fbwpx
പൂരം കലക്കൽ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാൻ, ലക്ഷ്യം അന്വേഷണം അട്ടിമറിക്കൽ: രമേശ്‌ ചെന്നിത്തല
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 10:30 AM

കത്ത് പുറത്തു വിട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങൾ സർക്കാരിനെതിരായ ജനവികാരം മറികടക്കാനുള്ള അടവാണെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

KERALA


പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാനാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടെയുള്ള ഇത്തരം പ്രസ്താവന ദൗർഭാഗ്യകരമാണ്, ഇത് സംബന്ധിച്ച് സിപിഐ അഭിപ്രായം വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യമുന്നയിച്ചു.

ALSO READ: കത്ത് വിവാദം: കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി കൈമാറിയ കത്ത് ഔദ്യോഗികം; ഒപ്പിട്ടത് എട്ടുപേര്‍


കത്ത് പുറത്തു വിട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങൾ സർക്കാരിനെതിരായ ജനവികാരം മറികടക്കാനുള്ള അടവാണെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പലരെയും ആലോചിക്കും, പക്ഷെ സ്ഥാനാർഥിയെ തീരുമാനിച്ചു കഴിഞ്ഞാൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കും. കെ. മുരളീധരൻ പ്രചരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകിയതാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തൃശൂർ പൂരം കലക്കിയെന്ന് ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണെന്നും, ഇതിൻ്റെ പേരാണോ പൂരം കലക്കലെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

ALSO READ: പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം; അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം


പൂരം കലക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായും അന്വേഷണത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.ആർഎസ്എസുകാരെ സന്തോഷിപ്പിക്കാനാണ് പൂരം കലക്കിയത്. കലങ്ങിയില്ലെങ്കിൽ ത്രിതല അന്വേഷണം എന്തിനാണ്? പാലക്കാട് ബിജെപി-സിപിഎം ഡീൽ ഉണ്ടെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി തൃശൂർ പൂരം കണ്ടിട്ടില്ലെന്നും കണ്ടിട്ടുണ്ടെങ്കിൽ പൂരം കലങ്ങിയിട്ടില്ലെന്ന് പറയില്ലായിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരനും വിമർശിച്ചു. "വെടിക്കെട്ട് ആർക്കും ആസ്വദിക്കാനായില്ല. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി മാറ്റി പറയുന്നത്? ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കില്ല, പൂരം കലക്കിയതാണ്. ശക്തമായ സമരത്തിന് ഇറങ്ങും. ഇപ്പോൾ നിലപാട് മാറ്റിയത് ബിജെപിക്ക് വേണ്ടിയാണ്, എന്നായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം.

ALSO READ: ഒരു ആചാരവും മുടങ്ങിയിട്ടില്ല; പൂര വിവാദത്തിൽ നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ട്: പി. രാജീവ്


തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌ കുമാറും പ്രതികരിച്ചു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസങ്ങൾ ഉണ്ടായി. പൂരം കലങ്ങിയത് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ത്രിതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കൂടുതൽ പ്രതിപക്ഷ നേതാക്കളും പ്രതികരണവുമായെത്തി. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂരം അന്വേഷണം കലക്കാനാണെന്നും മുഖ്യമന്ത്രി അന്വേഷണത്തിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ പറഞ്ഞു. ഘടകകക്ഷി നേതാക്കൾക്ക് പോലും മുഖ്യമന്ത്രിയെ വിശ്വാസമില്ല. മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ വിമർശിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ശേഷമാണ് വിമർശനം. എൽഡിഎഫിലേക്ക് ലീഗ് എത്തുമെന്ന് മുഖ്യമന്ത്രി സ്വപ്നം കണ്ടിരുന്നു. പാലക്കാട്ടെ കത്ത് വിവാദത്തിൽ കാര്യമില്ല. കീഴ്ഘടകങ്ങൾ പേരുകൾ നൽകുന്നത് സ്വാഭാവികമാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.


ALSO READ: തൃശൂർ പൂരം കലക്കലിൽ ഒടുവിൽ കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിലെ സിഐയുടെ പരാതിയിൽ

ബിജെപി-സിപിഎം ബന്ധത്തിന് കൃത്യമായ തെളിവുകൾ വന്ന് കഴിഞ്ഞെന്നും ഈ ഘട്ടത്തിലാണ് പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കൽ സിപിഐ ഉരുണ്ടുകളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയും വിമർശിച്ചു.

KERALA
വഞ്ചിയൂരിലെ റോഡ് കയ്യേറിയുള്ള സിപിഎം ഏരിയാ സമ്മേളനം ഗുരുതര നിയമലംഘനം; വിമർശനവുമായി ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?