fbwpx
സ്ത്രീകളോട് മുഖം തിരിക്കുന്ന ചരിത്രപുസ്തകങ്ങൾ; ഭരണഘടന നിർമാണ പ്രക്രിയയിലേർപ്പെട്ടത് പതിനഞ്ച് വനിത അം​ഗങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Jan, 2025 07:15 AM

ഇന്ത്യൻ ഭരണഘടനയുടെ പിതാവായി അറിയപ്പെടുന്ന ബി.ആർ. അംബേദ്കറെയും, ഭരണഘടന നിർമാണ ദൗത്യത്തിൽ ഏർപ്പെട്ട മറ്റ് പുരുഷ നേതാക്കളെയും സ്മരിക്കുമ്പോൾ, അതേ പ്രവർത്തിയിലേർപ്പെട്ട വനിത അംഗങ്ങളെ രാജ്യം ഓർക്കാറില്ല

NATIONAL


1949 നവംബർ 26ന് ഭരണഘടന നിർമാണസഭ അം​ഗീകരിച്ച ഇന്ത്യൻ ഭരണഘടന, 1950 ജനുവരി 26ന് നിലവിൽ വന്നു. ഭരണഘടന രൂപീകരിക്കുക എന്ന ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ച സഭയിൽ 389 പേരാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പിതാവായി അറിയപ്പെടുന്ന ബി.ആർ. അംബേദ്കറെയും, ഭരണഘടന നിർമാണ ദൗത്യത്തിൽ ഏർപ്പെട്ട മറ്റ് പുരുഷ നേതാക്കളെയും സ്മരിക്കുമ്പോൾ, അതേ പ്രവർത്തിയിലേർപ്പെട്ട വനിത അം​ഗങ്ങളെ രാജ്യം ഓർക്കാറില്ല, അവരുടെ സംഭാവനകളെ ഓർക്കാറില്ല. ചരിത്രപുസ്തകങ്ങൾ വനിതകളോട് നീതികേട് കാണിക്കുന്നത് ഒരു അസാധാരണ സംഭവമൊന്നുമല്ല.

പതിനഞ്ച് വനിത അം​ഗങ്ങളാണ് ഭരണഘടന നിർമ്മാണ പ്രക്രിയയിലേർപ്പെട്ട ഭരണഘടന നിർമാണസഭയിലുണ്ടായിരുന്നത്. ഈ ശക്തരായ വനിതകളെ പരിചയപ്പെടാം...

1. അമ്മു സ്വാമിനാഥൻ



പാലക്കാട് ജില്ലയിലെ ആനക്കരയിൽ സമ്പന്ന കുടുംബത്തിൽ ജനിച്ച അമ്മു സ്വാമിനാഥൻ, 1917ൽ ആനി ബസൻ്റ്, മാർ​ഗരറ്റ് കസിൻസ്, മാലതി പട്‌വർദൻ, ദാദാബോയ്, അംബുജമ്മാൾ എന്നിവരോടൊപ്പം ചേർന്ന് മദ്രാസിൽ വിമൻസ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു. 1946ൽ ഭരണഘടന നിർമാണസഭയിൽ മദ്രാസ് നിയോജക മണ്ഡലത്തിൽ നിന്നുള്ള അംഗമായി.
1949 നവംബർ 24ന് ഭരണഘടനാ നിർമാണത്തോടനുബന്ധിച്ച ചർച്ചയിൽ പങ്കെടുക്കവെ അമ്മു ആത്മവിശ്വാസത്തോടെയും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയും പറഞ്ഞത് ഇങ്ങനെയാണ്. "പുറമെയുള്ളവർ ഇന്ത്യ സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് പറയുന്നു. എന്നാൽ, ഇപ്പോൾ ഇന്ത്യക്ക് അഭിമാനിക്കാം. നമുക്ക് പറയാം, ഇന്ത്യ സ്വന്തമായി ഒരു ഭരണഘടന നിർമ്മിച്ചപ്പോൾ അതിൽ സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തിയെന്ന്."
1952ൽ ലോക്സഭയിലേക്കും, 1954ൽ രാജ്യസഭയിലേക്കും അമ്മു സ്വാമിനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. ഒരു സിനിമാപ്രേമി കൂടിയായ അവർ 1959ൽ സത്യജിത് റേ പ്രസിഡണ്ടായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്നു.

