സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുൻപിലോ, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിലോ ഹാജരായി ജാമ്യമെടുക്കുകയാണ് ദിവ്യക്ക് അടുത്തതായി ചെയ്യാനുള്ളത്
രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് രാഷ്ട്രീയ കേരളം. വയനാട്ടിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവോട് കൂടി ദേശീയ തലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഭൂമികയായി കേരളം ശ്രദ്ധിക്കപ്പെടുമ്പോൾ ഭരണകക്ഷിയായ എൽഡിഎഫ് സർക്കാർ വിവാദങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുകയാണ്.
കേരള പൊലീസിലെ ക്രിമിനലുകളെ കുറിച്ചും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സ്വർണക്കടത്ത് സംഘവും തമ്മിൽ നിഗൂഢമായ ഇടപാടുകൾ ഉണ്ടെന്നുമുള്ള പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകളാണ് ആദ്യം ഇടതു മുന്നണിയെ പിടിച്ചുകുലുക്കിയത്. അൻവറിനെ മുന്നണിയിൽ നിന്നും മാറ്റിനിർത്തി വിവാദങ്ങളുടെ മുനയൊടിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കിടെയാണ്, അടുത്ത വെള്ളിടിയായി കണ്ണൂരിലെ എഡിഎം നവീൻ ബാബുവിൻ്റെ മരണ വാർത്ത ഇടതു കേന്ദ്രങ്ങളിലെത്തുന്നത്. പ്രതിസ്ഥാനത്ത് വന്നത് കണ്ണൂരിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പി.പി. ദിവ്യയായിരുന്നു.
പി.പി. ദിവ്യയെ തള്ളി സർക്കാരും ഇടതു മുന്നണിയും നവീൻ ബാബുവിൻ്റെ കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അധികാര കേന്ദ്രങ്ങളിലുള്ള ഇടതു നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുന്നത് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്നാണ് അവരുടെ പ്രധാന ആശങ്ക.
ദിവ്യ എവിടെ? രഹസ്യ കവചമൊരുക്കുന്നതാര്?
തലശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കേരളക്കരയുടെ ശ്രദ്ധ ഇപ്പോൾ പി.പി. ദിവ്യയിലേക്കും കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ്. പി.പി. ദിവ്യ എവിടെ പോയി? എഡിഎമ്മിൻ്റെ മരണത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വാദിക്കുന്ന ദിവ്യയെ പിടികൂടാൻ ആഴ്ചകളോളമായി, 'രാജ്യത്തെ മികച്ച പൊലീസ് സേന'യെന്ന് മുഖ്യമന്ത്രി നിരന്തരം പുകഴ്ത്തുന്ന കേരള പൊലീസ് ശ്രമം നടത്തുന്നുണ്ട്. തെരച്ചിൽ ഊർജിതമാണെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ നിന്ന് ദിവ്യയെ പൊക്കാനുള്ള പാങ്ങൊന്നും ഈ സേനയ്ക്കില്ല എന്നതാണ് വാസ്തവം.
തെരഞ്ഞെടുപ്പ് സമയത്ത് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുന്നത് തിരിച്ചടിയാകുമോയെന്ന് പാർട്ടിക്ക് സംശയമുണ്ടാകുമെന്നതും സ്വാഭാവികം മാത്രം. നേരത്തെ ദിവ്യയെ തള്ളിപ്പറഞ്ഞ് ഇടതു സർക്കാരും, സിപിഎം സംസ്ഥാന, ജില്ലാ കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. അതോടൊപ്പം ജില്ലാ കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തുകയും ചെയ്തിരുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.
ഒളിവിൽ കഴിയുന്ന ദിവ്യ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആശുപത്രിയിൽ എത്തിയതെന്നാണ് സൂചന. ചില പൊലീസുകാർ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതിലും നീതി നിഷേധിക്കപ്പെടുന്നതിലും നവീൻ ബാബുവിൻ്റെ കുടുംബം ഏറെ ദുഃഖിതരാണ്.
ജാമ്യം തള്ളിയതോടെ ഇനി അറസ്റ്റിലേക്ക്?
തലശേരി സെഷൻസ് കോടതി ജാമ്യം തള്ളിയതോടെ എഡിഎമ്മിൻ്റെ മരണത്തിൽ പി.പി. ദിവ്യയുടെ അനിവാര്യമായ അറസ്റ്റിലേക്ക് നീങ്ങാൻ കണ്ണൂരിലെ പൊലീസ് മേധാവികൾക്ക് മേൽ സമ്മർദ്ദം വർധിക്കുമെന്നുറപ്പാണ്. നവീൻ ബാബു ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് പി.പി. ദിവ്യ നിയമനടപടി നേരിടുന്നത്.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുൻപിലോ, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിലോ ഹാജരായി ജാമ്യമെടുക്കുകയാണ് ദിവ്യക്ക് അടുത്തതായി ചെയ്യാനുള്ളത്. സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയുമാകാം.
ALSO READ: സംഘടനപരമായ രീതിയിൽ ആലോചിക്കും'; പി.പി. ദിവ്യക്കെതിരെ സിപിഎം നടപടിയെന്ന് സൂചന നൽകി എം.വി. ഗോവിന്ദൻ
ജാമ്യാപേക്ഷയിൽ നടന്നത് കടുത്ത വാദമുഖങ്ങൾ
നേരത്തെ തലശേരി സെഷൻസ് കോടതിയിൽ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വലിയ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും പ്രതിഭാഗം വൈകാരികമായി വാദിച്ചപ്പോൾ, അതിൻ്റെയെല്ലാം മുനയൊടിക്കുന്ന വാദമുഖങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും എഡിഎമ്മിൻ്റെ കുടുംബവുമെല്ലാം സെഷൻസ് കോടതിയിൽ ഉയർത്തിയത്.
