കാറിൽ കയറി പണം തട്ടിയെടുത്തവർ തലയ്ക്ക് മർദിച്ചുവെന്നും ബോധം നഷ്ടമായെന്നും സുഹൈൽ പറയുന്നുണ്ടെങ്കിലും, തലയിൽ കാര്യമായി പരിക്കേറ്റ മുറിവോ... പാടോ ഇല്ല
കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ ദുരൂഹത. മോഷ്ടാക്കൾ ബന്ദിയാക്കിയ സുഹൈലിന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് കൊയിലാണ്ടി പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കാട്ടിലപീടികയ്ക്ക് സമീപം നടന്ന കവർച്ചയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ എടിഎമ്മിൽ നിറയ്ക്കാനായി കയ്യിൽ കരുതിയ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു മൊഴിയെങ്കിലും, ഇന്ന് 72.4 ലക്ഷം രൂപയിലേക്ക് ഉയർന്നു. ഈ മൊഴി മാറ്റലിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സാധാരണ ബൈക്കിലാണ് പണം കൊണ്ടുപോകാറെന്നും, ഇന്നലെ പണം കൊണ്ടുപോകാനായി കാർ എടുത്തെന്നുമാണ് സുഹൈലിൻ്റെ മൊഴി.
കാറിൽ കയറി പണം തട്ടിയെടുത്തവർ തലയ്ക്ക് മർദിച്ചുവെന്നും ബോധം നഷ്ടമായെന്നും സുഹൈൽ പറയുന്നുണ്ടെങ്കിലും, തലയിൽ കാര്യമായി പരിക്കേറ്റ മുറിവോ പാടോ ഇല്ല. കാറിൽ വരുന്നതിനിടെ പർദ്ദയിട്ട യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചു. ഇവർ കാറിൽ കയറിയതിന് ശേഷം എന്താണ് നടന്നതെന്ന് ഓർമയില്ലെന്നും സുഹൈൽ മൊഴി നൽകിയിട്ടുണ്ട്.
പയ്യോളി സ്വദേശി സുഹൈലിനെയാണ് ഇന്നലെ മുളകുപൊടി എറിഞ്ഞ് കാറിൽ ബന്ധിയാക്കിയത്. എടിഎമ്മിൽ നിറയ്ക്കാനുള്ള പണവുമായി പോവുകയായിരുന്നു സുഹൈൽ.