2. ​ദാക്ഷായണി വേലായുധൻ



1912 ജൂൺ 4ന് കൊച്ചിയിലെ ബോൾ​ഗാട്ടിയിൽ ജനിച്ച ദാക്ഷായണി വേലായുധൻ, അടിച്ചമർത്തപ്പെട്ട പുലയ വിഭാ​ഗത്തിൻ്റെ നേതാവായിരുന്നു. പുലയ വിഭാ​ഗത്തിൽ നിന്നും ആദ്യം വിദ്യാഭ്യാസം ലഭിച്ച വ്യക്തികളിലൊരാളും, ആദ്യമായി മേൽവസ്ത്രം ധരിച്ച വനിതയും അവരാണ്.  1945ൽ ദാക്ഷായണി വേലായുധൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദളിത് വനിതയും ദാക്ഷായണി വേലായുധനാണ്. ബി.ആർ. അംബേദ്കറിനോടൊപ്പം ചേർന്ന് പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചു.

3. ബീ​ഗം ഐസാസ് റസൂൽ



മലർകോട്ല രാജകുടുംബത്തിൽ ജനിച്ച ബീ​ഗം ഐസാസ് റസൂൽ, യുവ ജന്മിയായ നവാബ് ഐസാസ് റസൂലിനെ വിവാഹം ചെയ്തു. ഭരണഘടന നിർമാണ സഭയിലെ ഏക മുസ്ലിം വനിതയായിരുന്നു ഇവർ. ​ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935 നിലവിൽ വന്നതോടെ, ബീ​ഗവും ഭർത്താവും മുസ്ലീം ലീഗിൽ അം​ഗത്വമെടുക്കുകയും, രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു. 1952ൽ രാജ്യസഭാം​ഗവും, 1969 മുതൽ 1990 വരെ ഉത്തർപ്രദേശ് നിയമസഭാം​ഗവുമായിരുന്നു. 1969 മുതൽ 1971 വരെ സാമൂഹ്യ, ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ മന്ത്രിയായിരുന്നു. 2000ൽ രാജ്യം അവർക്ക് പദ്മഭൂഷൺ നൽകി ആദരിച്ചു.

4. ദുർ​ഗബായ് ദേശ്മുഖ്



ജൂലൈ 15, 1909ന് രാജാമുൻഡ്രിയിൽ ജനിച്ചു. പന്ത്രണ്ടാം വയസിൽ നിസ്സഹകരണ പ്രസ്ഥാനത്തിലും, 1930 മെയിൽ ആന്ധ്ര കേസരി ടി. പ്രകാശത്തോടൊപ്പം ചേർന്ന് മദ്രാസിൽ ഉപ്പ് സത്യാഗ്രഹത്തിലും പങ്കെടുത്തു. 1936ൽ ദുർ​ഗബായ് രൂപീകരിച്ച ആന്ധ്ര മഹിള സഭ, ഒരു ദശാബ്ദത്തിനകം മദ്രാസ് ന​ഗരത്തിലെ വിദ്യാഭ്യാസത്തിനും സാമൂഹ്യക്ഷേമത്തിനുമുള്ള മികച്ച സ്ഥാപനമായി മാറി. കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ്, ദേശീയ വനിത കൗൺസിൽ തുടങ്ങിയവയുടെ അധ്യക്ഷയായി പ്രവർത്തിച്ചു. പാർലമെൻ്റ്, ആസൂത്രണ കമ്മീഷൻ അം​ഗമായിരുന്നു. ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയുള്ള ദുർ​ഗബായിയുടെ പ്രവർത്തനങ്ങൾക്ക് 1971ൽ നാലാമത്തെ നെഹ്രു ലിറ്റററി അവാർഡും, 1975ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

5. ഹൻസ ജീവ്‌രാജ് മെഹ്ത



1897 ജൂലൈ 3ന് ബറോഡ ദിവാനായ മനുബായ് നന്ദ്ശങ്കർ മെഹ്തയുടെ മകളായി ജനിച്ചു. ഇം​ഗ്ലണ്ടിൽ നിന്നും ജേർണലിസവും, സോഷ്യോളജിയും പഠിച്ചു. സാമൂഹിക പ്രവർത്തകനും, പരിഷ്കർത്താവുമായിരുന്ന ഹൻസ, അധ്യാപികയും എഴുത്തുകാരിയും കൂടി ആയിരുന്നു. ​ഗുജറാത്തി ഭാഷയിൽ കുട്ടികൾക്കായി പുസ്തകങ്ങളെഴുതിയ അവർ, ​ഗള്ളിവേഴ്സ് ട്രാവൽസ് ഉൾപ്പെടെയുള്ള ഇം​ഗ്ലീഷ് കഥകൾ വിവർത്തനം ചെയ്തു. 1926ൽ ബോംബെ സ്കൂൾസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവർ, 1945 മുതൽ 1946 വരെ ആൾ ഇന്ത്യ വിമൻസ് കോൺഫറൻസിൻ്റെ പ്രസിഡൻ്റ് ആയി. ഹൈദരാബാദിൽ നടന്ന ആൾ ഇന്ത്യ വിമൻസ് കോൺഫറൻസിൽ വനിതകളുടെ അവകാശങ്ങളെ സംബന്ധിച്ച് ആവശ്യങ്ങളുന്നയിക്കുകയും, ചാർട്ടർ പുറപ്പെടുവിക്കുകയും ചെയ്തു. 1945 മുതൽ 1960 വരെ എസ്എൻഡിടി വിമൻസ് യൂനിവേഴ്സിറ്റിയുടെയും, മറ്റ് പല സർവ്വകലാശാലകളുടെയും വൈസ് ചാൻസലറായി.

6. കമല ചൗധരി

ലക്ക്നൗവിലെ പേരുകേട്ട കുടുംബത്തിൽ ജനിച്ച കമല ചൗധരിക്ക്, തൻ്റെ പഠനം തുടരാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു. പ്രതാപ കുടുംബത്തിൽ നിന്നും വന്ന അവർ, 1930ൽ തുടക്കം കുറിച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. ആൾ ഇന്ത്യ കോൺ​ഗ്രസ് കമ്മിറ്റിയുടെ 54ആം സെഷനിൽ വൈസ് പ്രസിഡൻ്റും, 70കളുടെ അവസാനം ലോക്സഭാം​ഗവുമായി. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ കമല ചൗധരിയുടെ എഴുത്തുകളിൽ സ്ത്രീ ജീവിതങ്ങളും, ആധുനിക ഇന്ത്യയുമെല്ലാം പ്രമേയമായിരുന്നു.

7. ലീല റോയ്



അസമിലെ ​ഗോൾപ്പാറയിൽ 1900 ഒക്ടോബറിൽ ജനിച്ചു. ഡെപ്യൂട്ടി മജിസ്ട്രേറ്റ് ആയ അച്ഛനും നാഷണലിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. 1921ൽ ബെത്തൂൺ കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ലീല റോയ് സ്ത്രീകളുടെ ഉന്നമനത്തിനും തുല്യാവകാശത്തിനും വേണ്ടി പ്രവർത്തിച്ചു. 1923ൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ദീപാലി സംഘയും മറ്റ് പല സ്കൂളുകളും രൂപീകരിച്ചു. ആ സ്കൂളുകൾ പിന്നീട് വിവിധ നേതാക്കൾ പങ്കെടുത്ത രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദിയായി. 1926ൽ ദാക്കയിലെയും കൊൽക്കത്തയിലെയും വിദ്യാർത്ഥിനികൾക്കുള്ള കൂട്ടായ്മയായ ചത്രീ സംഘ രൂപീകരിച്ചു.

ഉപ്പ് നികുതിക്കെതിരെ പ്രതിഷേധിച്ച ദാക്ക മഹിള സത്യാ​ഗ്രഹ സംഘം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ജയശ്രീ പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററായിരുന്നു. 1937ൽ കോൺ​ഗ്രസിൽ ചേർന്നു, അടുത്ത വർഷം ബം​ഗാൾ പ്രൊവിൻഷ്യൽ കോൺ​ഗ്രസ് വിമൻസ് അസോസിയേഷൻ രൂപീകരിച്ചു. സുബാഷ് ചന്ദ്ര ബോസ് രൂപീകരിച്ച വനിത കമ്മിറ്റിയിലെ അം​ഗമായി. 1940ൽ സുബാഷ് ചന്ദ്ര ബോസ് ജയിലിലായപ്പോൾ, ഫോർവേഡ് ബ്ലോക്ക് വീക്ക്ലിയുടെ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ വിടുന്നതിന് മുൻപ്, പാർട്ടി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ ചുമതല നേതാജി ലീല റോയിയെയും ഭർത്താവിനെയും ഏൽപ്പിച്ചിരുന്നു. 1947ൽ, പശ്ചിമ ബം​ഗാളിൽ, വനിത സംഘടനയായ ജാതീയ മഹിള സം​ഗതി രൂപീകരിച്ചു.

