ഷാരോൺ വധക്കേസുമായി ബന്ധപ്പെടുത്തി 'ചിലപ്പോൾ പുരുഷന്മാർക്ക് കഷായം കലക്കി കൊടുക്കേണ്ടിവരും' എന്ന പരാമർശത്തിലാണ് പരാതി
എഴുത്തുകാരി കെ.ആർ. മീരയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി രാഹുൽ ഈശ്വർ. കൊലപാതകത്തെ ന്യായീകരിക്കുന്ന പരാമർശം നടത്തിയെന്ന് കാട്ടിയാണ് പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഷാരോൺ വധക്കേസുമായി ബന്ധപ്പെടുത്തി 'ചിലപ്പോൾ പുരുഷന്മാർക്ക് കഷായം കലക്കി കൊടുക്കേണ്ടിവരും' എന്ന പരാമർശത്തിലാണ് പരാതി.
കൊലപാതകത്തെ ന്യായീകരിക്കുന്ന പരാമർശമാണ് നടത്തിയതെന്ന് രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി. ഒരാൾ വിഷം കൊടുത്ത് കൊന്ന കാര്യത്തെക്കുറിച്ചാണ് അവർ പറയുന്നത്. പുരുഷ വിരുദ്ധ മാനസികാവസ്ഥയാണ് മീരയ്‌ക്കെന്നും രാഹുൽ കുറ്റപ്പെടുത്തി. ഡിസി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'പ്രണയത്തിന്റെ ഋതുഭേദങ്ങൾ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു കെ.ആർ. മീര.
കെ.ആർ മീരയുടെ പ്രസ്താവന
എന്റെ മകളോട് ഒരിക്കൽ ഞാൻ പറഞ്ഞൊരു കാര്യമുണ്ട്. നിങ്ങൾ കുറഞ്ഞത് മൂന്ന് പേരെയെങ്കിലും പ്രണയിച്ചിട്ടേ വിവാഹത്തെ പറ്റി ചിന്തിക്കാവൂയെന്ന്. മൂന്ന് പേരോ? അതൊക്കെ എട്ടാം ക്ലാസിലേ കഴിഞ്ഞില്ലേയെന്നായിരുന്നു അവളുടെ മറുപടി. അപ്പോൾ എനിക്ക് സമാധാനമായി. അതായത് എങ്ങനെയാണ് ഒരാളെ മാത്രം അറിഞ്ഞിട്ടും ഒരാളെ മാത്രം പ്രണയിച്ചിട്ടും ലോകത്തെ അറിയാൻ സാധിക്കുകയെന്ന് അന്നത്തെ കാലത്താരും പറഞ്ഞു തന്നില്ല. നിങ്ങൾ ലോകമറിയേണ്ട മനസ്സിലാക്കേണ്ട, നിങ്ങൾ തനിച്ചായി പോയാൽ നടുക്കടലിൽ കിടന്ന് മാനസികമായി സതിയനുഭവിച്ചോളൂ എന്ന് പറഞ്ഞ സമൂഹമാണ് നമ്മുടേത്.
ഇക്കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങളൊരു കാരണവശാലും സതിയനുഷ്ഠിക്കരുത് എന്നാണ്. സതിയനുഷ്ഠിക്കാനുള്ള ഒരു സംഗതി ഒരിക്കലുമില്ല. ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും...ഞാൻ കരുതുന്നത് എന്താണെന്ന് വെച്ചാൽ ഒരു സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങി പോവാനുള്ള സ്വാതന്ത്ര്യമില്ലാതായാൽ ചിലപ്പോൾ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുകയെന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണ്. ആ കർത്തവ്യം ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നം. നാൽപ്പതുകളിലും മുപ്പതുകളിലുമുള്ള എത്രയോ പുരുഷന്മാരാണ് മറ്റൊരു ബന്ധമുണ്ടെന്ന പേരിൽ ഭാര്യയെ കൊല്ലുന്നത്. എന്തുകൊണ്ടാണ് ഒരു സ്ത്രീക്ക് ഒരു ബന്ധമുണ്ടാവേണ്ടത് എന്ന് ചോദിച്ചാൽ അവൾക്ക് ഒരു ദാമ്പത്യത്തിനകത്ത് സംസാര സ്വാതന്ത്ര്യമോ, സഞ്ചാര സ്വാതന്ത്ര്യമോ. ചിന്താ സ്വാതന്ത്ര്യമോ ഇല്ലാതെ വരുമ്പോഴാണ്. രാജ്യത്തിനകത്താണെങ്കിൽ വിപ്ലവമുണ്ടാകുന്നത് പോലെ ദാമ്പത്യത്തിനകത്തുമുണ്ടാകും.'