അതേസമയം, ഷൈനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഫിലിം ചേംബർ
ലഹരിക്കേസിൽ ജാമ്യത്തിൽ വിട്ടയച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി ഇഴകീറി പരിശോധിക്കാൻ പൊലീസ്. നാളത്തെ ചേദ്യം ചെയ്യലിൽ ലഹരി വരവിന്റെ സ്രോതസും അതിലെ കണ്ണികളെയും ചോദിച്ചറിയുകയാണ് ലക്ഷ്യം. ഷൈൻ ഹോട്ടലിൽ കണ്ടവരുടെ പട്ടികയും പൊലീസ് തയാറാക്കും. ഡ്രഗ് ഡീലർ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അതേസമയം, ഷൈനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഫിലിം ചേംബർ. നാളെ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഷൈനെതിരെ നടപടിയുണ്ടാകും.
കേസിൽ അറസ്റ്റിലായ ഷൈനിനെ സ്റ്റേഷൻ ജാമ്യത്തിൽ കഴിഞ്ഞദിവസം തന്നെ വിട്ടയച്ചിരുന്നു. മാതാപിതാക്കളാണ് ഷൈനിനു വേണ്ടി ജാമ്യം നിന്നത്. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 27, 29, ഭാരതീയ ന്യായസംഹിതയിലെ 238 എന്നീ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വേദാന്ത ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തത നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പൊലീസിന്റെ നോട്ടീസ്. ലഹരി ഇടപാട് നടത്തുന്ന സജീറിനെ തേടിയാണ് ഡാൻസാഫ് സംഘം ഇക്കഴിഞ്ഞ പതിനേഴാം തീയതി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. പൊലീസ് സംഘം എത്തിയതും ഷൈന്‍ ഇറങ്ങിയോടി.
ഡാൻസാഫ് സംഘം എത്തിയപ്പോൾ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈൻ ചോദ്യംചെയ്യലിൽ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും ആ ദിവസം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ല. സിനിമ മേഖലയിൽ തനിക്ക് ശത്രുക്കളുണ്ട്. അവർ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഷൈൻ മൊഴി നൽകി. സജീറുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസ് എടുക്കാൻ തീരുമാനമായത്. സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.