ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ എക്സ് പോസ്റ്റ്.
ഭാരത് ജോഡോ യാത്രയ്ക്കായി വീണ്ടും ഇറങ്ങുകയാണ് താനെന്ന് സൂചന നൽകി രാഹുൽഗാന്ധി. കഴിഞ്ഞ ഭാരത് ജോഡോ ന്യായ് യാത്രയിലെ ജു ജുറ്റ്സു പരിശീലന ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചാണ് രാഹുലിന്റെ കുറിപ്പ്.
2024 ജനുവരിയിൽ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മാർച്ചിൽ മുംബൈയിലാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അവസാനിച്ചത്. എന്നാൽ യാത്രയുടെ ഭാഗമായി നടത്തിയ ആയോധന കലാ പരിശീലനത്തെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ല. യാത്രയിലുടനീളമുള്ള ക്യാമ്പ് സൈറ്റുകളിൽ എല്ലാ വൈകുന്നേരവും ജുജുറ്റ്സു പരിശീലനം നടത്തിയിരുന്നു.
ദൈനംദിനമുള്ള വ്യായാമത്തിന്റെ ഭാഗമായാണ് ഇത് ആരംഭിച്ചത്. എന്നാൽ ജുജുറ്റ്സുവിനോടൊപ്പം ധ്യാനം, ഐക്കിഡോ എന്നിവ കൂടി ഉൾപ്പെടുത്തി ജെന്റിൽ ആർട്ട് എന്ന ആയോധന കലാ രീതി ആളുകളെ പരിചയപ്പെടുത്തുക ലക്ഷ്യമാക്കി പരിശീലനം തുടരുകയായിരുന്നെന്നും രാഹുൽ എക്സിൽ കുറിച്ചു.
ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ എക്സ് പോസ്റ്റ്. എന്നാൽ 'ഭാരത് ഡോജോ യാത്ര' വരുന്നു എന്നാണ് കുറിപ്പിന്റെ അവസാന വരിയായി രാഹുൽ എഴുതിയത്. പരമ്പരാഗതമായ ആയോധന കലയുമായി ബന്ധപ്പെട്ട ഒരു ജാപ്പനീസ് പദമാണ് ഡോജോ. ഭാരത് ജോഡോ യാത്ര വീണ്ടും ഉണ്ടാകുമെന്ന സൂചനയാണോ രാഹുൽ ഇതിലൂടെ നൽകുന്നതെന്ന ചോദ്യത്തിന് ഉത്തരം ബാക്കിയാണ്. ഏതായാലും രാഹുൽ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. അതിനെക്കുറിച്ചുള്ള ചർച്ചകളും.