സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുമാണ് ക്രമീകരണം ഏർപ്പെടുത്തിയത്
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയസംഭവത്തെ തുടർന്ന് ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് ഏർപ്പെടുത്തിയ നിരോധന ഉത്തരവുകൾ ഓഗസ്റ്റ് 31 വരെ നീട്ടി. ആദ്യം ഏർപ്പെടുത്തിയ ഉത്തരവുകൾ പ്രകാരം നിയുക്ത പ്രദേശത്ത് അഞ്ചിൽ കൂടുതൽ ആളുകളുടെ മീറ്റിംഗുകൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ പുറത്തിറക്കിയ പ്രസ്താവന പ്രകാരം , ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 163 (2) ആശുപത്രിക്ക് സമീപ പ്രദേശങ്ങളിൽ കർശന നിരോധനമാണ് നിലനിൽക്കുന്നത്. ബെൽഗാച്ചിയ റോഡ്-ജെ കെ മിത്ര ക്രോസിംഗ് മുതൽ നോർത്ത് കൊൽക്കത്തയിലെ ശ്യാംബസാർ ഫൈവ് പോയിൻ്റ് ക്രോസിംഗ് ബെൽറ്റിൻ്റെ ചില ഭാഗങ്ങൾ വരെയുള്ള ഭാഗമാണ് നിരോധന ഉത്തരവുകൾ ബാധകമാകുക.
ALSO READ: രഞ്ജിത്ത് ഇന്ന് രാജിവയ്ക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
സംഘർഷങ്ങൾ തടയുന്നതിനും പ്രദേശത്ത് സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമാണ് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ വിലക്കുകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും 2023 ലെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം പിഴയ്ക്ക് വിധേയമാകുമെന്നും ഉത്തരവിൽ പറയുന്നു. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി എയിംസ് ആശുപത്രിയിലെ റസിഡൻ്റ് ഡോക്ടർമാർ നടത്തി വന്ന പണിമുടക്കും പ്രതിഷേധവും
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം അവസാനിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മെഡിക്കൽ ജീവനക്കാരോട് അവരുടെ ചുമതലകളിലേക്ക് മടങ്ങാനും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
ALSO READ: ചൂരൽമല ദുരന്തം: കാണാതായവർക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും
എന്നാൽ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജിൽ വെച്ച് ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അതേസമയം, തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമം നടന്നുവെന്ന് സിബിഐ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇരയുടെ ശരീരം മറവ് ചെയ്ത ശേഷമാണ് പൊലീസ് എഫ്ഐആർ പോലുമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.