അഴിമതി നടത്താത്ത നല്ല സഖാവാണെന്ന് വിശ്വസിച്ചാണ് മുഖ്യമന്ത്രിയെ എട്ട് വർഷം സ്നേഹിച്ചതെന്നും അൻവർ പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ ചതിച്ചെന്ന് പി.വി. അൻവർ എംഎൽഎ. മരം മുറി വിഷയത്തിൽ കുത്തിയിരുപ്പ് സമരം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം സിപിഎം മലപ്പുറം ജില്ല സെക്രട്ടറി വിളിപ്പിച്ചു. മുഖ്യമന്ത്രിയെ ഓഫീസിൽ ചെന്ന് കണ്ട് 11 പേജ് പരാതി നൽകിയിരുന്നെന്നും അൻവർ വ്യക്തമാക്കി. പി. ശശി എന്ന കാട്ടുകള്ളനാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പറഞ്ഞതായും അന്‍വർ ആരോപിച്ചു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് നിരവധി സഖാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കിയിരുന്നു. പി. ശശിയോട് ഇക്കാര്യം പലവട്ടം പറഞ്ഞെങ്കിലും തള്ളിക്കളയുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത്ത് കണ്ട് വിവരങ്ങൾ കൈമാറി. പി. ശശിയും അജിത് കുമാറും ചതിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. മറുനാടൻ മലയാളി ഉടമ സാജൻ സക്കറിയയെ ഡൽഹിയിൽ നിന്നും രക്ഷപ്പെടുത്താൻ ഇവർ നടത്തിയ ശ്രമങ്ങളും മുഖ്യമന്ത്രിയെ പറഞ്ഞ് ബോധിപ്പിച്ചു. എന്നാൽ വിഷയത്തിൽ യാതൊരു നീക്കങ്ങളുമുണ്ടായില്ല.
കേസ് അന്വേഷണത്തിൽ നിന്ന് അജിത് കുമാറിനെ മാറ്റി നിർത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഡിജിപി കൂടെയുണ്ടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ആശ്വസിപ്പിച്ചത്. കയ്യിലുള്ള തെളിവുകൾ മാധ്യമങ്ങളോട് പങ്കുവെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ അദ്ദേഹത്തെ ഉറച്ച് വിശ്വസിച്ചു. അതിന് പിന്നാലെയാണ് പത്രസമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിന് പിന്നാലെ സുജിത് ദാസിനെ സസ്പൻഡ് ചെയ്യുകയും, മലപ്പുറം എസ് പിയെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ കേസന്വേഷണം എവിടെയുമെത്തിയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്നും അൻവർ വ്യക്തമാക്കി.
അഴിമതി നടത്താത്ത നല്ല സഖാവാണെന്ന് വിശ്വസിച്ചാണ് മുഖ്യമന്ത്രിയെ എട്ട് വർഷം സ്നേഹിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും മുഖ്യമന്ത്രിയിലെ സൂര്യൻ കെട്ടുപോയെന്നും അദ്ദേഹത്തോട് തന്നെ തുറന്നു പറഞ്ഞു. 30 ശതമാനം ജനങ്ങൾക്കും മുഖ്യമന്ത്രിയോട് വെറുപ്പാണെന്നും അദ്ദേഹത്തിന്‍റെ ഗ്രാഫ് 100ൽ നിന്ന് പൂജ്യത്തിലേക്കെത്തിയെന്നും തുറന്നു പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു.