ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദം പ്രകടിപ്പിച്ചത് ആരാണെന്നും സുരേന്ദ്രന്‍
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് കാരണമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും സുരേന്ദ്രന്‍ പ്രകടിപ്പിച്ചു. ജനങ്ങളുടെ ശബ്ദം നിയമസഭയില്‍ ഉന്നയിക്കാന്‍ അവസരം വരും. ബിജെപി അംഗം സഭയിലുണ്ടായാലാണ് ശരിയായ ശബ്ദം ഉയരുക എന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചായിരുന്നു സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം. പിണറായി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നിക്ഷിപ്ത താത്പര്യക്കാരുടെ പാര്‍ട്ടിയായി മാറുന്നു. കെ. സുധാകരന്‍, കെ. മുരളീധരന്‍, ചാണ്ടി ഉമ്മന്‍, രമേശ് ചെന്നിത്തല എന്നിവരുടെ അവസ്ഥ എന്താണ്. കോണ്‍ഗ്രസിനെ ഒരു മാഫിയാ സംഘം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉണ്ടെന്ന എം.ബി. രാജേഷിന്റെ ആരോപണത്തെയും സുരേന്ദ്രന്‍ എതിര്‍ത്തു. 2019 ലെ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്. കോണ്‍ഗ്രസുമായി ഡീലുണ്ടായതു കൊണ്ടാണ് എം.ബി. രാജേഷ് അന്ന് തോറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം വോട്ട് കുറഞ്ഞത് എങ്ങനെയാണ്. ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദം പ്രകടിപ്പിച്ചത് ആരാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഞങ്ങള്‍ ശരിയായ തീരുമാനം എടുത്തുവെന്നാണ് എ.കെ. ബാലന്‍ പറഞ്ഞത്. യഥാര്‍ഥ ഡീല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. പാലക്കാട് യുഡിഎഫ്, ചേലക്കരയില്‍ എല്‍ഡിഎഫ് എന്നതാണ് ഡീല്‍. ഞങ്ങള്‍ക്കിടയില്‍ ആരും കളിക്കണ്ട എന്നാണ് അന്തര്‍ധാര.
കണ്ണൂരില്‍ പി.പി. ദിവ്യ ബിനാമിയായി എല്‍ഡിഎഫ് - യുഡിഎഫ് ധാരണയുടെ പുറത്താണ് പെട്രോള്‍ പമ്പുണ്ടായത്. സിപിഎം നേതാവും നവീന്‍ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനനോട് അന്വേഷിച്ചാല്‍ അറിയും.
വി.ഡി. സതീശന്‍ പ്രതിയായ പുനര്‍ജനി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ടെന്ന നിലപാട് എടുത്തത് എന്തുകൊണ്ടാണ്. വിജിലന്‍സ് ഇതുവരേയും ചോദ്യം ചെയ്തിട്ടില്ല. ഇതാണ് അന്തര്‍ധാര. ദിവ്യയുടെ കേസില്‍ വി.ഡി. സതീശന് ആത്മാര്‍ത്ഥതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read: സി. കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥി; പ്രഖ്യാപനം ഇന്നുണ്ടായേക്കും
വയനാട് പുനരധിവാസത്തില്‍ 726 കോടി രൂപ കയ്യിലിരിക്കേ, കേന്ദ്രം പണം തന്നില്ലെന്നാണ് സതീശന്‍ പറഞ്ഞത്. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവിടെ അടിസ്ഥാന സൗകര്യങ്ങളില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഒരു കുഴപ്പവുമില്ല. ബിജെപിക്കെതിരെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് അര നിമിഷത്തെ ആയുസ് പോലുമില്ല. ബിജെപിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. കോണ്‍ഗ്രസില്‍ സതീശന്‍ പറഞ്ഞത് നടക്കും, പക്ഷേ ഞങ്ങളുടെ പാര്‍ട്ടിയില്‍ ജനാധിപത്യ സംവിധാനമുണ്ടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ജയിക്കുമെന്ന് ഉറപ്പുള്ള പേരാകും സ്ഥാനാര്‍ഥിയായി വരിക. എല്ലാ സാഹചര്യങ്ങളും ബിജെപിക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.