8. മാലതി ചൗധരി



1904ൽ കിഴക്കൻ ബം​ഗാളിൽ (ഇപ്പോഴത്തെ ബം​ഗ്ലാ​ദേശ്) ജനിച്ചു. 1921ൽ, തൻ്റെ 16ആം വയസ്സിൽ വിശ്വഭാരതിയിൽ പ്രവേശനം ലഭിച്ചു. പിന്നീട് ഒഡീഷ മുഖ്യമന്ത്രിയായ നബാക്രുഷ്ണ ചൗധരിയെ വിവാഹം ചെയ്ത്, ഒഡീഷയിലേക്ക് താമസം മാറി. ഭർത്താവിനോടൊപ്പം കോൺ​ഗ്രസിൽ ചേർന്ന്, സമരങ്ങളിലും, ഉപ്പ് സത്യാ​ഗ്രഹത്തിലും പങ്കെടുത്തു. സത്യാ​ഗ്രഹത്തിന് വേണ്ടി ആളുകളോട് സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്തു. 1933ൽ ഭർത്താവിനോടൊപ്പം ചേർന്ന് ആൾ ഇന്ത്യ കോൺ​ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒറീസ ശാഖയായി അറിയപ്പെട്ട ഉത്കാൽ കോൺ​ഗ്രസ് സമാജ്‌വാദി കർമി സംഘ് രൂപീകരിച്ചു. 1934ൽ, ​ഗാന്ധിജിയോടൊപ്പം ചേർന്ന് ഒറീസയിലെ പദയാത്രയിൽ പങ്കെടുത്തു. ഒറീസയിലെ അബലരുടെ ഉന്നമനത്തിനായി ബജിറാവുത് ചത്രാവാസും മറ്റ് സംഘടനകളും രൂപീകരിച്ചു. ഇന്ദിര ​ഗാന്ധിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ജയിലിലായി.

9. പൂർണിമ ബാനർജി


അലഹബാദിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൻ്റെ സെക്രട്ടറിയായിരുന്നു. 1930കളിലും, 1940കളിലും സ്വാതന്ത്ര്യ സമരത്തിൻ്റെ മുൻനിരയിലുണ്ടായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള വനിത കൂട്ടായ്മയിലെ അം​ഗം. സത്യാ​ഗ്രഹത്തിലും, ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തതിന് അറസ്റ്റിലായി. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള പ്രതിബദ്ധത തുറന്നുകാട്ടുന്നതായിരുന്നു ഭരണഘടന നിർമാണ സഭയിലെ പൂർണിമയുടെ ഓരോ പ്രസം​ഗങ്ങളും.

10. രാജ്കുമാരി അമൃത് കൗർ




1889 ഫെബ്രുവരി 2ന് ഉത്തർപ്രദേശിലെ ലക്ക്നൗവിൽ ജനിച്ചു. ഇന്ത്യയുടെ ആദ്യ ആരോ​ഗ്യമന്ത്രി പദം അലങ്കരിക്കുകയും, പത്ത് വർഷത്തോളം സ്ഥാനത്ത് തുടരുകയും ചെയ്തു. പഴയ കപൂർതല മഹാരാജാവിൻ്റെ കൊച്ചുമകളായിരുന്നു. ഇം​ഗ്ലണ്ടിലെ ഷെർബോൺ സ്കൂൾ ഓഫ് ​ഗേൾസിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ, ​ഗാന്ധിജിയുടെ സെക്രട്ടറിയാകാനായി പഠനം ഉപേക്ഷിച്ചു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിച്ചു. സ്ത്രീകളുടെ പഠനം, ആരോ​ഗ്യം, കായിക പരിശീലനം തുടങ്ങിയവയ്ക്ക് വേണ്ടി പ്രവർത്തിച്ചു. അവരുടെ മരണാനന്തരം, ന്യൂയോർക്ക് ടൈംസ് അവരെ "രാഷ്ട്രസേവനത്തിൻ്റെ രാജകുമാരി" എന്ന് വിശേഷിപ്പിച്ചു.

11. രേണുക റേ

ഐഎഎസ് ഉദ്യോ​ഗസ്ഥനായ സതീഷ് ചന്ദ്ര മുഖർജിയുടെയും, സാമുഹ്യ പ്രവർത്തകയും, ആൾ ഇന്ത്യ വിമൻസ് കോൺഫറൻസ് അം​ഗവുമായ ചാരുലത മുഖർജിയുടെയും മകൾ. സ്ത്രീകളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ചു. 1943 മുതൽ 1946 വരെ കേന്ദ്ര നിയമസഭയിലെ അം​ഗമായിരുന്നു. 1952 മുതൽ 1957 വരെ പശ്ചിമ ബം​ഗാളിൽ നിന്നുള്ള പുനരധിവാസ, ​ദുരിതാശ്വാസ മന്ത്രിയായിരുന്നു. 1957ലും, 1962ലും മാൾഡയിൽ നിന്നുള്ള ലോക്സഭാം​ഗമായിരുന്നു.

