വിലയിടിവിൽ തകർന്നു നിൽക്കുന്ന റബർ മേഖലയ്ക്കും കർഷകർക്കും സഹായകമാകുന്ന ഒരു പ്രഖ്യാപനവും കേന്ദ്രബജിൽ ഉണ്ടായില്ല
പ്രതിസന്ധിയിൽ ഉഴലുന്ന റബർ കർഷകരെ കേന്ദ്ര ബജറ്റിൽ പാടെ അവഗണിച്ചതായി ആക്ഷേപം. റബർ മേഖലയ്ക്ക് കൈത്താങ്ങാവുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ലെന്നും കർഷക കൂട്ടായ്മകളെ ചേർത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും റബർ കർഷകർ അറിയിച്ചു
വിലയിടിവിൽ തകർന്നു നിൽക്കുന്ന റബർ മേഖലയ്ക്കും കർഷകർക്കും സഹായകമാകുന്ന ഒരു പ്രഖ്യാപനവും കേന്ദ്രബജിൽ ഉണ്ടായില്ല. റബർ എന്ന വാക്കുപോലും ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നും റബർ കർഷകരെ പാടെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.
കേരളത്തിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ ഒന്നും റബ്ബർ ബോർഡിന്റെ ഭാഗത്തുനിന്നോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉൽപ്പാദനത്തിനായി വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും കർഷകർ ചൂണ്ടിക്കാട്ടി. നിലവിൽ 182 മുതൽ 184 രൂപ വരെ മാത്രമാണ് ആഭ്യന്തര വിപണിയിൽ റബർ വില. ഉൽപ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ നിരവധി കർഷകർ ഇതിനോടകം റബർ കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. വൻകിട ടയർ കമ്പനികളുടെ ചൂഷണവും സർക്കാരുകളുടെ അവഗണനയും തുടരുന്നതിനിടെ ബജറ്റ് പ്രതീക്ഷ കൂടി അവസാനിച്ചതോടെ കർഷക കൂട്ടായ്മകളെ ചേർത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു.