കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് പൂനെയിൽ എത്തി അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പൂനെ റെയിൽവേ സ്റ്റേഷനടുത്തുള്ള എ ടി എമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിക്കുന്ന ദൃശ്യം മാത്രമാണ് ആകെ ലഭിച്ചത്.
എലത്തൂർ സ്വദേശിയായ മലയാളി സൈനികൻ വിഷ്ണുവിനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും എങ്ങുമെത്താതെ പൊലീസ് അന്വേഷണം. പൂനെ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദൃശ്യം അടക്കം ലഭിച്ചെങ്കിലും ഇതുവരെ വിഷ്ണുവിനെ കണ്ടെത്താനായിട്ടില്ല. കേന്ദ്ര ഇടപെടൽ ഉറപ്പാക്കുമെന്ന് സൈനികന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ഒന്നര വർഷമായി പൂനെ മിലിട്ടറി അക്കാദമിയിൽ ജോലി ചെയ്യുകയായിരുന്ന വിഷ്ണുവിനെ ഈ മാസം 17 മുതലാണ് കാണാതാകുന്നത്. 17 ന് പുലർച്ചെ രണ്ടേകാലോടെ കണ്ണുരിലെത്തിയെന്ന് അമ്മക്ക് വാട്സ്ആപ്പിൽ ശബ്ദ സന്ദേശം അയച്ചു. എന്നാൽ അമ്മക്ക് മെസ്സേജ് അയക്കുമ്പോൾ വിഷ്ണുവിൻ്റെ ഫോൺ ലൊക്കേഷൻ പൂനെയിൽ ആയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് പൂനെയിൽ എത്തി അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പൂനെ റെയിൽവേ സ്റ്റേഷനടുത്തുള്ള എ ടി എമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിക്കുന്ന ദൃശ്യം മാത്രമാണ് ആകെ ലഭിച്ചത്. നാട്ടിലേക്ക് പോകുകയാണെന്നാണ് വിഷ്ണു മിലിറ്ററി അക്കാദമിയിയിൽ അറിയിച്ചത്. വിഷ്ണുവിന്റെ ഫോൺ ലൊക്കേഷൻ ലഭിക്കാത്തതാണ് അന്വേഷണത്തിന് തിരിച്ചടി.
വിഷ്ണുവിനെ കണ്ടെത്തുന്നതിൽ എല്ലാവിധ ഇടപെടലുകളും ഉണ്ടാകുമെന്ന് എലത്തൂരിലെ വീട് സന്ദർശിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉറപ്പ് നൽകി. മഹാരാഷ്ട്ര സർക്കാരുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോർജ് കുര്യൻ വിഷ്ണുവിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.