കമലാ ഹാരിസിന് 45 ശതമാനം വോട്ട് ലഭിക്കുമ്പോൾ ഡൊണാൾഡ് ട്രംപിന് 41 ശതമാനം വോട്ട് മാത്രമാണ് ലഭിക്കുകയെന്നാണ് സർവേയുടെ പ്രവചനം
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ കമലാ ഹാരിസിന് മുന്നേറ്റം പ്രവചിച്ച് റോയിട്ടേഴ്സ്-ഇപ്സോസ് അഭിപ്രായ സർവേ. യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രീ-പോൾ സർവേയിൽ കമലാ ഹാരിസിന് 45 ശതമാനം വോട്ടും, ഡൊണാൾഡ് ട്രംപിന് 41 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുക.
സർവേയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ട്രംപിനെ അപേക്ഷിച്ച് നാല് പോയിൻ്റിൻ്റെ ലീഡ് കമലാ ഹാരിസിനുണ്ട്. ജൂലൈയിൽ നടത്തിയ പ്രീ-പോൾ സർവേയിൽ ഒരു പോയിൻ്റിൻ്റെ ലീഡാണ് കമലയ്ക്ക് പ്രവചിച്ചിരുന്നത്. ഇതാണ് നിലവിൽ നാലിലേക്ക് ഉയർന്നത്. സ്ത്രീകൾക്കിടയിലും അമേരിക്കയിലേക്കു കുടിയേറിയവർക്കിടയിലും കമലാ ഹാരിസിന് മുൻതൂക്കമുണ്ടന്നാണ് സർവേ പ്രവചിക്കുന്നത്. അബോർഷൻ നിയമത്തിലും കുടിയേറ്റ നിയമത്തിലുമെല്ലാം ഡെമോക്രാറ്റുകൾ സ്വീകരിക്കുന്ന മൃദു നിലപാടാണ് ഈ മുന്നേറ്റത്തിന് ആധാരം.
കമലാ ഹാരിസിന് നേരിയ മുൻതൂക്കം പ്രവചിച്ച് വാൾസ്ട്രീറ്റ് ജേണലിൻ്റെ സർവേയും പുറത്തുവന്നിരുന്നു. കമലാ ഹാരിസിന് 48 ശതമാനം വോട്ടും, ട്രംപിന് 47 ശതമാനം വോട്ടും ലഭിക്കുമെന്നാണ് വാൾസ്ട്രീറ്റ് ജേണലിൻ്റെ സർവേ പ്രവചനം. ചാഞ്ചാട്ട മേഖലകൾ എന്ന് അറിയപ്പെടുന്ന വിസ്കോൻസിൻ, പെൻസിൽവാനിയ, ജോർജിയ, അരിസോന, നോർത്ത് കരോലീന, മിഷിഗൻ, നവാഡ സ്റ്റേറ്റുകളിൽ ഇരു സ്ഥാനാർഥികൾക്കും ലഭിക്കുന്ന വോട്ടുകളാകും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമാവുക.
ALSO READ: വൃത്തികെട്ട, സ്ത്രീ വിരുദ്ധ വംശീയ നുണകൾ; ട്രംപിനെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ
എന്നാൽ, തെരഞ്ഞെടുപ്പ് സർവേകൾ വ്യാജമാണെന്നും, താൻ ബഹുദൂരം മുന്നിലാണെന്നുമാണ് ട്രംപിൻ്റെ വാദം. ചില സർവേകളിൽ കമലാ ഹാരിസ് 10 മുതൽ 15 പോയിൻ്റ് വരെ ലീഡ് നേടിയതോടെ, സ്ത്രീ വോട്ടർമാർക്കിടയിൽ ട്രംപിൻ്റെ പിന്തുണ നഷ്‌ടപ്പെടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സ്ത്രീ വോട്ടർമാർ കൂടുതലുള്ള ഒരു രാജ്യത്ത് ട്രംപ് എല്ലായ്പോഴും തുടരുന്ന ലൈംഗികാധിക്ഷേപങ്ങൾക്കും, പ്രകോപനപരമായ പരാമർശങ്ങൾക്കും വലിയ വില നൽകേണ്ടിവരുമെന്നാണ് സമീപകാല സർവേകൾ സൂചിപ്പിക്കുന്നത്.