കേസെടുക്കാത്ത സാഹചര്യത്തില്‍ ആദ്യം നൽകിയ മുൻകൂർ ഹർജി കോടതി തീര്‍പ്പാക്കിയിരുന്നു.
നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ചാനല്‍ ചര്‍ച്ചയില്‍ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് നടി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, കേസെടുക്കാത്ത സാഹചര്യത്തില്‍ ഹർജി കോടതി തീര്‍പ്പാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വീണ്ടും നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പൊലീസിന്റെ വിശദീകരണം തേടി.
ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 14 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. ബിഎന്‍സി 79, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ALSO READ: 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം'; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍
ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കഴമ്പില്ലാത്ത കാര്യത്തിലാണ് കേസ് എടുത്തതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും, ഹണി റോസിനോട് ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളു. ഹണി റോസിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്നും ഒരു കേസ് വരുന്നതിന്റെ പ്രയാസം ഹണിയും അറിയണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താന്‍ തന്നെ കേസ് വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്‌സോ കേസ് കുടുംബ തര്‍ക്കത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ വസ്ത്രധാരണത്തെപ്പറ്റി രാഹുല്‍ ഈശ്വര്‍ മോശമായി സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. കേസ് അന്വേഷണത്തിനായി ആറ് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
രാഹുല്‍ ഈശ്വറിനെതിരെ മുന്‍പും ഹണി റോസ് പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്. താനും കുടുംബവും അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദത്തിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വര്‍ ആണെന്നാണ് ഈ പരാതി നല്‍കുന്നതിന് മുന്‍പ് ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.