ഡിസിപി (സെന്‍ട്രല്‍ സോണ്‍) അക്ഷാൻഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. രാവിലെ പതിനൊന്നു മണിയോടെയാണ് താരം ചോദ്യം ചെയ്യലിനു ഹാജരായത്. ഡിസിപി (സെന്‍ട്രല്‍ സോണ്‍) അക്ഷാൻഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിതാവും സിനിമ നിർമാതാവുമായ അല്ലൂ അരവിന്ദ്, അഭിഭാഷകർ എന്നിവർക്കൊപ്പമാണ് അല്ലൂ അർജുന്‍ എത്തിയത്.
സിനിമയുടെ പ്രീമിയറിൽ പങ്കെടുക്കാൻ പൊലീസ് അനുമതി നിഷേധിച്ച കാര്യം അറിയാമായിരുന്നോ? പൊലീസ് അനുമതി നിഷേധിച്ചിട്ടും (നടന് പ്രത്യേക സ്ക്രീനിങ്ങിൽ പങ്കെടുക്കാൻ) പദ്ധതിയുമായി മുന്നോട്ട് പോകാൻ ആരാണ് തീരുമാനിച്ചത്? പുറത്തെ തിരക്കിനെപ്പറ്റി ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നോ? യുവതിയുടെ മരണത്തെക്കുറിച്ച് എപ്പോഴാണ് അറിഞ്ഞത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പൊലീസ് അല്ലു അർജുനോട് ചോദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അപകടം നടന്ന സന്ധ്യാ തിയേറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അര്‍ജുന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ നേരത്തെ പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു.
സംഭവത്തില്‍ ഡിസംബർ 13ന് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. നരഹത്യക്കുറ്റം ചുമത്തിയായിരുന്നു നടപടി. എന്നാല്‍, മണിക്കൂറുകള്‍ക്കകം തെലുങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. അതേസമയം, അല്ലു അർജുൻ്റെ സുരക്ഷാമാനേജർ ആന്‍റണി ജോണിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ആരാധകരെ ബൗണ്‍സര്‍ വടികൊണ്ട് തല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Also Read: 'വയലന്‍സിന്‍റെ അതിപ്രസരമുള്ള ചിത്രം'; മാർക്കോ 18 വയസിനു താഴെയുള്ളവരെയും കാണിക്കുന്നുവെന്ന് പരാതി