ലീഡ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മൂന്നാം ദിനം ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമായി
രഞ്ജി ട്രോഫി ഫൈനലില്‍ ലീഡ് ലക്ഷ്യമിട്ട് മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ എറിഞ്ഞിട്ട് വിദര്‍ഭ. കേരളത്തിന്റെ ശേഷിച്ച ഏഴ് വിക്കറ്റുകളും വീഴ്ത്തി, 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിദര്‍ഭ കിരീടത്തോട് അടുത്തു. അര്‍ധ സെഞ്ചുറിയുമായി കളി തുടര്‍ന്ന ആദിത്യ സര്‍വാതെയുടെയും സല്‍മാന്‍ നിസാറിന്റെയും വിക്കറ്റുകള്‍ കേരളത്തിന് രാവിലെ തന്നെ നഷ്ടമായി. പിന്നാലെ മുഹമ്മദ് അസ്ഹറുദീനും, മൂന്നാം സെഷനില്‍ സെഞ്ചുറിക്കരികില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, അവസാന ഓവറുകളില്‍ ജലജ് സക്സേനയും നിതീഷും ഏഡന്‍ ആപ്പിള്‍ ടോമും വീണതോടെ കേരളത്തിന്റെ ഇന്നിങ്സ് 342 റണ്‍സില്‍ അവസാനിച്ചു. രണ്ട് ദിവസം ശേഷിക്കെ, ഇരു ടീമുകള്‍ക്കും രണ്ടാം ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നാല്‍, ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം കളി തുടങ്ങിയത്. സ്കോര്‍ 170ല്‍ നില്‍ക്കെയായിരുന്നു സര്‍വാതെയുടെ മടക്കം. 185 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 79 റണ്‍സെടുത്ത സര്‍വാതെ ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മാലെവാര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ സച്ചിനുമൊത്ത് 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു സര്‍വാതെയുടെ മടക്കം. സച്ചിനൊപ്പം ഇന്നിങ്സിന് കരുത്ത് പകര്‍ന്ന സല്‍മാന്‍ നിസാറിന്റെ വിക്കറ്റായിരുന്നു അടുത്തത്. ഹര്‍ഷ് ദുബെയുടെ പന്തിന്റെ ടേണ്‍ കണക്കുക്കൂട്ടുന്നതില്‍ സല്‍മാന് പിഴച്ചു. പാഡ് ചെയ്ത പന്തില്‍ വിദര്‍ഭ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ, അമ്പയര്‍ എല്‍ബിഡബ്ല്യു വിളിച്ചു. കേരളം റിവ്യൂ കൊടുത്തെങ്കിലും ഫലം മാറിയില്ല. 42 പന്തില്‍ 21 റണ്‍സായിരുന്നു നിസാറിന്റെ സംഭാവന. അഞ്ച് വിക്കറ്റിന് 219 റണ്‍സ് എന്ന നിലയിലായി കേരളം.
ALSO READ: രണ്ടാംദിനം പിടിമുറുക്കി കേരളം; വിദര്‍ഭ 379 റണ്‍സിന് പുറത്ത്
സച്ചിനൊപ്പം പ്രതിരോധിച്ചു കളിച്ച മുഹമ്മദ് അസ്ഹറുദീന്റെ വിക്കറ്റായിരുന്നു അടുത്തത്. 59 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 34 റണ്‍സെടുത്ത അസ്ഹറുദീനെ ദര്‍ശന്‍ നല്‍ക്കാണ്ടെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. റിവ്യൂ കൊടുത്തിട്ടും അംപയര്‍മാരുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് നിലയുറപ്പിച്ച ക്യാപ്റ്റന്‍ സച്ചിന് പിന്തുണയുമായി ജലജ് സക്സേന എത്തി. എന്നാല്‍ മൂന്നാം സെഷനില്‍ പാര്‍ഥ് രെഖാഡെയുടെ പന്തില്‍ സച്ചിന് പിഴച്ചു. സെഞ്ചുറിക്ക് രണ്ട് റണ്‍സിനരികെ സിക്സ് അടിക്കാനുള്ള സച്ചിന്റെ ശ്രമം പാളി. വിദര്‍ഭയുടെ മലയാളി താരം കരുണ്‍ നായര്‍ ക്യാച്ചെടുത്ത് സച്ചിനെ പുറത്താക്കി. കേരള ഇന്നിങ്സിന്റെ ഉത്തരവാദിത്തമേറ്റ സക്സേന വാലറ്റത്ത് ഏഡന്‍ ആപ്പിള്‍ ടോമുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ രെഖാഡെ വീണ്ടും നാശം വിതച്ചു. 76 പന്തില്‍ 28 റണ്‍സെടുത്തുനിന്ന സക്സേനയെ രഖാഡെ ക്ലീന്‍ ബൗള്‍ഡാക്കി. വിദര്‍ഭയ്ക്കൊപ്പം എത്താന്‍ 42 റണ്‍സ് ബാക്കിനില്‍ക്കെയായിരുന്നു സക്സേനയുടെ വിക്കറ്റ് വീണത്. എം.ഡി. നിതീഷിന്റെ ചെറുത്തുനില്‍പ്പ് പതിനൊന്ന് പന്തില്‍ ഒരു റണ്‍സില്‍ തീര്‍ന്നു. ഹര്‍ഷ് ദുബെയെയാണ് നിതീഷിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. 52 പന്തില്‍ 10 റണ്‍സെടുത്ത ഏഡനെ രഖാഡെയും മടക്കിയതോടെ കേരളത്തിന്റെ ഇന്നിങ്സിന് തിരശീല വീണു. ബേസില്‍ (0) പുറത്താകാതെ നിന്നു.
നേരത്തെ, വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു. ആദ്യദിനം തകര്‍ച്ചയില്‍ നിന്ന് തുടങ്ങിയ വിദര്‍ഭ പിന്നീട് മത്സരം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് പാര്‍ഥ് രേഖാഡെ (0), ദര്‍ശന്‍ നല്‍ക്കാണ്ടെ (1), ധ്രുവ് ഷോറെ (16) എന്നിവരുടെ വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടപ്പെട്ടിരുന്നു. മൂന്ന് വിക്കറ്റിന് 24 എന്ന നിലയില്‍നിന്നാണ് വിദര്‍ഭ കളി തിരിച്ചുപിടിച്ചത്. ഡാനിഷ് മാലെവാറും (153), കരുണ്‍ നായരും (86) ചേര്‍ന്നാണ് ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍, നാല് വിക്കറ്റിന് 254 എന്ന നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ രണ്ടാം ദിനത്തില്‍ കേരളം പിടിമുറുക്കി. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് വിദര്‍ഭയുടെ വിക്കറ്റുകളെല്ലാം എറിഞ്ഞിട്ട് കേരളം ചുരുട്ടിക്കെട്ടിയത്. യാഷ് താക്കൂര്‍ (25), യാഷ് റാത്തോഡ് (3), അക്ഷയ് വാഡ്‌കര്‍ (9), അക്ഷയ് കര്‍നെവാര്‍ (12), നചികേത് ഭൂട്ടെ (32) ഹര്‍ഷ് ദുബെ (പുറത്താകാതെ 12) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സംഭാവന. കേരളത്തിനുവേണ്ടി നിതീഷും ഈഡന്‍ മൂന്ന് വിക്കറ്റ് വീതം നേടി. ബേസില്‍ എന്നിവര്‍ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.