പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പതിനൊന്നാം ദിവസമാണ് ദിവ്യ മോചിതയായത്
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ജയിൽ മോചിതയായി. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നായിരുന്നു ദിവ്യയുടെ ആദ്യ പ്രതികരണം. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പതിനൊന്നാം ദിവസമാണ് ദിവ്യ മോചിതയായത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. വൈകുന്നേരം നാല് ഇരുപതോടെ ജയിലിലെത്തിയ അഭിഭാഷകൻ ഉത്തരവിന്റെ പകർപ്പ് കൈമാറി. നടപടിക്രമങ്ങൾക്ക് ശേഷമാണ് ദിവ്യ പുറത്തേക്കെത്തിയത്.
കണ്ണൂർ ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്ന് വിലയിരുത്തിയാണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.
ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ദിവ്യയെ കാത്ത് പാർട്ടി നേതാക്കൾ ജയിലിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. അഞ്ച് മണിയോടെയാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യ പുറത്തുവന്നത്. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്. സദുദ്ദേശ്യപരമായി മാത്രമേ ഇതുവരെ സംസാരിച്ചിട്ടുള്ളൂ. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നും ജയിൽ മോചിതയായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ദിവ്യ പറഞ്ഞു.
"മാധ്യമപ്രവർത്തകരായാലും നാട്ടുകാരായാലും പൊതുപ്രവർത്തന രംഗത്ത് കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ 14 വർഷമായി ഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായും, വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപാടുള്ളവരുമായി പോലും സഹകരിച്ച് വന്ന ആളാണ്. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തെ പോലെ വിഷയത്തിലെ സത്യം പുറത്തുവരണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്," മാധ്യമങ്ങളോട് സംസാരിക്കവെ പി.പി. ദിവ്യ പറഞ്ഞു.
ALSO READ: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പി.പി. ദിവ്യക്ക് ജാമ്യം
ജാമ്യം കിട്ടിയതിൽ സന്തോഷമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നുമായിരുന്നു ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ്റെ പ്രതികരണം. ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും മഞ്ജുഷ വ്യക്തമാക്കി. ദിവ്യയുടെ ജാമ്യം കളക്ടറെ ഭീക്ഷണിപ്പെടുത്തി മൊഴി മാറ്റിച്ച് നേടിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.
അതേസമയം പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറിയതിന് പി. പി. ദിവ്യയെ തരംതാഴ്ത്തിയിരിക്കുകയാണ് സിപിഎം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തു നിന്നും ഒഴിവാക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ പാർട്ടി പുറത്തിറക്കി. ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്നും ബ്രാഞ്ച് മെമ്പറിലേക്കാണ് തരംതാഴ്ത്തിയത്.
ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ പി.പി . ദിവ്യ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിൽ മനംനൊന്താണ് എഡിഎം ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നവീൻ ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. ദിവ്യയുടെ ആരോപണങ്ങളെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരൻ പ്രശാന്തനും രംഗത്തെത്തിയിjരുന്നു. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ദിവ്യയുടെ നിലപാട് നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും, ആളുകൾക്ക് മുമ്പിൽ അപമാനിതനായതിനാൽ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിപാടിയിൽ ജില്ലാ കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് പോയതെന്നാണ് ദിവ്യ ആദ്യം പറഞ്ഞത്. പിന്നീട് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ദിവ്യയുടെ വാദം നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ കളക്ടറുടെ വാദം ശരിവെച്ചു കൊണ്ട് അന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു. ഭീഷണിയുടെ സ്വരത്തിൽ കാര്യങ്ങൾ വിളിച്ചു പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
യാത്രയയപ്പ് വേളയിൽ ഉണ്ടായ ഇത്തരമൊരു സംഭവം നവീൻ ബാബുവിനെ സംബന്ധിച്ച് വലിയ മാനസിക സമ്മർദത്തിന് കാരണമായി. ഈ കാര്യം ബോധ്യപ്പെട്ടതിനാൽ കോടതിയും ഇത് ശരിവെക്കുകയാണ്. നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്.