ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്
നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നാണ് കുറ്റപത്രം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. താര സംഘടനയായ എ.എം.എം.എയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. മരട് പൊലീസാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011ൽ 'നാടകമേ ഉലകം' എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്ഐടിക്ക് മൊഴി നൽകിയത്. ഐപിസി 354, 294 B എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
മുകേഷ് എംഎൽഎ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആയിരുന്നു നടിയുടെ പീഡന പരാതി. സർക്കാരും പൊലീസും വേട്ടയാടുന്നതായും പൊലീസ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചെന്നും ചൂണ്ടിക്കാട്ടി പരാതി പിൻവലിക്കുന്നതായി നടി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടി തന്നെ തീരുമാനം മാറ്റി. കേസുമായി മുന്നോട്ടു പോകുമെന്നും എസ്ഐടിയുമായി സഹകരിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കുകയായിരുന്നു.