പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രിക്കെതിരായ പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ പൂരം പൊളിച്ച് ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണെന്ന എല്‍ഡിഎഫ് എംഎല്‍എ പി.വി. അന്‍വറിന്റെ പ്രഖ്യാപനം ഞെട്ടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കേരള ജനതയോട് ചെയ്തത് കൊലച്ചതിയാണെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന.
കേന്ദ്രത്തിന്റെ വഴിവിട്ട സഹായം പല കാര്യങ്ങളിലും ലഭിക്കുന്നതിനാണ് സിപിഎം കൂടിച്ചേർന്നുള്ള ഈ വിജയം എന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. എന്തിനാണ് പൂരം കലക്കാന്‍ നേതൃത്വം കൊടുത്ത എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും, എന്തിനാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്നുമുള്ള കേരള ജനതയുടെ മുഴുവന്‍ സന്ദേഹങ്ങൾക്കും ഇപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള കൊലച്ചതിയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പരസ്യമായി ബിജെപിയെ എതിര്‍ക്കുകയും ന്യൂനപക്ഷ പ്രേമം നടിക്കുകയും ചെയ്ത്, കേരളത്തില്‍ നിന്ന് ഒരു പാര്‍ലമെൻ്റ് അംഗത്തെ ബിജെപിക്ക് സംഭാവന ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. ഇതാണോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്യേണ്ടത്? ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. ബിജെപിക്കു വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കാതെ പുറത്താക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്നും നേതാവ് അഭിപ്രായപ്പെട്ടു.
സ്വര്‍ണക്കടത്തിൽ എസ്‌പി സുജിത് കുമാർ, എഡിജിപി അജിത് കുമാർ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവടക്കം പി.വി അന്‍വര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നിട്ടും കുറ്റവാളികളായ ഉന്നതോദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് പരസ്യ പത്രസമ്മേളനം നടത്തി അന്‍വറിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ നീക്കത്തിന് പിന്നിലുള്ള കാരണം കേരളജനതയ്ക്ക് ഇപ്പോള്‍ മനസിലായി. സ്വര്‍ണക്കടത്ത് നടത്തുകയും പിടിക്കപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിടുപണി ചെയ്യുകയും ചെയ്യുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും അതിനായി തെരഞ്ഞെടുപ്പുകള്‍ വരെ അട്ടിമറിക്കുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണങ്ങളും രമേശ് ചെന്നിത്തല ഉയർത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തില്‍ പങ്കാളികളാണ്. ശിവശങ്കര്‍ മുതല്‍ ഇപ്പോള്‍ എഡിജിപി വരെയുള്ളവര്‍ ഈ മാഫിയയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് ഈ മാഫിയയെ നിയന്ത്രിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വലിയ അധോലോകകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കൊള്ളസംഘത്തെ സിപിഎം ഉടന്‍ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന കൊടും വഞ്ചനയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൂരം പൊളിച്ചതു മുതല്‍ സ്വര്‍ണക്കടത്തു വരെയുള്ള മുഴുവന്‍ മാഫിയാ പ്രവര്‍ത്തനങ്ങളും സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.