പി.പി. ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വാദം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാണ് എഡിഎമ്മിൻ്റെ യാത്രയയപ്പ് പരിപാടിയിലേക്ക് പ്രാദേശിക ചാനലുകാരനെ ക്ഷണിച്ചു വരുത്തി പ്രസംഗദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. ദിവ്യക്കെതിരായി പ്രാദേശിക ചാനൽ റിപ്പോർട്ടറും ക്യാമറമാനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യം ചിത്രീകരിച്ച മെമ്മറി കാർഡ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവീന്‍ ബാബുവിനെ പൊതുമധ്യത്തില്‍ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. കണ്ണൂരിലെ എഡിഎമ്മായിരുന്ന നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശേഷം സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലാണ് അപ്രതീക്ഷിത അതിഥിയായി പി.പി. ദിവ്യ എത്തിയത്.
അന്വേഷണവുമായി ദിവ്യ സഹകരിക്കുന്നില്ലെന്നും എല്ലാവരും കൂടി ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകുമെന്നും, പ്രോസിക്യൂട്ടറായ അജിത് കുമാർ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് തലശേരി സെഷൻസ് കോടതിയിൽ ആശങ്കയറിയിച്ചിരുന്നു. നേതാക്കൾ തന്നെ വിചാരണ നടത്തുകയാണെങ്കിൽ വിജിലൻസ് ഉൾപ്പെടെ മറ്റു സർക്കാർ സംവിധാനങ്ങൾ എന്തിനാണെന്നും പ്രോസിക്യൂട്ടർ ചോദിച്ചു. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെടാമായിരുന്നു. ഗംഗാധരൻ്റെ പരാതിയിൽ അഴിമതി പരാമർശമില്ലെന്നും, ഇക്കാര്യം ഗംഗാധരൻ മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ അജിത് കുമാർ കോടതിയെ അറിയിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ പി.പി. ദിവ്യ നടത്തിയ വ്യക്തിഹത്യയാണ് ആത്മഹത്യക്ക് കാരണമെന്നും, പ്രസംഗത്തിലൂടെ ദിവ്യ എഡിഎമ്മിന് മുന്നറിയിപ്പ് നൽകിയിരുന്നതായും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പി.പി. ദിവ്യക്ക് ജാമ്യം നൽകരുതെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും, ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എഡിഎമ്മിൻ്റെ യാത്രയയപ്പിന് പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും, വഴിയേ പോകുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ദിവ്യ തന്നെ പ്രസംഗത്തിൽ പറയുന്നുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പി.പി. ദിവ്യയാണ് ചടങ്ങ് കവർ ചെയ്യാൻ വിളിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ്റെ മൊഴിയുണ്ട്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ചുവാങ്ങിയെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അഴിമതി ആരോപണം ഉന്നയിക്കരുതെന്നും ഇത് അതിനുള്ള സ്ഥലമല്ലെന്ന് പി.പി. ദിവ്യയെ ഓർമപ്പെടുത്തിയെന്നും കളക്ടറുടെ മൊഴിയിലുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകൾ ഇല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളി
സൈബർ ആക്രമണം താങ്ങാനാകാതെ ദിവ്യ...
മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ നൽകിയത് താൻ തന്നെയാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ കോടതിക്ക് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. സ്ത്രീ എന്ന പരിഗണന നൽകി മുൻകൂർ ജാമ്യം അനുവദിക്കണമെന്നും തൻ്റെ മുൻകാല പ്രവർത്തനങ്ങളും ഉത്തരവാദിത്തവും കോടതി പരിഗണിക്കണമെന്നുമാണ് പി.പി. ദിവ്യ കോടതിയിൽ വാദമുന്നയിച്ചത്. അതേസമയം, എഡിഎം നവീൻ ബാബുവിനെതിരായ ആരോപണങ്ങളിൽ അവർ ഉറച്ചുനിൽക്കുകയുമാണ്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ നവീൻ ബാബുവിന് അന്നേ എതിർക്കാമായിരുന്നുവെന്നും, എന്നാൽ എഡിഎം ഒന്നും മിണ്ടാതെയിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പി.പി. ദിവ്യ വാദിച്ചു.
"എഡിഎമ്മിനെതിരായ ആരോപണങ്ങൾ വെറുതെ പറഞ്ഞതല്ല, പ്രശാന്തൻ്റേയും ഗംഗാധരൻ്റേയും പരാതി എനിക്ക് മുന്നിലുണ്ട്. അവർ പറഞ്ഞതിൻ്റെ യാഥാർഥ്യം അന്വേഷിക്കേണ്ടത് പൊലീസാണ്. രണ്ട് ദിവസത്തിനുള്ളിൽ സത്യാവസ്ഥ പുറത്തുവരും എന്നാണ് പറഞ്ഞത്. അത് എങ്ങനെ ആത്മഹത്യക്ക് കാരണമാകും. മുൻകൂർ ജാമ്യത്തിൽ എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്," ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞു.
തനിക്ക് പത്താം ക്ലാസുകാരിയായ മകളുണ്ട്, പിതാവ് രോഗബാധിതനാണ്. തനിക്കെതിരായ സൈബർ ആക്രമണം രൂക്ഷമാണ്. സമൂഹമാധ്യമങ്ങളിലെ കമന്റുകൾ വളരെ മോശമായി വരുന്നുണ്ട്. ഇതിൽ ആത്മഹത്യ ചെയ്ത് തീർക്കാനാണെങ്കിൽ ആയിരം ജന്മം പോരാതെ വരും. തനിക്ക് ജാമ്യം നൽകിയില്ലെങ്കിൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്നും പി.പി. ദിവ്യ ജാമ്യാപേക്ഷയിൽ വാദമുന്നയിച്ചു.