കഴിഞ്ഞ ദിവസമാണ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്
കൊൽക്കത്തയിൽ അറസ്റ്റിലായ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കേസന്വേഷിച്ച എസ്എച്ച്ഒ അഭിജിത് മൊണ്ടലെയും സിബിഐ കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 17വരെയാണ് കസ്റ്റഡി കാലാവധി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് സിബിഐ അറിയിച്ചു.
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെയും താല പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും സിബിഐ കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഇരുവർക്കും കൊലപാതകത്തിൽ നിർണായക പങ്കുണ്ടെന്നും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും സിബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
READ MORE: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പാളും പൊലീസുകാരനും അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്. ഇരുവർക്കുമെതിരെ ബലാത്സംഗ കൊലപാതക കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കേസെടുത്തത്. അതേസമയം, കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് മൂന്നാഴ്ചത്തെ സമയപരിധി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 17 ന് സിബിഐ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.