12. സരോജിനി നായിഡു


1879 ഫെബ്രുവരി 13ന് ഹൈദരാബാ​ദിൽ ജനിച്ചു. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൻ്റെ ആദ്യ വനിത പ്രസിഡൻ്റ്. നൈറ്റിം​ഗേൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. ലണ്ടനിലെ കിങ്സ് കോളേജിലും, കാംബ്രിഡ്ജ് ​ഗിർട്ടൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്ത്യയുടെ കോൺഗ്രസ് മൂവ്മെൻ്റിലും, നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കെടുത്തു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിന് പല തവണ ജയിലിലായി. 1931ൽ അനിശ്ചിതകാല വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് ഗാന്ധിജിയെ അനു​ഗമിച്ചു.

13. സുചേത കൃപ്‌ലാനി



1908ൽ ഹരിയാനയിലെ അമ്പാല പട്ടണത്തിൽ ജനിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ നിർണായക പങ്ക് വഹിച്ചു. 1940ൽ കോൺ​ഗ്രസ് പാർട്ടിയുടെ വനിത വിം​ഗ് രൂപീകരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കൃപ്‌ലാനി ന്യൂഡൽഹി എംപിയും, ഉത്തർപ്രദേശിൻ്റെ തൊഴിൽ, കമ്മ്യൂണിറ്റി വികസന, വ്യവസായ മന്ത്രിയുമായി. ചന്ദ്രബാനു ​ഗുപ്തയിൽ നിന്നും യുപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് 1967 വരെ സ്ഥാനം വഹിച്ചു. ഇന്ത്യയുടെ ആദ്യ വനിത മുഖ്യമന്ത്രിയായി.

14. വിജയ ലക്ഷ്മി പണ്ഡിറ്റ്



1900 ആ​ഗസ്ത് 18ന് അലഹബാദിൽ ജനിച്ചു. ജവഹർലാൽ നെഹ്രുവിൻ്റെ സഹോദരി. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ പല തവണ ജയിലിലായി. 1936ൽ അസംബ്ലി ഓഫ് യുനൈറ്റഡ് പ്രൊവിൻസസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1937ൽ തദ്ദേശ സ്വയംഭരണ, ആരോ​ഗ്യമന്ത്രിയായി. ആദ്യ വനിത ക്യാബിനറ്റ് മന്ത്രി. 1939ൽ, ബ്രിട്ടീഷ് സർക്കാരിനോടുള്ള പ്രതിഷേധാർഥം സ്ഥാനം രാജിവെച്ചു. 1953 സെപ്തംബറിൽ, യുഎൻ ജനറൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ഏഷ്യയിൽ നിന്നുള്ള ആദ്യ പ്രതിനിധിയുമായി.

15. ആനി മാസ്കരിൻ


തിരുവനന്തപുരത്തെ ഒരു ലാറ്റിൻ കാത്തോലിക് കുടും​ബത്തിൽ ജനിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺ​ഗ്രസിൽ അം​ഗത്വമെടുക്കുന്ന ആദ്യ വനിതയും, തിരുവിതാംകൂർ സ്റ്റേറ്റ് കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയുടെ ഭാ​ഗമാകുന്ന ആദ്യ വനിതയും ആനി മാസ്കരിൻ ആണ്. സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ചു. 1939നും 1947നും ഇടയിൽ പല തവണ ജയിലടയ്ക്കപ്പെട്ടു. 1951ൽ ആദ്യ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള ആദ്യ വനിത എംപിയായിരുന്നു. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് 1949-50 വരെ ഹ്രസ്വകാലം ആരോ​ഗ്യ, വൈദ്യുതി മന്ത്രിയായി.

KERALA
നിധിതേടി കോട്ടയിൽ കുഴിയെടുത്തു; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ പിടിയിൽ
Also Read
user
Share This

Popular

KERALA
NATIONAL
കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം; പാലക്കാട് മദ്യ നിർമാണ കമ്പനിയിൽ അതൃപ്തിയുമായി സിപിഐ