തിനിടെ താൻ ക്യാൻസർ രോഗിയാണ് എന്നറിയിച്ചിട്ടും കൊടുങ്ങല്ലൂർ എസ്ഐയും കണ്ടാലറിയാവുന്ന സിപിഒമാരും മർദനം തുടരുക ആയിരുന്നുവെന്നും ഉണ്ണിക്കുട്ടൻ പറയുന്നു.


Also Read: തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച



അപകടത്തിന് ശേഷം പൊലീസ് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ണിക്കുട്ടൻ മറ്റൊരാളോട് സംസാരിക്കുന്നത് കാണാം. ശേഷം ഉണ്ണിക്കുട്ടൻ നടന്ന് നീങ്ങുമ്പോൾ കയ്യിലിരുന്ന ഒരു വസ്തു മതിലിൽ വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും. എന്നാൽ ദിവസേന നിരവധിയാളുകളെ ഇതേ സ്ഥലത്ത് വെച്ച് കാണുന്ന തനിക്ക് ഇയാളാരാണെന്ന് അറിയില്ലെന്നാണ് ഉണ്ണിക്കുട്ടൻ പറയുന്നത്. ആഴ്ചകളായി പൊലീസ് അന്വേഷണം നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും അതിന്റെ ദേഷ്യത്തിലാകാം തന്നെ മർദിച്ചതെന്നും പരാതിക്കാരൻ പറയുന്നു. സംഭവത്തിൽ ക്രൂരമായ മർദനം നേരിട്ട ഉണ്ണിക്കുട്ടന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശന വേദിയും പരാതി നൽകിയിട്ടുണ്ട്.

Also Read: 2026 നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ



ക്രൂരമായി തന്നെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ മടിച്ച ഉണ്ണിക്കുട്ടൻ ശ്രീനാരായണ ദർശന വേദിയുടെ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഡിവൈഎസ്പിക്ക് പരാതി നൽകിയത്. സംഭവം ചൂണ്ടിക്കാട്ടി ശ്രീനാരായണ ദർശനവേദിയും സിഐക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താനോ മറ്റ് നടപടികൾ സ്വീകരിക്കാനോ പൊലീസ് തയ്യാറായിട്ടില്ലെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

KERALA
തിരുവനന്തപുരത്തും പാലക്കാടും പാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി അപകടം; നാല് പേർ മരിച്ചു
Also Read
Share This